'ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പ് ഡ്രെസ്സിന്റെ ബട്ടണുകള്‍ ഇടണം..'; മുൻ പ്ലേബോയ് മോഡലിന്റെ പോസ്റ്റ് കണ്ട അമേരിക്കന്‍ എയര്‍ലൈന്‍സിന് ആവലാതി; ഒടുവിൽ ഖേദ പ്രകടനം
വസ്ത്രത്തിന്റെ പേരില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ജീവനക്കാര്‍ മോശമായി പെരുമാറി എന്ന് ആരോപിച്ച് മുന്‍ പ്ലേബോയ് മോഡല്‍ സാറാ ബ്ലേക്ക് ചീക്ക് രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷത്തിലധികം ഫോളോവര്‍മാരുള്ള സാറ ബ്ലേക്ക് എക്‌സിലാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.
സെപ്റ്റംബര്‍ ഒന്നിനാണ് സംഭവം നടന്നത്. അറ്റ്‌ലാന്റയിലേക്കുള്ള യാത്രയിലായിരുന്നു ബ്ലേക്ക്. വിമാനം റദ്ദാക്കപ്പെടുകയും രണ്ട് തവണം സമയം മാറുകയും വൈകുകയും ചെയ്തതിന്റെ അസ്വസ്ഥതയിലായിരുന്നു അവര്‍. ഒരു കറുത്ത ക്രോപ്പ് ടോപ്പിന് മേല്‍ മഞ്ഞ നിറത്തിലുള്ള ഫ്‌ളാനല്‍ ഷര്‍ട്ടും ലെഗ്ഗിന്‍സും സോക്‌സും സ്‌നീക്കേഴ്‌സുമായിരുന്നു ബ്ലേക്കിന്റെ വേഷം. ബട്ടണ്‍സ് ഇടാതെയാണ് ഷര്‍ട്ട് ധരിച്ചത്.
ബോര്‍ഡിങിന് തയ്യാറെടുക്കുന്നതിനിടെ വിമാന ജീവനക്കാരി ബ്ലേക്കിനോട് ബട്ടണ്‍സ് ഇടാന്‍ ആവശ്യപ്പെട്ടു. വിമാനത്തിലെ ഡ്രസ് കോഡ് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം നല്‍കിയത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സ്ഥിരം യാത്രക്കാര്‍ക്ക് നല്‍കുന്ന പ്ലാറ്റിനം അംഗത്വമുള്ളയാളാണ് ബ്ലേക്ക്. സമാനമായ വസ്ത്രം ധരിച്ച മറ്റുള്ളവരോട് ജീവനക്കാര്‍ ഇക്കാര്യം പറഞ്ഞില്ലെന്ന് ബ്ലേക്ക് പറയുന്നു.
'വിമാനത്തില്‍ കയറുന്നതിന് മുമ്പ് ബട്ടണുകള്‍ ഇടണമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സിലെ ഫ്‌ളൈറ്റ് അറ്റന്റന്റ് എന്നോട് പറഞ്ഞു. വലിയ മാറിടമുള്ള നിങ്ങള്‍ക്ക് അത്‌ലറ്റിക് വെയര്‍ ധരിക്കാനാവില്ലെന്ന് പറയുന്ന ഒരു ഡ്രെസ് കോഡ് അമേരിക്കന്‍ എയര്‍ലൈന്‍സിന് ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അവര്‍ പറഞ്ഞു.
വളരെ പെട്ടെന്ന് തന്നെ ബ്ലേക്ക് ചീക്കിന്റെ പോസ്റ്റിന് അമേരിക്കന്‍ എയര്‍ലൈന്‍സ് മറുപടി നല്‍കി. സൗഹാര്‍ദപരമായി ഇടപെടലുണ്ടാകാതിരുന്നതില്‍ ക്ഷമാപണം നടത്തിയ കമ്പനി തങ്ങളുടെ പ്രതിനിധി ബ്ലേക്കിനോട് സംസാരിക്കാന്‍ തയ്യാറാണെന്നും അറിയിച്ചു. ഉപഭോക്താക്കളേയും തങ്ങളുടെ ജീവനക്കാരെയും ബഹുമാനിക്കുന്ന സംസ്‌കാരമാണ് തങ്ങളുടേതെന്നും കമ്പനി പറഞ്ഞു.