ഹാരിയും മേഗനും വഴിപിരിയുന്നുവോ? ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചു കുലുക്കുന്ന സംഭവം വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഉണ്ടാകുമെന്ന് പ്രവചനം
ഹാരിയും മേഗനും വഴിപിരിയുന്നുവോ?
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചു കുലുക്കുന്ന ഒരു സംഭവം ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ഉണ്ടാകുമെന്ന് പ്രവചനം. ഒരു മുതിര്‍ന്ന രാജകുടുംബാംഗത്തിന്റെ ആരോഗ്യവുമായി ബന്ധപെട്ട ഒരു പ്രശ്നമായിരിക്കും ഇതെന്നും പറയുന്നു. റോമന്‍ പാരമ്പര്യം അവകാശപ്പെടുന്ന, ബ്രസീലിയന്‍ സൈക്കിക് അതോസ് സലോമിന്റെതാണ് പ്രവചനം. ജീവിച്ചിരിക്കുന്ന നോസ്റ്റര്‍ഡാം എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ഹാരി ബ്രിട്ടനിലേക്ക് വരുമെന്നും, യൂജിന്‍ രാജകുമാരിയുടെ മദ്ധ്യസ്ഥതയില്‍ പിതാവ് ചാല്‍സ് രാജാവുമായി സന്ധിയുണ്ടാക്കുമെന്നും ഇയാള്‍ പ്രവചിക്കുന്നു.
എന്നാല്‍, വില്യമുമായി ഒരു ഒത്തുപോക്ക് ഉണ്ടാകില്ല. സഹോദരന്മാര്‍ തമ്മിലുള്ള ഭിന്നത ഇനിയും തുടരും. ഹാരിയുടെ മക്കളും വില്യമിന്റെ മക്കളും തമ്മില്‍ വലിയ അടുപ്പത്തിലാകുമെങ്കിലും അതിന് ഇനിയും ഏറെ വര്‍ഷങ്ങള്‍ എടുക്കുമെന്നും സലോം പറയുന്നു. ഹാരി തിരികെയെത്തുമെങ്കിലും, രാജകുടുംബത്തില്‍ മേഗന് പങ്കൊന്നും ഉണ്ടാകില്ലെന്നും സലോം പറയുന്നുണ്ട്. മാത്രമല്ല, 2026 ല്‍ ഹാരിയുടെയും മേഗന്റെയും പ്രവര്‍ത്തന മേഖലകള്‍ ഭിന്നിച്ചു പോകുമെന്നും ആധുനിക നോസ്റ്റര്‍ഡാമസ് പറയുന്നു. എന്നാല്‍, അത് അവര്‍ തമ്മിലുള്ള വ്യക്തിബന്ധത്തെ ബാധിക്കണമെന്നില്ല എന്നും സലോം വിശദീകരിക്കുന്നു.
ഒരു മുന്‍ ജീവനക്കാരന്റെയോ ജീവനക്കാരിയുടെയോ ചില വെളിപ്പെടുത്തലുകള്‍ മേഗന്റെ പ്രതിച്ഛായ അപ്പാടെ തകര്‍ക്കുമെന്നും അവര്‍ കുറച്ച് കാലത്തേക്കെങ്കിലും വെള്ളിവെളിച്ചത്തില്‍ നിന്നും അപ്രത്യക്ഷമാകുമെന്നും സലോം പ്രവചിച്ചിട്ടുണ്ട്. എന്നാല്‍, അധികം താമസിയാതെ തന്നെ അവര്‍ പുതിയ ആശയങ്ങളുമായി സാമൂഹ്യ സേവന രംഗത്ത് തിരിച്ചെത്തുമെന്നും അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.