ഇന്ത്യ-പാക് സംഘര്‍ഷം: ഇരുകൂട്ടരും പരമാവധി സംയമനം പാലിക്കണമെന്നും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഖത്തര്‍

ഇന്ത്യ-പാക് സംഘർഷം: ആശങ്ക അറിയിച്ച് ഖത്തർ

Update: 2025-05-07 12:07 GMT

ദോഹ: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷത്തില്‍ ആശങ്ക അറിയിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഇരുകൂട്ടരും പരമാവധി സംയമനം പാലിക്കണമെന്നും സമാധാനപരമായ ചര്‍ച്ചയിലൂടെ പ്രശ്‌നം ലഘൂകരിക്കണമെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

സംഭാഷണങ്ങളിലും നയതന്ത്ര മാര്‍ഗങ്ങളിലുടെയും പ്രതിസന്ധി പരിഹരിക്കണം. ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ തുറന്നിടേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. പ്രശ്‌നങ്ങള്‍ ലഘൂകരിച്ചില്ലെങ്കില്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനത്തെയും സുരക്ഷയെയും ഇത് ബാധിക്കുമെന്നും ഖത്തര്‍ ആശങ്ക പ്രകടിപ്പിച്ചു. മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര ശ്രമങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്നും ഖത്തര്‍ പ്രസ്താവനയില്‍ പറയുന്നു.

അതിനിടെ, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി ഫോണില്‍ സംസാരിച്ചു. പ്രശ്‌നങ്ങള്‍ സമാധാന പരമായി പരിഹരിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

Tags:    

Similar News