ഡോണ്‍ ടോം ഫ്രാന്‍സിസ്
ഇക്കഴിഞ്ഞ ദിവസമാണ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉള്‍പ്പെടുന്ന ഒരു വിഭാഗം സാദിഖലി തങ്ങളുമായി അനുരഞ്ജന ചര്‍ച്ച നടത്തിയത്. CIC മുതല്‍ കേക്ക് വിവാദം വരെയുള്ള പരസ്യമായ വിഴുപ്പലക്കലുകള്‍ക്ക് ഒരു തടയിടാനെന്നൊണമായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരുടെ അനുഗ്രഹാശിസ്സുകളോടെ നടന്ന ചര്‍ച്ച. അലക്‌സ് വടക്കുംതല പിതാവുമായി സാദിഖലി തങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ നടത്തിയ സ്‌നേഹ സന്ദര്‍ശനമാണ് മതവിധിയുടെ ഭൂതക്കണ്ണാടിയില്‍ കേക്ക് വിവാദമായി പരിണമിച്ചത്. പിന്തിരിപ്പന്‍ നിലപാടുകളും, താന്‍പോരിമയും, ആദര്‍ശങ്ങളുടെ കുത്തൊഴുക്കും 89ലെ പിളര്‍പ്പിന്റെ ഓര്‍മ്മകളിലേക്കാണ് സുന്നികളെ കൊണ്ടുചെന്നെത്തിക്കുന്നത്.
CIC യില്‍ തുടക്കം
സമന്വയ വിദ്യാഭ്യാസ പദ്ധതിയായ വാഫി - വഫിയ്യ സംവിധാനവുമായും, അതിന്റെ ജനറല്‍ സെക്രട്ടറിയായ അബ്ദുല്‍ ഹക്കീം ഫൈസി അദൃശ്ശേരിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഇ.കെ സമസ്തയില്‍ ഇന്നുള്ള പ്രതിസന്ധികളുടെ മൂല കാരണം എന്നു വിവക്ഷിക്കാം. വഫിയ്യ പെണ്‍കുട്ടികളുടെ വിവാഹപ്രായം, വാഫി സിലബസ്സിലെ വഹാബിസം ഒളിച്ചുകടത്തല്‍, സമസ്തയ്ക്ക് കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജിസ് (CIC) മേലുള്ള അധികാരം, എന്നീ വിഷയങ്ങളിലാണ് സമസ്തയും CIC യും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്. സമസ്ത മുന്‍പോട്ടുവെച്ച പല നിബന്ധനകളും CIC യും ആദൃശ്ശേരിയും അംഗീകരിക്കാതെ വന്നതോടെ പരസ്യമായ വിഴുപ്പലക്കലിലേക്ക് കാര്യങ്ങള്‍ നീങ്ങി. CIC സംവിധാനവുമായുള്ള എല്ലാ ബന്ധങ്ങളും സമസ്ത അവസാനിപ്പിക്കേണ്ട അവസ്ഥ ഒടുക്കം സംജാതമായി. പ്രശ്‌നപരിഹാരത്തിനായി സാദിഖലി തങ്ങള്‍ ശ്രമിച്ചപ്പോഴും ഇരുവിഭാഗം നേതാക്കളും വഴങ്ങിയില്ല. ഇതിലുപരി സാദിഖലി തങ്ങള്‍ സമസ്ത ബാന്‍ ചെയ്ത CIC യെ പിന്തുണച്ചു പോന്നതും സമസ്തയിലെ നേതാക്കളെ തെല്ലോന്നുമല്ല ചൊടിപ്പിച്ചത്. അന്ന് CIC ക്കെതിരെ വാദിച്ചവരില്‍ മുന്‍പന്തിയിലായിരുന്നു അമ്പലക്കടവും, സത്താര്‍ പന്തല്ലൂരുമുള്‍പ്പെടെയുള്ളവര്‍.
ലോക്‌സഭയും പൊന്നാനിയും
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാലയളവില്‍ സമസ്തയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. പൊന്നാനിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ച കെ എസ് ഹംസയ്ക്ക് സമസ്തയിലെ ഷജറ വിഭാഗത്തിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു. ഷജറ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള സുപ്രഭാതം പത്രത്തിന്റെ ആക്കാലത്തെ നയവ്യതിയാനവും ഇതിന്റെയൊക്കെ സൂചകമാണ്. ഈ സംഭവ വികാസങ്ങളുടെ അനന്തരഫലമായാണ് സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഖാടനം മുസ്ലീം ലീഗ് നേതാക്കള്‍ ബഹിഷ്‌കരിച്ചത്. സമസ്തയിലെ സിപിഎം അനുകൂല വിഭാഗത്തിനെതിരെ മുശാവറ അംഗമായ ഡോ. ബഹാവുദ്ദീന്‍ നദ്വി കൂരിയാട് ശക്തമായ വിമര്‍ശനം ആക്കാലത്തുന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നദ്വിയോട് സമസ്ത വിശദീകരണം തെടാനാലോചിച്ചിരുന്നെങ്കിലും പൊന്നാനിയിലെ മുസ്ലീം ലീഗിന്റെ തിളക്കമാര്‍ന്ന വിജയം ലീഗ് വിരുദ്ധ ചേരിയുടെ നീക്കങ്ങളുടെ മുനയൊടിച്ചു.
പാണക്കാട് ഖാളി ഫൗണ്ടേഷന്‍
ഇതിനിടയില്‍ ഷജറ വിഭാഗത്തിന്റെ വിമര്‍ശനങ്ങള്‍ CIC യും, ലോക്‌സഭയും, മുസ്ലീം ലീഗും കടന്നു പാണക്കാട് കുടുംബത്തെ കേന്ദ്രീകരിച്ചായി. പല മഹല്ലുകളിലും ഇതിന്റെ അലയൊലികള്‍ പ്രത്യക്ഷമായതോടെയാണ് ലീഗിന്റെ വരുതിയില്‍ മഹല്ലുകളെ ഏകോപിപ്പിക്കാന്‍ പാണക്കാട് ഖാളി ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. പാണക്കാട് തങ്ങന്മാര്‍ ഖാളിമാരായുള്ള മഹല്ലുകളുടെ ഏകോപനമെന്നൊക്കെ പേരിനു പറയുമെങ്കിലും സമസ്തയില്‍ ഭാവിയിലുണ്ടാകുന്ന പിളര്‍പ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ''ഒരു ലീഗ് sponsored മഹല്ല് ഏകോപന'' മാണ് ഖാളി ഫൗണ്ടേഷന്‍. ഫൗണ്ടേഷന്റെ തുടക്കത്തോടെയാണ് ഒരുമെയ്യായി പ്രവര്‍ത്തിച്ചിരുന്ന അമ്പലക്കടവും, പൂക്കോട്ടൂരും, പന്തലൂരും, ഓണമ്പിള്ളി ഫൈസീയും, നാസര്‍ ഫൈസി കൂടത്തായിയും പല വഴിക്കു തിരിയുന്നത്. ഇതിനുശേഷം കൂടത്തായിയുടെയും, അബ്ദുല്‍ സമദ് പൂക്കോട്ടൂരിന്റെയും പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗവും ഫൗണ്ടേഷന്‍ കാര്യപരിപാടികളോട് ചേര്‍ന്നായിരുന്നു.
സഖാവ് മുക്കം ഫൈസി
മുക്കം ഉമര്‍ ഫൈസിയുടെ പ്രസ്താവനകള്‍ സമസ്തയുടെ കെട്ടുറപ്പിനു വരുത്തിയ വിള്ളല്‍ ചെറുതല്ല. സമസ്തയിലെ സിപിഎം അനുകൂല വിഭാഗത്തിന്റെ ഔദ്യോഗിക വക്താവായാണ് മുക്കം ഫൈസി പ്രവര്‍ത്തിച്ചുപോന്നിരുന്നത്. എന്നാല്‍ സാദിഖലി തങ്ങളുടെ ഖാളി സ്ഥാനത്തിനുള്ള യോഗ്യത ചോദ്യം ചെയ്തുകൊണ്ട് ഉമര്‍ ഫൈസി നടത്തിയ പ്രസ്താവന സമസ്തയിലെ ഭൂരിപക്ഷം വരുന്ന ലീഗനുകൂല വിഭാഗത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. ഒടുവില്‍ മാപ്പു പറയേണ്ടിവന്നെങ്കിലും പാണക്കാട് കുടുംബത്തിന്റെ സമസ്തയിലെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സാമൂഹ്യ മാധ്യമ ചര്‍ച്ചകള്‍ക്ക് ഖാളി വിവാദം തിരികൊളുത്തി. ഒമര്‍ ഫൈസിയെ സമസ്ത മുശാവറയില്‍ നിന്നു പുറത്താക്കണമെന്ന് വരെ മുറവിളിയുയര്‍ന്നു. ഈയൊരു സംഭവമാണ് ജിഫ്രി തങ്ങളും സിപിഎം അനുകൂല ഷജറ വിഭാഗവുമായുള്ള അകല്‍ച്ചയിലേക്ക് നയിച്ചത്.
മുനമ്പം വിഷയവും എതിര്‍ നിലപാടുകളും
മുനമ്പത്തെ ഭൂമി പ്രദേശവാസികള്‍ക്ക് അവകാശപ്പെട്ടതാണെന്നും, അവരെ അവിടെനിന്നും കുടിയൊഴിപ്പിക്കന്‍ പാടില്ലെന്നുമായിരുന്നു സാദിഖലി തങ്ങള്‍ സ്വീകരിച്ച നിലപാട്. മുസ്ലീം സംഘടനകളുടെ യോഗത്തിലും ഈ അഭിപ്രായം തന്നെയായിരുന്നു ഉയര്‍ന്നുവന്നതും. എന്നാല്‍, സാദിഖലി തങ്ങളോടുള്ള വിരോധം മാത്രമായിരുന്നു ഷജറ നേതാക്കളായ മുസ്തഫ മുണ്ടുപാറയുള്‍പ്പെടെയുള്ളവര്‍ മുനമ്പത്തെ ഭൂമി വഖ്ഫ് ആണെന്നു പരാമര്‍ശിച്ചതിന്റെ പിന്നിലുള്ള ചേതോവികാരം. അമ്പലക്കടവ് ഫൈസിയുടെ കേക്ക് വിഷയത്തിലെ മതവിധി പറയലും സാദിഖലി തങ്ങളോടുള്ള വ്യക്തിവിരോധം മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.
ഇ.കെ സമസ്തയിലെ വിഭാഗീയതയുടെ അടരുകള്‍ ഇനിയുമുണ്ടെങ്കിലും വിസ്താരഭയം മൂലം നിര്‍ത്തുന്നു. ആദര്‍ശവും, ആത്മീയതയുമൊക്കെ പേരിനു പറയുമെങ്കിലും അധികാരവും താന്‍പൊരിമയുമാണ് രണ്ടു വിഭാഗങ്ങളുടെയും പ്രശ്‌നമെന്നു വസ്തുതകള്‍ പഠിച്ചുകഴിയുമ്പോള്‍ മനസ്സിലാകും. അനുരഞ്ജന ചര്‍ച്ച പൊളിഞ്ഞ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ മുകളില്‍ പറഞ്ഞതു തന്നെയാണ് വാസ്തവം എന്നനുമാനിക്കേണ്ടി വരും.