'മദ്യലഹരിയിൽ ചെയ്ത് പോയത്..അപ്പൊ എല്ലാവർക്കും ഹാപ്പി ക്രിസ്മസ്..'; അടിച്ചുമാറ്റിയ ഗിറ്റാർ അതെ കടയിൽ തന്നെ തിരികെ വച്ച് സത്യസന്ധനായ കള്ളൻ; കൂടെ ഒരു കുറിപ്പും

Update: 2026-01-03 05:04 GMT

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ഒരു വിന്റേജ് ഗിറ്റാർ കടയിൽ നിന്ന് മോഷ്ടിക്കപ്പെട്ട ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ട് മാൻഡോലിനുകൾ, ദിവസങ്ങൾക്ക് ശേഷം തിരിച്ചെത്തിച്ച് കള്ളൻ ക്ഷമാപണം നടത്തി. താൻ മദ്യലഹരിയിലായിരുന്നെന്നും, കടയുടമ നല്ല മനുഷ്യനാണെന്നും രേഖപ്പെടുത്തിയ കുറിപ്പോടെയാണ് മോഷ്ടാവ് ഉപകരണങ്ങൾ തിരികെ എത്തിച്ചത്. ഈ വിചിത്രമായ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടിക്കഴിഞ്ഞു.

ലാർക്ക് സ്ട്രീറ്റ് മ്യൂസിക് എന്ന കടയിൽ ഈ മാസം ആദ്യമാണ് മോഷണം നടന്നത്. മൂന്ന് ലക്ഷം രൂപയിലധികം വിലവരുന്ന മാൻഡോലിനുകളാണ് അന്ന് നഷ്ടപ്പെട്ടത്. മോഷണത്തിന് ദിവസങ്ങൾക്ക് ശേഷം, കടയുടെ മുൻവാതിലിനടുത്ത് രണ്ട് ഷോപ്പിംഗ് ബാഗുകളിലായി മാൻഡോലിനുകൾ മോഷ്ടാവ് നിശബ്ദമായി വെക്കുകയായിരുന്നു. "ക്ഷമിക്കണം, ഞാൻ മദ്യപിച്ചു, ക്രിസ്തുമസ് ആശംസകൾ. നിങ്ങൾ നല്ല മനുഷ്യനാണ്," എന്ന് കൈയക്ഷരത്തിൽ എഴുതിയ കുറിപ്പും ഈ ബാഗുകൾക്കൊപ്പമുണ്ടായിരുന്നു. വലുതും ചെറുതുമായ ഇംഗ്ലീഷ് അക്ഷരങ്ങൾ ഇടകലർത്തിയായിരുന്നു കുറിപ്പ്.

മോഷണവസ്തുക്കൾ തിരിച്ചെത്തിയതിൽ കടയുടമയായ ബസ്സി ലെവിൻ അമ്പരപ്പ് പ്രകടിപ്പിച്ചു. ഇതൊരു വിചിത്രമായ സിനിമയിലേത് പോലെ തോന്നുന്നുവെന്ന് അദ്ദേഹം എബിസി ന്യൂസിനോട് പറഞ്ഞു. 1981 മുതൽ സംഗീതോപകരണങ്ങളുടെ കച്ചവടം നടത്തുന്ന ലെവിൻ, ഇങ്ങനെയൊരു അനുഭവം ആദ്യമായാണെന്നും കൂട്ടിച്ചേർത്തു.

മോഷണം നടന്നയുടൻ, സിസിടിവി ദൃശ്യങ്ങൾ സഹിതം ലെവിൻ തന്റെ ഫേസ്ബുക്ക് പേജിൽ വിവരങ്ങൾ പങ്കുവെച്ചിരുന്നു. ഈ കുറിപ്പ് വൈറലായതിന് പിന്നാലെയാണ് മോഷണമുതൽ തിരികെയെത്തിയത്. മോഷണം നടത്തിയത് താനാണെന്ന് തിരിച്ചറിഞ്ഞ കള്ളൻ, മറുപടികളും സമ്മർദ്ദവും തന്റെ മുന്നിലെ വാതിലുകൾ അടയ്ക്കുകയാണെന്ന് മനസ്സിലാക്കിയതായി ലാർക്ക് സ്ട്രീറ്റ് മ്യൂസിക് അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ പിന്നീട് കുറിച്ചു. മാൻഡോലിനുകൾ തിരികെ വെച്ച ശേഷം ഓടിപ്പോകുന്ന കള്ളനെ താൻ പിന്തുടർന്നതായും, എന്നാൽ പിടികൂടാനായില്ലെന്നും ലെവിൻ പറഞ്ഞു.

Tags:    

Similar News