ആറര അടി നീളമുള്ള കൂറ്റന്‍ പാമ്പുകള്‍ ബ്രിട്ടനില്‍ വര്‍ധിച്ചു വരുന്നു; തണുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ വീടുകളില്‍ അഭയം തേടും; മുന്നറിയിപ്പു നല്‍കി ശാസ്ത്രജ്ഞര്‍
ആറര അടി നീളമുള്ള കൂറ്റന്‍ പാമ്പുകള്‍ ബ്രിട്ടനില്‍ വര്‍ധിച്ചു വരുന്നു
ലണ്ടന്‍: ആറര അടിയിലധികം നീളമുള്ള പാമ്പുകള്‍ ബ്രിട്ടനില്‍ വര്‍ദ്ധിച്ചു വരുന്നതായി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. വീടുകള്‍ക്കുള്ളില്‍ പാര്‍ക്കാനാണത്രെ അവയ്ക്ക് ഏറെ താത്പര്യം. യൂറോപ്പിലെ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പാമ്പിനങ്ങളായ ഏയ്‌സ്‌കുലേപിയന്‍ പാമ്പുകള്‍ വടക്കന്‍ വെയ്ല്‍സില്‍ അമിതമായ രീതിയില്‍ തന്നെ പെറ്റു പെരുകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനിലെ തണുത്ത കാലാവസ്ഥയെ അതിജീവിക്കുവാനാണത്രെ അവര്‍ വീടുകള്‍ക്കുള്ളില്‍ അഭയം തേടുന്നത്.
സാധാരണയായി എലികളെ ഭക്ഷിച്ചു ജീവിക്കുന്ന ഈയിനം പാമ്പുകള്‍ക്ക് വിഷമില്ല എന്നതാണ് ഏറെ ആശ്വാസം പകരുന്ന കാര്യം. ചെറിയ നായ്ക്കള്‍ക്ക് വരെ എയ്‌സ്‌കൂലിയന്‍ പാമ്പുകളെ പെട്ടെന്ന് കൊല്ലാനാകും എന്നാണ് ബാന്‍ഗോര്‍ യൂണിവേഴ്സിറ്റിയിലെ സ്നേക്ക് സയന്റിസ്റ്റായ വോള്‍ഫ്ഗാംഗ് വുസ്റ്റര്‍ പറയുന്നത്. മാത്രമല്ല, മുയലുകളെ പോലുള്ള മൃഗങ്ങളെ ഇവ ഭക്ഷിക്കുകയുമില്ല. ഒരു പെരുച്ചാഴിയേക്കാള്‍ വലിപ്പമുള്ള മൃഗങ്ങളെ ഇവയ്ക്ക് ഭക്ഷിക്കാനാവില്ല.