'ഓടിവന്ന് കെട്ടിപ്പിടിച്ച് ബലമായി ചുംബിക്കാന്‍ ശ്രമം; പ്രസിഡന്റിന് പോലും രക്ഷയില്ലെങ്കില്‍...'; പൊതുനിരത്തില്‍ മദ്യപാനിയില്‍ നിന്നും ദുരനുഭവം; മെക്സിക്കന്‍ പ്രസിഡന്റിനെ അപമാനിച്ച പ്രതി അറസ്റ്റില്‍

Update: 2025-11-06 14:54 GMT

മെക്സിക്കോ സിറ്റി: ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമിനെ കെട്ടിപ്പിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍. മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായ ഷെയ്ന്‍ബോം പൊതുപരിപാടിയിലേക്ക് നടന്നുപോകുമ്പോഴാണ് അതിക്രമം. ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെ മദ്യപിച്ചെത്തിയ ഒരാള്‍ പിന്നിലൂടെ വന്ന് അവരുടെ തോളില്‍ കൈയിടുകയും മറ്റേ കൈകൊണ്ട് നെഞ്ചിലും അരക്കെട്ടിലും സ്പര്‍ശിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് സംഭവം.

ഷെയ്ന്‍ബോമിന്റെ സുരക്ഷാ സംഘം ഉടന്‍തന്നെ ഇയാളെ അവിടെനിന്ന് മാറ്റി. എന്നാല്‍, ഷെയ്ന്‍ബോം അയാളോട് സൗഹാര്‍ദ്ദപരമായി പെരുമാറുകയും കൂടെനിന്ന് ചിത്രമെടുക്കാന്‍ സമ്മതിക്കുകയും പുറത്തു തട്ടുകയും ചെയ്തു. ഇയാള്‍ ഷെയ്ന്‍ബോമിന്റെ അടുത്തുനിന്ന് പോയതിന് ശേഷം മറ്റു സ്ത്രീകളോടും സമാനമായി പെരുമാറി. ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കിയത്.

'ഒരു പുരുഷനും ആ ഇടം ലംഘിക്കാന്‍ അവകാശമില്ല. ഞാന്‍ പരാതി നല്‍കിയില്ലെങ്കില്‍, മറ്റ് മെക്‌സിക്കന്‍ സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കും? പ്രസിഡന്റിനോട് അവര്‍ ഇത് ചെയ്യുമെങ്കില്‍, നമ്മുടെ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും എന്ത് സംഭവിക്കും?' ഷെയ്ന്‍ബോം പറഞ്ഞതായി ഡിഡബ്ല്യു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

'ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ അനുഭവിച്ചതും, നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്നതുമായ ഒന്നായതു കൊണ്ടാണ് കേസ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്. പ്രസിഡന്റ് അല്ലാതിരുന്നപ്പോഴും ഒരു വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും എനിക്ക് ഇതുപോലെയുള്ള അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.' അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്. പൊതുരംഗത്തെ സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ഉയരുകയും ചെയ്യുന്നുണ്ട്. ഒരു പ്രസിഡന്റിന് രക്ഷയില്ലെങ്കില്‍ എങ്ങനെ സാധാരണ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദിക്കുന്നത്. മദ്യപന്റെ കൈ തട്ടിമാറ്റിയെങ്കിലും സംഭവസ്ഥലത്തുവച്ച് ഭയചകിതയാകാതെ സമചിത്തതയോടെയാണ് ക്ലൗഡിയ പെരുമാറിയതെന്ന് വിഡിയോയില്‍ കാണാം.

ഇതേ ആള്‍ മറ്റ് സ്ത്രീകളോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് അന്വേഷണത്തില്‍ മനസിലായെന്നും അതിനാലാണ് കേസെടുക്കാന്‍ തീരുമാനിച്ചതെന്നും ക്ലൗഡിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രസിഡന്റ് ജനങ്ങളോട് അടുത്ത് പെരുമാറുന്നത് അവരുടെ സ്വകാര്യതയിലേക്ക് ഇടിച്ചുകയറാനോ അവരോട് മോശമായി പെരുമാറാനോ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കാനോ ഉള്ള സ്വാതന്ത്ര്യമല്ലെന്ന് മെക്സികോയിലെ സെക്രട്ടേറിയറ്റ് ഫോര്‍ വിമെന്‍ വിമര്‍ശിച്ചു. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം മെക്സികോയിലെ 15 വയസിന് മുകളിലുള്ള 70 ശതമാനം സ്ത്രീകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലും വിധത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടിട്ടുണ്ട്. പ്രസിഡന്റിന് നേരിടേണ്ടി വന്ന ഈ ദുരനുഭവം മെക്സികോയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കുകയാണ്.

Similar News