ബ്രിട്ടനും അമേരിക്കയുടെ വഴിയേയോ? വിദേശ കുറ്റവാളികളുടെ വിശദാംശങ്ങള്‍ പ്രസിദ്ധപ്പെടുത്താനൊരുങ്ങി യു കെ സര്‍ക്കാര്‍
ലണ്ടന്‍: യു കെയിലുള്ള വിദേശ ക്രിമിനലുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. നാടുകടത്തല്‍ പ്രതീക്ഷിച്ചിരിക്കുന്ന കുറ്റവാളികളുടേതാകും ആദ്യം പുറത്തു വിടുക. ഇന്ന് ഇത് പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2024 അവസാനത്തില്‍ 19,244 വിദേശ ക്രിമിനലുകളെയായിരുന്നു നാടുകടത്താന്‍ ഉദ്ദേശിച്ചിരുന്നത്. കണ്‍സര്‍വേറ്റീവ് ഭരണം അവസാനിച്ച ജൂലായില്‍ ഇത് 14,640 ആയിരുന്നു. ലേബര്‍ അധികാരത്തിലേറിയതിനു ശേഷം നിരവധി ക്രിമിനലുകളെ നാടുകടത്തിയെങ്കിലും, ഇനിയും നാടുകടത്താനുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്.
ജയിലുകളില്‍ അമിതമായ തിരക്കായതോടെ പല കുറ്റവാളികളെയും ശിക്ഷാ കാലാവധി തീരുന്നതിന് മുന്‍പായി മോചിപ്പിച്ചത് അതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. അതോടൊപ്പം നാടുകടത്തുന്നതില്‍ ചില രാജ്യങ്ങളുമായുള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതും ഒരു കാരണമാണ്. ഇപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ വിദേശ കുറ്റവാളികളുടെ വിവരങ്ങള്‍ പുറത്തു വിടുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ് അവകാശപ്പെട്ടു.
സര്‍ക്കാരിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 2024 അവസാനത്തില്‍ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ജയിലുകളിലായി 10,355 വിദേശ കുറ്റവാളികളാണ് തടവിലുള്ളത്. മൊത്തം തടവുകാരുടെ 12 ശതമാനം വരും ഇത്. വിദേശകുറ്റവാളികളില്‍ 11 ശതമാനം പേര്‍ അല്‍ബേനിയന്‍ വംശജരാണ്. 8 ശതമാനം വരുന്ന പോളിഷ് വംശജരും 7 ശതമാനം വരുന്ന റൊമേനിയക്കാരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.