അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നിഷേധിക്കുന്ന ബ്രിട്ടീഷ് നിയമത്തിനെതിരെ ആദ്യ നിയമനടപടി; നിയമ നടപടി തുടങ്ങിയത് അഫ്ഗാന്‍ അഭയാര്‍ഥി
അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നിഷേധിക്കുന്ന ബ്രിട്ടീഷ് നിയമത്തിനെതിരെ ആദ്യ നിയമനടപടി
ലണ്ടന്‍: ചെറുയാനങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നും, ലോറികളിലും മറ്റുമായി കരമാര്‍ഗ്ഗവും അനധികൃതമായി ബ്രിട്ടനിലെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കുന്നത് തടയുന്നതിനുള്ള നിയമത്തിനെതിരെ ആദ്യ കേസ് റെജിസ്റ്റര്‍ ചെയ്തു. തന്റെ പതിനാലാം വയസ്സില്‍ ബ്രിട്ടനിലെത്തിയ, ഇപ്പോള്‍ 21 വയസ്സുള്ള ഒരു അഫ്ഗാന്‍ അഭയാര്‍ത്ഥിയാണ് ഈ നിയമത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. താലിബാനില്‍ നിന്നും രക്ഷപ്പെട്ട് ഓടിയ ഇയാള്‍ ഒരു ലോറിയില്‍ കയറിയായിരുന്നു ബ്രിട്ടനിലെത്തിയത്.
ആദ്യം ഇയാള്‍ക്ക് അഭയം നല്‍കിയ ബ്രിട്ടീഷ് സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിന് ശേഷം ബ്രിട്ടനില്‍ സ്ഥിരമായി താമസിക്കുന്നതിനുള്ള പെര്‍മെനന്റ് ലീവ് ടു റിമെയ്ന്‍ (ഐ എല്‍ ആര്‍) നല്‍കുകയും ചെയ്തിരുന്നു. മാര്‍ച്ച് 1 ന് ഇയാള്‍ ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിക്കാന്‍ ഇരിക്കവെയാണ് പുതിയ നിയമം വരുന്നത്.ഇതോടെ ഇയാള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി.
പൗരത്വ നിയമത്തിലെ ഭേദഗതി ഇയാള്‍ക്ക് അതിയായ ഉത്കണ്ഠക്ക് കാരണമായെന്നും, കൂടെക്കൂടെ മാറുന്ന ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇയാളെ അപകടകരമായ ഒരു സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നുമാണ് പരാതിയില്‍ പറയുന്നത്. ബ്രിട്ടീഷ് സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമെന്ന ഭയമുണ്ടെന്നും, സ്വതന്ത്രമായി യാത്ര ചെയ്യാനാകാത്ത സാഹചര്യമുണ്ടാകുമെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. പുതിയ നിയമം നിലവില്‍ വരുന്നതിന് മുന്‍പായിരുന്നെങ്കില്‍ പൗരത്വം ലഭിക്കുന്നതിനുള്ള എല്ലാ അര്‍ഹതയും ഇയാള്‍ക്കുണ്ടെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
ഇയാളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഒന്നും തന്നെയില്ല. മാത്രമല്ല, യു കെയില്‍ ഉള്ള സമയം മൂഴുവന്‍ ഇയാള്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പാലിച്ചാണ് ജീവിച്ചിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലീഷില്‍ നല്ല പരിജ്ഞാനമുള്ള ഇയാള്‍, ബ്രിട്ടീഷ് സമൂഹത്തിനും സമ്പദ്ഘടനക്കും തന്റേതായ സംഭാവനകള്‍ നല്‍കാന്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ പരിശീലനം നേടുകയാണെന്നും അവര്‍ പറയുന്നു.യുകെ, അഭയാര്‍ഥികള്‍, നിയമം