അവിഹിത ബന്ധം ആരോപിച്ച് ദമ്പതികളെ മരുഭൂമിയില്‍ കൊണ്ടുപോയി വെടിവച്ചുകൊന്ന സംഭവം; 14 പേര്‍ അറസ്റ്റില്‍: നടന്നത് ദുരഭിമാനക്കൊലയെന്ന് ആരോപണം
അവിഹിത ബന്ധം ആരോപിച്ച് ദമ്പതികളെ വെടിവച്ചുകൊന്ന സംഭവം; 14 പേര്‍ അറസ്റ്റില്‍
കറാച്ചി: പാക്കിസ്ഥാനില്‍ അവിഹിത ബന്ധം ആരോപിച്ച് ദമ്പതികളെ മരുഭൂമിയില്‍ കൊണ്ടുപോയി വെടിവച്ചുകൊന്ന സംഭവത്തില്‍ 14 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് ദമ്പതികളെ മരുഭൂമിയില്‍ കൊണ്ടുപോയി വെടിവച്ചുകൊലപ്പെടുത്തുക ആയിരുന്നു. നടന്നത് ദുരഭിമാനക്കൊലയാണെന്ന് രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ആരോപിച്ചു.
വാഹനത്തില്‍നിന്ന് പിടിച്ചിറക്കി ഇവരെ വെടിവയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. ഇല്‍സാനുള്ള, ബാനോ ബീബി എന്നിവരാണു കൊല്ലപ്പെട്ടതെന്നും മൂന്ന് ദിവസം മുന്‍പാണു സംഭവം നടന്നതെന്നും പൊലീസ് കണ്ടെത്തി.
അവിഹിതബന്ധം ആരോപിച്ച് ഗോത്രനേതാവ് വധശിക്ഷ വിധിക്കുകയായിരുന്നു എന്നാണു സൂചന. സംഭവം വിവാദമായതോടെ മതപണ്ഡിതരും പൊതുസമൂഹവും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞവര്‍ഷം പാക്കിസ്ഥാനില്‍ 405 ദുരഭിമാനക്കൊലകള്‍ നടന്നതായി മനുഷ്യാവകാശ കമ്മിഷന്‍ പറയുന്നു.