2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍; മൂല്യവര്‍ധിത നികുതി നിയമം മാറ്റാന്‍ യുഎഇ
2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍; മൂല്യവര്‍ധിത നികുതി നിയമം മാറ്റാന്‍ യുഎഇ
ദുബായ്: മൂല്യവര്‍ധിത നികുതി നിയമങ്ങളില്‍ മാറ്റം വരുത്താന്‍ യുഎഇ. രാജ്യത്ത് നികുതി സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. 2026 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് മാറ്റം. 2025ലെ ഫെഡറല്‍ ഡിക്രി നിയമം നമ്പര്‍ 16 മുഖേന 2017-ലെ ഫെഡറല്‍ ഡിക്രി നിയമം എട്ടിലെ ചില വകുപ്പുകള്‍ ഭേദഗതി ചെയ്തിട്ടുണ്ട്.
പുതിയ ഭേദഗതികള്‍ നികുതിദായകര്‍ക്ക് കൂടുതല്‍ ലളിതമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വ്യക്തത വരുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. റിവേഴ്‌സ് ചാര്‍ജ് സംവിധാനം പ്രയോഗിക്കുന്ന ഇടപാടുകളില്‍ ഇനി സ്വയം -ഇന്‍വോയ്‌സ് തയ്യാറാക്കേണ്ട ബാധ്യത ഒഴിവാക്കുന്നു. പകരം, ബന്ധപ്പെട്ട ഇടപാടുകളുടെ പിന്തുണ രേഖകള്‍ സൂക്ഷിച്ചാല്‍ മതി.
സമന്വയ നടപടികള്‍ പൂര്‍ത്തിയായശേഷം ലഭിക്കാനിരിക്കുന്ന അമിതമായി അടച്ച നികുതി തിരിച്ചുപിടിക്കാനുള്ള അപേക്ഷ അഞ്ച് വര്‍ഷത്തിനകം സമര്‍പ്പിക്കണം. ഈ സമയം കഴിഞ്ഞാല്‍ അതിനുള്ള അവകാശം നഷ്ടപ്പെടും. നികുതി ചൂഷണം ഉള്‍പ്പെട്ട ഇടപാടാണെന്ന് കണ്ടെത്തിയാല്‍ നികുതി അതോറിറ്റി ഇന്‍പുട്ട് നികുതി കുറവ് നിഷേധിക്കാനുള്ള അധികാരം ലഭിക്കും.
നികുതിയിളവ് ആവശ്യപ്പെടുമ്പോള്‍ ഇടപാടുകളുടെ നിയമവിധേയതയും വിശ്വാസ്യതയും നിര്‍ബന്ധമായി പരിശോധിക്കണമെന്ന് നികുതിദായകര്‍ക്ക് നിര്‍ദേശം. ഇതിലൂടെ വിതരണ ശൃംഖലയില്‍ ഗവേണന്‍സ് ശക്തിപ്പെടുത്തുകയും പൊതുവരുമാനം സംരക്ഷിക്കുകയും ചെയ്യുന്നതായി അധികൃതര്‍ വ്യക്തമാക്കി. ധനമന്ത്രാലയം വ്യക്തമാക്കിയത് പ്രകാരം, പുതിയ ഭേദഗതികള്‍ നികുതി വ്യവസ്ഥയുടെ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക മത്സരക്ഷമതക്കും ശക്തി പകരും.