മേരിലാന്‍ഡില്‍ കാണാതായ ഇന്ത്യക്കാരിയുടെ മൃതദേഹം മുന്‍കാമുകന്റെ അപ്പാര്‍ട്ട്‌മെന്റില്‍; നികിതയെ കണ്ടെത്തിയത് കുത്തേറ്റ് മരിച്ച നിലയില്‍: യുവാവ് ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

ഇന്ത്യക്കാരിയുടെ മൃതദേഹം മുന്‍കാമുകന്റെ അപ്പാര്‍ട്ട്‌മെന്റില്‍

Update: 2026-01-05 01:03 GMT

മേരിലാന്‍ഡ്: അമേരിക്കയിലെ മേരിലാന്‍ഡില്‍ കാണാതായ ഇന്ത്യക്കാരിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പുതുവത്സര രാത്രിയില്‍ കാണാതായ നികിത ഗോഡിശാലയെയാണു (27) മുന്‍ കാമുകന്റെ അപ്പാര്‍ട്ട്‌മെന്റില്‍ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മുന്‍ കാമുകനായ അര്‍ജുന്‍ ശര്‍മ്മയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹോവാര്‍ഡ് കൗണ്ടിയിലെ എല്ലിക്കോട്ട് സിറ്റി സ്വദേശിനിയായിരുന്നു കൊല്ലപ്പെട്ട നികിത.

യുവതിയെ കാണാനില്ലെന്ന് വ്യക്തമാക്കി അര്‍ജുന്‍ ശര്‍മ്മ തന്നെയാണ് ജനുവരി രണ്ടിന് പോലീസില്‍ പരാതി നല്‍കിയത്. ഡിസംബര്‍ 31 ന് തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജനുവരി 3ന് യുവാവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നികിതയെ കാണാനില്ലെന്ന് പരാതി നല്‍കിയ അതേദിവസം തന്നെ യുവാവ് ഇന്ത്യയിലേക്ക് പോയതായി പൊലീസ് പറഞ്ഞു.

നികിതയുടെ മുന്‍ കാമുകനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായുള്ള ശ്രമം തുടരുകയാണു പൊലീസ്. അതേസമയം നികിതയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

Tags:    

Similar News