ബ്രിട്ടന്‍ നിരോധിച്ച ചൈനീസ് ചാരനെ വിരുന്നിന് വിളിച്ച് പുലിവാല് പിടിച്ച് ചാള്‍സ് രാജാവിന്റെ ഇളയ സഹോദരന്‍; ആന്‍ഡ്രൂ രാജകുമാരന്‍ വീണ്ടും വിവാദത്തില്‍
ആന്‍ഡ്രൂ രാജകുമാരന്‍ വീണ്ടും വിവാദത്തില്‍
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിന് ഏറെ തലവേദന സൃഷ്ടിച്ച ഒരു വ്യക്തിയാണ് ആന്‍ഡ്രൂ രാജകുമാരന്‍. നേരത്തെ കുട്ടി പീഢകനായ ജെഫ്രി എപ്സ്റ്റീന്റെ കേസുകളുമായുള്ള ബന്ധത്തിന്റെ പുറത്ത് രാജകുടുംബാംഗം എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ആന്‍ഡ്രു ഇപ്പോള്‍ ഒരു പുതിയ വിവാദത്തിന് നടുവിലായിരിക്കുകയാണ്. ചൈനീസ് ചാരന്‍ എന്ന് ആരോപിച്ച് എം 15 ബ്രിട്ടനില്‍ നിരോധിച്ച വ്യക്തിയുമായി ആന്‍ഡ്രു പുലര്‍ത്തുന്ന ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
രാജകുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഈ വിദൂര പൂര്‍വ്വദേശക്കാരന്‍ പുലര്‍ത്തുന്നത്. ആന്‍ഡ്രൂ രാജകുമാരന്റെ ജന്മദിനാഘോഷങ്ങളിലും ഇയാള്‍ പങ്കെടുത്തിരുന്നു. വിരുന്നിനിടയില്‍ ആന്‍ഡ്രുവിന്റെ ഒരു ഉപദേഷ്ടാവ്, പലരും ഇരിക്കാന്‍ കൊതിക്കുന്ന ഒരു മരത്തിന്റെ ഉയരത്തിലുള്ള ചില്ലയിലാണ് താങ്കള്‍ ഇരിക്കുന്നതെന്ന് അയാളെ പുകഴ്ത്തുകയും ചെയ്തുവത്രെ. ആന്‍ഡ്രുവിന്റെ പേരില്‍ ചൈനയില്‍ നിന്നും നിക്ഷേപങ്ങള്‍ സമാഹരിക്കാനുള്ള അംഗീകാരം ലഭിക്കുന്നത്ര അടുപ്പമായിരുന്നത്രെ ആന്‍ഡ്രുവിന് ഈ ചൈനീസ് ചാരനോട്.
നേരത്തേ ബ്രിട്ടീഷ് വാണിജ്യ സംഘത്തില്‍ അംഗമായ ആന്‍ഡ്രൂ നിരവധി ബിസിനസ്സുകാരുടെ തോഴനാണ്. എന്നാല്‍, ഈ ചൈനാക്കാരന്‍, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെന്നും, രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്ന യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന വ്യക്തിയുമാണെന്നാണ് എം 15 പറയുന്നത്. അടഞ്ഞമുറിയില്‍ അതീവ രഹസ്യമായി നടന്ന നിയമനടപടികള്‍ക്കൊടുവില്‍ ഈ ചൈനീസ് വംശജനെ ഒരു ചൈനീസ് ചാരനായി പ്രഖ്യാപിച്ചിരിക്കുകയാണ്.
തുടര്‍ന്ന് ഇയാള്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇമിഗ്രേഷന്‍ കോടതിയും ഈ തീരുമാനത്തെ അംഗീകരിച്ചിരുന്നു. സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍ അപ്പീല്‍സ് കമ്മീഷനെയും ഇയാള്‍ സമീപിച്ചിരുന്നെങ്കിലും, ഇയാളുടെ അപ്പീല്‍ അവര്‍ തള്ളിക്കളയുകയായിരുന്നു. ഇപ്പോള്‍ പ്രസിദ്ധപ്പെടുത്തിയ വിചാരണ വിശദാംശങ്ങളിലാണ് ഇയാള്‍ക്ക് ആന്‍ഡ്രുവുമായുള്ള ബന്ധം വെളിപ്പെടുന്നത്. ഇയാളുടെ ഫോണില്‍ ഇത് സംബന്ധിച്ച തെളിവുകള്‍ ഉള്ളതായി ജഡ്ജിമാര്‍ പറഞ്ഞു.