വീണ്ടും മഴക്കെടുതിയിൽ മുങ്ങി ഇറ്റലി; പല പ്രദേശങ്ങളിലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; നദികൾ കരകവിഞ്ഞൊഴുകുന്നു; ഫ്ലോറൻസിൽ റെഡ് അലർട്ട്; ആളുകളെ മാറ്റിപ്പാർപ്പിച്ചു; അതീവ ജാഗ്രത

Update: 2025-03-15 09:26 GMT

റോം: കുറച്ച് നാളെത്തെ ഇടവേളയ്ക്ക് ശേഷം ഇറ്റലിയിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം. വടക്കൻ ഇറ്റലിയിൽ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും എന്നാണ് റിപ്പോർട്ടുകൾ. ഫ്ലോറൻസിലും പിസയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചു. ടസ്കനിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഫ്ലോറൻസ് കത്തീഡ്രൽ അടച്ചു.

ഫ്ളോറൻസിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തതോടെ നദികൾ കര കവിഞ്ഞൊഴുകുകയും തെരുവുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തു. ജാഗ്രത പുലർത്താൻ ടസ്കനി പ്രസിഡന്‍റ് യൂജെനിയോ ഗിയാനി ഇന്നലെ ജനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ഫ്ലോറൻസിന് വടക്കുള്ള സെസ്റ്റോ ഫിയോറെന്‍റിനോ പട്ടണത്തിൽ വെള്ളത്തിൽ മുങ്ങിയ കാറുകളുടെ ചിത്രങ്ങൾ പുറത്തുവന്നു. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവരങ്ങൾ ഉണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ രക്ഷാപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ഇപ്പോൾ അതീവ ജാഗ്രതയിലാണ്.

ഫ്ലോറൻസിൽ വെള്ളിയാഴ്ച രാവിലെ ഒരു മാസത്തെ മഴ പെയ്തെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ ആറ് മണിക്കൂറിനുള്ളിൽ മാത്രം ഫ്ലോറൻസിൽ 53 മി.മീ മഴ പെയ്തു. ബൊളോണയിൽ മണ്ണിടിച്ചിലുണ്ടായി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Tags:    

Similar News