ആഫ്രിക്കന്‍ വനിതയെ വേതനം നല്‍കാതെ അടിമായാക്കി ജോലി ചെയ്യിച്ചു; യു എന്‍ ട്രിബ്യൂണല്‍ ജഡ്ജിനെതിരെ കേസ്

ആഫ്രിക്കൻ വനിതയെ അടിമയാക്കിയ യു എൻ ട്രിബ്യൂണൽ ജഡ്ജിനെതിരെ കേസ്

Update: 2025-02-18 04:59 GMT

ലണ്ടന്‍: ഓക്സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിയമത്തില്‍ പി എച്ച് ഡി പഠനത്തിന് എത്തിയ സമയത്ത് പറഞ്ഞു പറ്റിച്ച് ഒരു ആഫ്രിക്കന്‍ വനിതയെ, വേതനമില്ലാതെ തൊഴില്‍ ചെയ്യുവാനായി കൂടെ കൊണ്ടുവന്നു എന്നാണ് ഒരു യുണൈറ്റഡ് നേഷന്‍സ് ജഡ്ജിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. തന്റെ കുട്ടികളെ നോക്കുന്നതിനായി, ഉഗാണ്ടന്‍ ഹൈക്കോടതി ജഡ്ജി ലിഡിയ മുഗാംബെ, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജോണ്‍ ലേണാര്‍ഡ് മുഗേര്‍വയുമായി ഗൂഢാലോചന നടത്തിയാണ് ഈ വനിതയെ ബ്രിട്ടനില്‍ എത്തിച്ചതെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. പിന്നീട് ഇവരുടെ പാസ്സ്‌പോര്‍ട്ട് പിടിച്ചു വയ്ക്കുകയായിരുന്നു.

അതിനു പുറമെ, പോലീസ് മുഗാംബയെ അറസ്റ്റ് ചെയ്തപ്പോള്‍ തനിക്ക് നയതന്ത്ര പരിരക്ഷ ഉണ്ടെന്ന വ്യാജ അവകാശവാദം അവര്‍ ഉന്നയിക്കുകയും ചെയ്തിരുന്നു എന്ന് വിചാരണ നടക്കുന്ന ഓക്സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ അറിയിച്ചിരുന്നു. മാത്രമല്ല, കേസ് പിന്‍വലിക്കുന്നതിനായി ഇവര്‍ ഇരയെ ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. 2022 ജൂണ്‍ 9ന് ആണ് ഇര ബ്രിട്ടനില്‍ എത്തുന്നത്. മുഗാംബയും മുഗേര്‍വയും നടത്തിയ തീര്‍ത്തും സത്യസന്ധമല്ലാത്ത ഒരു ഇടപാടിലൂടെയാണ് ഇവര്‍ക്ക് ബ്രിട്ടനിലെത്താനുള്ള സ്‌പോണ്‍സര്‍ഷിപ്പ് ഒരുക്കിയതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

മുഗെര്‍വയുമായി ബന്ധപ്പെട്ട ഒരു കേസില്‍ ജഡ്ജിയുമായി സംസാരിക്കാമെന്ന് മുഗാംബെ വാഗ്ദാനം നല്‍കിയിരുന്നത്രെ. ഇതിനു പകരമായി ആവശ്യപ്പെട്ടത് വീട്ടു ജോലികള്‍ക്കായി ഒരു സ്ത്രീയെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ സഹായിക്കണം എന്നായിരുന്നു. ഹൈക്കമ്മീഷനില്‍ ആ സ്ത്രീ ജോലി ചെയ്യണമെന്ന് ഇരുവരും ആഗ്രഹിച്ചിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, ബ്രിട്ടനില്‍ നിന്നും ഇതിനോടകം പുറത്തു പോയതിനാല്‍ മുഗെര്‍വയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.

Tags:    

Similar News