തെരുവിൽ മാസ്ക് ധരിച്ച് കൈയ്യിൽ സിറിഞ്ചുമായി ഒരാൾ; പോകുന്നവരെയെല്ലാം ശല്യം ചെയ്ത് അതിരുവിട്ട പ്രവർത്തി; 'പ്രാങ്ക്' നടത്തിയ ഫ്രഞ്ച് ഇന്‍ഫ്ലുവന്‍സർക്ക് പണി കൊടുത്ത് കോടതി
പൊതുസ്ഥലങ്ങളിൽ അപരിചിതരെ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്നതായി അഭിനയിച്ച് സാമൂഹിക മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ച ഫ്രഞ്ച് വിഡിയോ ഇൻഫ്ലുവൻസർക്ക് ഒരു വർഷം തടവ്. ഇതിൽ ആറുമാസം ജയിൽ വാസം അനുഭവിക്കണം. യഥാർത്ഥ പേര് ഇലാൻ എം. എന്നായ അമീൻ മൊജിറ്റോയെയാണ് ഫ്രഞ്ച് കോടതി ശിക്ഷിച്ചത്.
പ്രകോപനപരവും ഞെട്ടിക്കുന്നതുമായ പ്രാങ്ക് വിഡിയോകളിലൂടെയാണ് മൊജിറ്റോ ഓൺലൈനിൽ ശ്രദ്ധേയനായത്. ഏറ്റവും വിവാദമായ വിഡിയോയിൽ, കാൽനടയാത്രക്കാരെ സമീപിച്ച് സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുന്നതായി അദ്ദേഹം അഭിനയിച്ചിരുന്നു. സിറിഞ്ചുകൾ ഒഴിഞ്ഞതായിരുന്നെങ്കിലും, ഈ പ്രവൃത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഈ വിഡിയോകൾ വ്യാപക പ്രതിഷേധത്തിനിടയാക്കി.
മൊജിറ്റോയുടെ പ്രവൃത്തി തമാശയല്ലെന്നും, ഇത് പൊതുജനങ്ങളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും അപകടത്തിലാക്കുകയും ചെയ്യുന്നതിന് തുല്യമാണെന്നും കോടതി വിലയിരുത്തി. പ്രോസിക്യൂട്ടർമാർ ഇത് ദുരുദ്ദേശപരവും അശ്രദ്ധവുമായ പെരുമാറ്റമായി വിശേഷിപ്പിച്ചു. ഇരകൾക്ക് ഇത് മാനസികാഘാതം ഉണ്ടാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി. വിചാരണയ്ക്കിടെ, ദോഷകരമായ വസ്തുക്കൾ കുത്തിവെക്കപ്പെടുമോ എന്ന് ഭയന്നതായും മാനസികമായി തളർന്നുപോയെന്നും നിരവധി ഇരകൾ മൊഴി നൽകിയിരുന്നു.
മൊജിറ്റോക്ക് 12 മാസത്തെ തടവാണ് കോടതി വിധിച്ചത്. ഇതിൽ ആറുമാസം ജയിലിൽ കഴിയണം, ബാക്കി ആറുമാസം താൽക്കാലികമായി സസ്പെൻഡ് ചെയ്തിരിക്കുകയാണ്. വിഡിയോകൾ നീക്കം ചെയ്യാനും ഭാവിയിൽ സമാനമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനും കോടതി ഉത്തരവിട്ടു.