പാക്കിസ്ഥാനില്‍ ഇന്‍ഫ്‌ലുവെന്‍സര്‍ മരിച്ച നിലയില്‍; നിര്‍ബന്ധിത വിവാഹത്തിന് വിസമ്മതിച്ചപ്പോള്‍ വിഷം കൊടുത്തെന്ന് ആരോപണം
പാക്കിസ്ഥാനില്‍ ഇന്‍ഫ്‌ലുവെന്‍സര്‍ മരിച്ച നിലയില്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററായ സുമീറ രജ്പുത്തിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിന്ധ് പ്രവിശ്യയിലെ വീട്ടിലാണ് സുമീറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിര്‍ബന്ധിത വിവാഹത്തിന് സമ്മര്‍ദ്ദം ചെലുത്തിയവര്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് സുമീറയുടെ മകളുടെ ആരോപണം.
പ്രതികള്‍ സുമീറയ്ക്ക് വിഷ ഗുളിക നല്‍കിയെന്നും അതാണ് അവളുടെ മരണത്തിലേയ്ക്ക് നയിച്ചതെന്നും 15 കാരിയായ മകള്‍ പറഞ്ഞതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സിന്ധിലെ ഘോട്കി ജില്ലയില്‍ നടന്ന സംഭവം ലിംഗവിവേചനത്തിന്റെ ഭാഗമായി നടക്കുന്ന കൊലപാതകങ്ങളെയും നിര്‍ബന്ധിത വിവാഹങ്ങളെയും സംബന്ധിച്ച് ആശങ്ക ഉണര്‍ത്തുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. സുമീറയുടെ മകളുടെ ആരോപണം ഘോട്കി ജില്ലാ പോലീസ് ഓഫീസര്‍ അന്‍വര്‍ ഷെയ്ഖ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അറസ്റ്റിലായവര്‍ക്ക് കുറ്റകൃത്യത്തില്‍ എന്തെങ്കിലും പങ്കുണ്ടെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്.