പോപ്പിനെ കണ്ട് ചാള്‍സ് രാജാവ് സത്യപ്രതിജ്ഞ ലംഘിച്ചു; ആരോപണവുമായി ഗ്രാന്‍ഡ് മാസ്റ്റേഴ്സ്
പോപ്പിനെ കണ്ട് ചാള്‍സ് രാജാവ് സത്യപ്രതിജ്ഞ ലംഘിച്ചു
റോം: കഴിഞ്ഞ മാസം റോമില്‍ മാര്‍പ്പാപ്പയ്ക്കൊപ്പം ചാള്‍സ് രാജാവ് പ്രാര്‍ത്ഥന നടത്തിയത് വിവാദമാവുകയാണ്. ആ പ്രാര്‍ത്ഥന നടന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഓറഞ്ച് ഓര്‍ഡര്‍ നേതാക്കള്‍ രാജാവിന് കത്തെഴുതിയിരിക്കുകയാണ്. മാര്‍പ്പാപ്പയ്ക്കൊപ്പം പ്രാര്‍ത്ഥന നടത്തുക വഴി കിരീടധാരണ സമയത്ത് നടത്തിയ പ്രാര്‍ത്ഥനയും ദൈവത്തിന് മുന്നില്‍ വെച്ഛ് നല്‍കിയ വാഗ്ദാനങ്ങളും ലംഘിച്ചു എന്നാണ് ഗ്രാന്‍ഡ് മാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ദി ഓറഞ്ച് സ്റ്റാന്‍ഡേര്‍ഡിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഓര്‍ഡറിലെ മൂന്ന് മുതിര്‍ന്ന നേതാക്കളാണ് ഈ കത്ത് അയച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അയര്‍ലന്‍ഡില്‍ നിന്നുള്ള എഡ്വേര്‍ഡ് സ്റ്റീവെന്‍സണ്‍, ഇംഗ്ലണ്ടില്‍ നിന്നുള്ള ടിം ലോര്‍ഡ്, സ്‌കോട്ട്‌ലാന്‍ഡിന്റെ ആന്‍ഡ്രൂ മുറേ എന്നിവരാണ് കത്ത് അയച്ചിരിക്കുന്നത്. മാര്‍പ്പാപ്പയ്ക്ക് ഒപ്പം പ്രാര്‍ത്ഥിക്കാനുള്ള രാജാവിന്റെ തീരുമാനം ഓര്‍ഡറിന്റെ നിരവധി കുടുംബങ്ങളെ നിരാശയിലാഴ്ത്തി എന്നും കത്തില്‍ പറയുന്നു.
1534 ല്‍ കത്തോലിക്ക സഭയില്‍ നിന്നും ഹെന്റി എട്ടാമന്‍ കത്തോലിക്ക സഭയില്‍ നിന്നും വിട്ടുപോകാന്‍ തീരുമാനിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ബ്രിട്ടീഷ് രാജ്യത്തലവനും മാര്‍പ്പാപ്പയും ഒരുമിച്ച് ഒരു പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇതിനു മുന്‍പുണ്ടായിരുന്ന മൂന്ന് മാര്‍പ്പാപ്പമാരുമായും ചാള്‍സ് രാജാവ് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരു സംയുക്ത പ്രാര്‍ത്ഥന നടത്തിയിട്ടില്ല. നിയമപ്രകാരം രൂപപ്പെടുത്തിയ പരിഷ്‌കരിച്ച പ്രൊട്ടസ്റ്റന്റ് മതം സംരക്ഷിക്കുമെന്ന് കിരീട ധാരണ സമയത്ത് രാജാവ് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇത് ലംഘിച്ച് മറ്റ് മതങ്ങളുമായി സജീവ പങ്കാളിത്തത്തിന് രാജാവ് ശ്രമിക്കുകയാണ് എന്നാണ് ഓറഞ്ച് സ്റ്റാന്‍ഡേര്‍ഡ് കുറ്റപ്പെടുത്തുന്നത്.