40,000 അടി മുകളിൽ ആറ് മണിക്കൂർ പറന്ന വിമാനം; ഇടയ്ക്ക് ക്യാബിൻ ക്രൂവിന്റെ ഒരു നിർദ്ദേശം; മൂക്കിൽ കൈവച്ച് യാത്രക്കാർ; തിരിച്ചിറങ്ങും വരെ ഗതികേട്; ഒടുവിൽ ഖേദ പ്രകടനം
ബാലിയിൽ നിന്ന് ബ്രിസ്ബേൻ നഗരത്തിലേക്ക് പറന്ന വർജിൻ ഓസ്‌ട്രേലിയയുടെ വിമാനത്തിൽ യാത്രക്കാർക്ക് ദുരിതയാത്ര. ആറ് മണിക്കൂർ നീണ്ട യാത്രയിൽ വിമാനത്തിലെ എല്ലാ ടോയ്‌ലറ്റുകളും പ്രവർത്തനരഹിതമായി. ഇതിനെ തുടർന്ന് വിമാനത്തിൽ മൂത്രനാറ്റം വ്യാപകമായെന്നും യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമാപണം നടത്തി.
കഴിഞ്ഞ വ്യാഴാഴ്ച ഡെൻപാസറിൽ നിന്ന് പുറപ്പെട്ട ബോയിംഗ് 737 മാക്സ് 8 വിമാനത്തിലാണ് ഈ സംഭവം നടന്നത്. ടേക്ക് ഓഫിന് മുമ്പ് തന്നെ പിൻഭാഗത്തെ ടോയ്‌ലറ്റുകൾ കേടായിരുന്നു. തൊഴിലാളികളുടെ ലഭ്യതക്കുറവ് കാരണം പ്രശ്നം പരിഹരിക്കാനാവാതെ വിമാനം നിശ്ചിത സമയത്ത് പറന്നുയരുകയായിരുന്നു. യാത്ര ആരംഭിച്ചതോടെ ശേഷിച്ച രണ്ട് ടോയ്‌ലറ്റുകളും പ്രവർത്തനരഹിതമായതോടെ സ്ഥിതി അതീവ ഗുരുതരമായി. ആറ് മണിക്കൂർ നീണ്ട യാത്രയിൽ യാത്രക്കാർക്ക് ഒരു ടോയ്‌ലറ്റും ഉപയോഗിക്കാനായില്ല.
ചില യാത്രക്കാർ കേടായ ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ, മറ്റുചിലർ കുപ്പികളിൽ മൂത്രമൊഴിക്കാൻ നിർബന്ധിതരായതായി ഒരു യാത്രക്കാരൻ ദി ഓസ്‌ട്രേലിയൻ പത്രത്തോട് വെളിപ്പെടുത്തി. ഒരു വൃദ്ധയായ യാത്രക്കാരി വിമാനത്തിൽ തന്നെ 'കാര്യം' സാധിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ വിമാനത്തിൽ ദുർഗന്ധം നിറഞ്ഞു. ടോയ്‌ലറ്റ് ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ കേടായ ടോയ്‌ലറ്റുകളോ കുപ്പികളോ ഉപയോഗിക്കാൻ ജീവനക്കാർ നിർബന്ധിച്ചതായും യാത്രക്കാർ പരാതിപ്പെട്ടു.
വിമാനക്കമ്പനി യാത്രക്കാർക്ക് ഫ്ലൈറ്റ് ക്രെഡിറ്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. നേരിട്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നതായും വിമാനക്കമ്പനി അറിയിച്ചു. ഈ സംഭവം വിമാനയാത്രയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് വ്യക്തമാക്കുന്നത്.