ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ചു; ഡോക്ടറായ ഭര്‍ത്താവ് ഭാര്യയെ കല്ലിനിടിച്ച് കൊല്ലാന്‍ ശ്രമിച്ചു
ഡോക്ടറായ ഭര്‍ത്താവ് ഭാര്യയെ കല്ലിനിടിച്ച് കൊല്ലാന്‍ ശ്രമിച്ചു
ലണ്ടന്‍: ന്യൂക്ലിയര്‍ എഞ്ചിനീയര്‍ കൂടിയായ ഭാര്യ, കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ചതിന് പ്രമുഖ ഡോക്ടര്‍ ഭാര്യയെ തള്ളിയിടുകയും കല്ലെടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്തു. ഹവായിലെ പ്രകൃതി രമണീയമായ ഒരു പ്രദേശത്താണ് സംഭവം നടന്നത്. അരിയെല്ലെ കോനിഗിനെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് ഭര്‍ത്താവായ ജെരാറ്റ് കോനിംഗ് എന്ന 45 കാരന്‍ അറസ്റ്റിലായിരിക്കുകയാണ്. ഭര്‍ത്താവിനൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വിസമ്മതിച്ചതിനായിരുന്നു കോനിഗ് ഭാര്യയെ ആക്രമിച്ചതെന്ന് ഹവായ് ന്യൂസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
തള്ളിയിടുന്നതിനു മുന്‍പായി കോനിംഗ് തന്നെ മുഷ്ടി ചുരുട്ടി ഇടിക്കുകയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു എന്നാണ് അവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. അതിനിടയില്‍ അയാള്‍ രണ്ട് സിറിഞ്ചുകള്‍ എടുത്ത് അത് ഭാര്യയുടെ മേല്‍ കുത്തിക്കയറ്റാനും ശ്രമിച്ചുവത്രെ. സിറിഞ്ചിനകത്ത് എന്തെങ്കിലും ലായനികള്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ആക്രമണത്തെ തുടര്‍ന്ന് തലയിലും മുഖത്തും ഗുരുതരമായ പരിക്കുകള്‍ ഏറ്റ ഏരിയെല്ലെയെ അടുത്തുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതക ശ്രമത്തിനാണ് ഇയാളുടെ പേരില്‍ കേസ് ചാര്‍ജ്ജ്‌ചെയ്തിരിക്കുന്നത്.
പാലി പുക ഹൈക്കിംഗ് പാതയില്‍ നടന്ന ആക്രമണത്തിന് ദൃക്സാക്ഷിയായ ഒരാള്‍ അറിയിച്ചതോടെയായിരുന്നു പോലീസ് സംഭവ സ്ഥലത്ത് എത്തിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട കോനിഗിനെ പിന്നീട് ആ പാതയുടെ അടുത്തു നിന്നു തന്നെ പിടികൂടിയതായി പോലീസ് അറിയിച്ചു. 2018 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. കോനിംഗ് അതിനു മുന്‍പ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. അതില്‍ അയാള്‍ക്ക് ഒരു കുട്ടിയുമുണ്ട്.