ഇറവാഡി നദിക്ക് കുറുകെയുള്ള വലിയ പാലം തകരുന്നതും മാന്‍ഡലെ സര്‍വകലാശാലയ്ക്കുണ്ടായ നാശനഷ്ടങ്ങളും പകര്‍ത്തി കാര്‍ട്ടോസാറ്റ് -3; മ്യാന്‍മാറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

മ്യാന്‍മാറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

Update: 2025-04-01 06:27 GMT

ന്യൂഡല്‍ഹി: മ്യാന്‍മാറിനെയും തായ്‌ലന്‍ഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ഇറവാഡി നദിക്ക് കുറുകെയുള്ള വലിയ പാലം തകര്‍ന്നതും മാന്‍ഡലെ സര്‍വകലാശാലയ്ക്കുണ്ടായ നാശനഷ്ടങ്ങളും ആനന്ദ പഗോഡയുടെ തകര്‍ച്ചയും ചിത്രങ്ങളില്‍ കാണാം.

ഭൂമിയിലെ ചെറിയ വസ്തുക്കളുടെ വരെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും നൂതനമായ എര്‍ത്ത് ഇമേജിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -3 ഉപയോഗിച്ചാണ് ഭൂമിയില്‍ നിന്ന് 500 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 50 സെന്റീമീറ്റര്‍ വരെ ചെറിയ വലിപ്പത്തിലുള്ള വസ്തുക്കളുടെ ചിത്രങ്ങള്‍ പോലും പകര്‍ത്താന്‍ ശേഷി കാര്‍ട്ടോസാറ്റ്-3നുണ്ട്.

വെള്ളിയാഴ്ച മ്യാന്‍മാറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും തുടര്‍ന്ന് 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനവും ഉണ്ടായി. മ്യാന്‍മാറിലെ മാന്‍ഡലെയ്ക്കടുത്തുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും ഭൂകമ്പത്തിന് പിന്നാലെ പന്ത്രണ്ടോളം തുടര്‍ചലനങ്ങളുണ്ടായതായും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെള്ളിയാഴ്ച 10 മണിക്കൂറിനിടയില്‍ ഏതാണ്ട് 15 ഭൂകമ്പങ്ങള്‍ റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ചയും മ്യാന്മാറില്‍ രണ്ട് ഭൂകമ്പങ്ങളുണ്ടായതായി യുഎസ്ജിഎസ് പറയുന്നു. 5.1,4.2 തീവ്രതകളിലുള്ള ഭൂകമ്പങ്ങളാണുണ്ടായത്.

Tags:    

Similar News