കുവൈത്തില്‍ വിവാഹപ്രായം 18 വയസ്സായി ഉയര്‍ത്തി; കുടുംബ സ്ഥിരത ഉറപ്പാക്കാനും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള നിയമ ഭേദഗതിയെന്ന് നീതിന്യായ മന്ത്രി

കുവൈത്തില്‍ വിവാഹപ്രായം 18 വയസ്സായി ഉയര്‍ത്തി

Update: 2025-02-17 08:19 GMT

കുവൈത്ത് സിറ്റി: രാജ്യത്തെ വിവാഹപ്രായം 18 വയസ്സാക്കി ഉയര്‍ത്തിയതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. യുവതി യുവാക്കള്‍ വിവാഹിതരാകാനുള്ള കുറഞ്ഞ പ്രായമാണ് 18 വയസ്സാക്കി ഉയര്‍ത്തിയത്. നേരത്തേ, കുറഞ്ഞ വിവാഹപ്രായം ആണ്‍കുട്ടികള്‍ക്ക് 17 വയസ്സും പെണ്‍കുട്ടികള്‍ക്ക് 15 വയസ്സുമായിരുന്നു. കുടുംബ സ്ഥിരത ഉറപ്പാക്കാനും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമാണ് പുതിയ നിയമ ഭേദഗതി ലക്ഷ്യമിടുന്നതെന്ന് നീതിന്യായ മന്ത്രി നാസര്‍ അല്‍ സുമൈത്ത് വ്യക്തമാക്കി.

പേഴ്സണല്‍ സ്റ്റാറ്റസ് ലോ നമ്പര്‍ 51/1984ലെ ആര്‍ട്ടിക്കിള്‍ 26, ജാഫാരി പേഴ്സണല്‍ സ്റ്റാറ്റസ് നിയമത്തിലെ 124/2019ലെ ആര്‍ട്ടിക്കിള്‍ 15-ാം നമ്പറുമാണ് ഭേദഗതി ചെയ്തത്. കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ചും, സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളോടൊത്തുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഈ ഭേദഗതി.

നീതിന്യായ മന്ത്രാലയം നല്‍കിയ കണക്കുകള്‍ പ്രകാരം 2024-ല്‍ 1,145 പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ 1,079 പെണ്‍കുട്ടികളും 66 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്തവരില്‍ വിവാഹമോചന നിരക്ക് മുതിര്‍ന്നവരെക്കാള്‍ ഇരട്ടിയാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സാമൂഹികവും മാനസികവും വൈകാരികവുമായ പക്വതയുടെ അഭാവം ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കുവൈത്ത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 9 കുടുംബത്തെ സമൂഹത്തിന്റെ അടിത്തറ എന്ന നിലയില്‍ കണക്കാക്കി മാതൃത്വവും ബാല്യവും സംരക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. ആര്‍ട്ടിക്കിള്‍ 10 അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവരെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. വിവാഹപ്രായം ഉയര്‍ത്തിയ നടപടി, കുടുംബ സംരക്ഷണത്തിന്റെയും വിവാഹമോചന നിരക്ക് കുറയ്ക്കുന്നതിന്റെയും ഭാഗമായി സ്വീകരിച്ച പ്രധാനപ്പെട്ട ഒരു നിയമപരിഷ്‌കരണമാണ്. കുട്ടികളെ നേരത്തെയുള്ള വിവാഹത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളോടുള്ള കുവൈത്തിന്റെ പ്രതിബദ്ധത ഈ നിയമത്തില്‍ പ്രതിഫലിക്കുന്നുവെന്ന് മന്ത്രി നാസര്‍ അല്‍ സുമൈത്ത് അഭിപ്രായപ്പെട്ടു.

Tags:    

Similar News