തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയമവിരുദ്ധമായ പണം ഉപയോഗിച്ച കേസില്‍ കുറ്റക്കാരന്‍; മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയെ ജയിലിലടച്ചു

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയമവിരുദ്ധമായ പണം ഉപയോഗിച്ച കേസില്‍ കുറ്റക്കാരന്‍

Update: 2025-10-22 05:11 GMT

പാരിസ്: 2007 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയമവിരുദ്ധമായ പണം ഉപയോഗിച്ചു എന്ന ആരോപണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സര്‍ക്കോസിക്ക് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. എന്നാല്‍, ജയിലിലേക്ക് പോകുന്നതിന് മുന്‍പായി തന്റെ ഭാര്യയുടെ കൈകളില്‍ മുറുക്കെ പിടിച്ചുകൊണ്ട് 70 കാരനായ സര്‍ക്കോസ്‌കി കുറ്റം നിഷേധിച്ചു. പാരിസ് ലാ സാന്‍ടെ ജയിലിലേക്ക് ഭാര്യ കാര്‍ല ബ്രൂണി സര്‍ക്കോസിക്കൊപ്പം പോകുന്ന വഴിയാണ് അദ്ദേഹം കുറ്റം നിഷേധിച്ചതും താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടതും.

ലിബിയയില്‍ നിന്നുള്ള ഫണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിയമവിരുദ്ധമായി ഉപയോഗിച്ചതില്‍ ക്രിമിനല്‍ ഗൂഢാലോചനയില്‍ സര്‍ക്കോസിക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ മാസമായിരുന്നു കോടതി കണ്ടെത്തിയത്. വീട്ടില്‍ നിന്നും ജയിലിലേക്ക് പോകാനായി ഇറങ്ങിയ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ ആരാധകര്‍ നിക്കോളാസ്, നിക്കോളാസ് എന്ന് ഉച്ചത്തില്‍ വിളിച്ച് അദ്ദേഹത്തിന് പിന്തുണ നല്‍കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ അവര്‍ ഫ്രഞ്ച് ദേശീയ ഗാനവും പാടുന്നുണ്ടായിരുന്നു. 2007 മുതല്‍ 2012 വരെയായിരുന്നു സര്‍ക്കോസി ഫ്രാന്‍സിനെ നയിച്ചിരുന്നത്.

ജയിലിലേക്ക് യാത്രയാകുന്നതിന് മുന്‍പായി അദ്ദേഹം താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫ്രാന്‍സിനെ ഓര്‍ത്ത് സഹതപിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാസി അനുഭാവിയായിരുന്ന മാര്‍ഷല്‍ ഫിലിപ്പ് പെടെയ്‌നെ ജയിലിലടച്ചതിന് ശേഷം ജയിലില്‍ ആകുന്ന ആദ്യത്തെ മുന്‍ പ്രസിഡണ്ടാണ് നിക്കോളാസ് സര്‍ക്കോസി.

Tags:    

Similar News