ചരിത്രം ആവര്‍ത്തിക്കുന്നു; ബംഗാളിനു പിറകെ കേരളവും; കോണ്‍ഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരന്‍ എഴുതുന്നു
ശൂരനാട് രാജശേഖരന്‍
പശ്ചിമ ബംഗാളിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രി ബുദ്ധദേവ് ഭാട്ടാചാര്യയാണ്. 2000 നവംബര് ആറു മുതല് 2011 മേയ് 20 വരെ മൂന്നു ടേമുകള് അദ്ദേഹം ബംഗാള് ഭരിച്ചു. ബുദ്ധദേവിന്റെ ഭരണകാലത്താണ് കുപ്രസിദ്ധമായ നന്ദി ഗ്രാം കലാപം പൊട്ടിപ്പുറപ്പെട്ടത്. നൂറിലധികം സാധാരണക്കാര് അന്നത്തെ കലാപത്തില് കൊല്ലപ്പെട്ടു. പൊലീസ് നടത്തിയ വെടിവയ്പിലും 14 പേര് കൊല്ലപ്പെട്ടു.
കലാപം പിന്നീടു കെട്ടടങ്ങി. പക്ഷേ, അന്നുമുതല് വംഗനാട്ടില് സിപിഎമ്മിന്റെ അടിവേരിളകാനും തുടങ്ങി. ജ്യോതി ബസുവും ബുദ്ധദേവും കൂടി 33 വര്ഷവും 333 ദിവസവും തുടര്ച്ചയായി പശ്ചിമ ബംഗാള് ഭരിച്ച സിപിഎമ്മിന് ഇപ്പോഴത്തെ നിയമസഭയില് ഒരൊറ്റ എംഎല്എ പോലുമില്ല. നന്ദിപുരിനടുത്തുള്ള മിഡ്നാപുര് ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് അന്ന് പാര്ട്ടി അടച്ചു പൂട്ടിയതാണ്. ഒരു വ്യാഴവട്ടം കഴിഞ്ഞ് ഈ ഓഫീസ് തുറക്കാനായെങ്കിലും അതിനു സമീപത്തുള്ള ഒരു ഡസണോളം ലോക്കല്, ബ്രാഞ്ച് കമ്മിറ്റി ഓഫീസുകള് അപ്പാടെ ബിജെപി ഓഫീസുകളായി മാറിയിരുന്നു. അവിടെയുണ്ടായിരുന്ന സിപിഎം പ്രവര്ത്തകരും നേതാക്കളും പായല് പോലെ ബിജെപിയിലേക്ക് ഒഴുകി.
ഏറെക്കുറെ അതിനു സമാനമാണു കേരളത്തിലും കാര്യങ്ങളുടെ പോക്ക്. കേരളത്തിലെ സിപിഎമ്മില് നിന്നു പുറത്തേക്ക് അണികളുടെ കുത്തൊഴുക്കാണ്. ജനാധിപത്യ വിശ്വാസമുള്ളവര് കോണ്ഗ്രസിലേക്കു വരുന്നു. അല്ലാത്തവര് ബിജെപിയിലേക്കും പോകുന്നു. പ്രവര്ത്തകര് മാത്രമല്ല, ബംഗാളിലെപ്പോലെ കേരളത്തിലും സിപിഎമ്മിന്റെ ഓഫീസുകള് വില്പനയ്ക്കു വച്ചിരിക്കയാണ്. 2021ലാണ് കേരളത്തിലെ ഒരു സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഒറ്റ രാത്രികൊണ്ട് ബിജെപി ഓഫീസായി മാറിയത്. കോവളത്തായിരുന്നു ഈ മാറ്റം. വിഴിഞ്ഞം മുന് പഞ്ചായത്ത് പ്രസിഡന്റും കോവളം ഏരിയ കമ്മിറ്റി അംഗവുമായ മുക്കോല പ്രഭാകരന്, വയല്ക്കര മധു തുടങ്ങിയ മുന്നിര നേതാക്കളുടെ ബ്രാഞ്ച് കമ്മറ്റിയാണ് ഓഫീസ് ഉല്പ്പെടെ ബിജെപിയിലേക്കു പോയത്.
അതൊരു തുടക്കമായിരുന്നു എന്നു വേണം കരുതാന്. കേരളത്തിലുടനീളം ഇപ്പോള് ഈ മാറ്റം പ്രകടമാണ്. ഓഫീസുകള് നിറം മാറുന്നത് അത്ര പ്രകടമല്ലെങ്കിലും സഖാക്കള് കൂട്ടത്തോടെ സംഘികളാകുന്നത് കേരളത്തിലെ ഒട്ടു മിക്ക സിപിഎം ലോക്കല് ഏരിയ കമ്മിറ്റികളിലും കാണാനാവും. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില് പശ്ചിമ ബംഗാളിലെ ഭാരതീയ ജനതാ പാര്ട്ടിയുടെ ശ്രദ്ധേയമായ പ്രകടനം സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവായാണ് അന്നു മാധ്യമങ്ങള് വിലയിരുത്തിയത്. വംഗനാട്ടിലെ കാവി കുതിച്ചുചാട്ടത്തിനു പിന്നില് ചെങ്കൊടിയുടെ പിന്വാങ്ങലായിരുന്നു കാരണം. കോണ്ഗ്രസിനെ മുഖ്യ ശത്രുവായി കണ്ട് സഖ്യത്തിനു വിസമ്മതിച്ച് ബിജെപിക്ക് വളരാന് അന്നു സിപിഎം അവസരം നല്കി. ബംഗാളില് കോണ്ഗ്രസിനും ക്ഷീണം സംഭവിച്ചെന്നു സമ്മതിക്കാം. പക്ഷേ, 1951-52ലെ ഒന്നാം പാര്ലമെന്റില് പ്രധാന പ്രതിപക്ഷമായിരുന്ന ഇന്ത്യന് കമ്യൂണിസ്റ്റ് പാര്ട്ടി അക്ഷരാര്ഥത്തില് ഇപ്പോള് പാപ്പരായി. പശ്ചിമ ബംഗാളിലും തൃപുരയിലും അവരുടെ പതനം പൂര്ത്തിയായപ്പോള് അധികാരം നിലനിര്ത്തുന്ന കേരളത്തിലും അവര് സര്വനാശത്തിന്റെ വക്കിലാണ്.
രണ്ടായി വിഭജിച്ചു പരസ്പരം പോരടിക്കുന്ന കമ്യൂണിസ്റ്റ് പാര്ട്ടികളില് സിപിഐയുടെ അന്തകന് വിത്തായി സിപിഎം മാറി. ഓരോ തെരഞ്ഞെടുപ്പിലും തോല്ക്കുന്ന സീറ്റുകള് മാത്രം നല്കുകയും ജയിക്കാന് സാധ്യതയുള്ളിടത്തൊക്കെ കാലുവാരി സിപിഐയെ തോല്പിക്കുകയുമാണു സിപിഎം. വര്ഗീയതയെ തുറന്നു പ്രോത്സാഹിപ്പിക്കുന്ന നയമാണ് പൊതുവില് സിപിഎമ്മിനുള്ളത്. മുഖ്യമന്ത്രി സാക്ഷാല് പിണറായി വിജയന് ആദ്യമായി നിയമസഭ കണ്ടതു പോലും ഹിന്ദുത്വ വോട്ട് നേടിയാണ്. 1970ല് കൂത്തുപറമ്പില് ആദ്യമായി തെരഞ്ഞെടുപ്പ് നേരിട്ട പിണറായി വിജയന് വോട്ട് അഭ്യര്ഥിച്ച് സംഘപരിവാര് സംഘടനകളുടെ ആചാര്യന് സാക്ഷാല് എല്.കെ. അഡ്വാനി വരെ എത്തിയതു ചരിത്രം.
ഹിന്ദു മഹാസഭയുടെയും ഭാരതീയ ജനസംഘത്തിന്റെയും സംഘപരിവാറിന്റെയും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ പാരമ്പര്യങ്ങള്ക്കു കീഴ്പ്പെട്ടു പോയ ചരിത്രമാണ് പശ്ചിമബംഗാളിലും തൃപുരയിലും പാര്ട്ടിക്കുള്ളത്. അതുകൊണ്ടാണ് കൊടിയും ചിഹ്നവും ഉപേക്ഷിച്ച് അണികള് പാര്ട്ടി ഓഫീസുകള് വരെ ബിജെപിക്കു തീറെഴുതി നല്കിയത്. രാജ്യത്തെവിടെ ആയാലും ബിജെപിക്കു വെല്ലുവിളി കോണ്ഗ്രസ് മാത്രമാണ്. രാജ്യം കോണ്ഗ്രസ് മുക്തമായെങ്കിലേ ബിജെപിക്കും സംഘപരിവാര് സംഘങ്ങള്ക്കും അവരുടെ തീവ്ര ഹിന്ദുത്വ അജന്ഡ നടപ്പാക്കാന് കഴിയൂ. ഇന്ത്യയെ ഔദ്യോഗികമായി ഹിന്ദു രാഷ്ട്രമായി മാറ്റിയെടുക്കാനാവൂ. അതിനുവേണ്ടിയാണ് കേരളത്തില് സിപിഎമ്മുമായി ബിജെപി രഹസ്യമായി ബന്ധം തുടരുന്നത്. തൃശൂരില് വിജയിച്ചതും തിരുവനന്തപുരത്തും പാലക്കാട്ടും പരാജയപ്പെട്ടതുമായ രാഷ്ട്രീയ പരീക്ഷണം രണ്ടു കൂട്ടരും തുടരുക തന്നെ ചെയ്യും, ഈ ലക്ഷ്യം കാണുന്നതു വരെ.
പക്ഷേ, കേരളത്തില് മറ്റൊരു മാറ്റം കൂടി സിപിഎമ്മില് സംഭവിച്ചിരിക്കുന്നു. ദേശീയ തലത്തില് വര്ഗീയതയുമായി സന്ധിയുണ്ടാക്കിയപ്പോള് കേരളത്തില് വര്ഗ സമരത്തെയാണ് സിപിഎം ബലികഴിക്കുന്നത്. ഇന്നത്തെ സിപിഎമ്മില് വര്ഗ ശത്രുക്കള് പാര്ട്ടിക്കു പുറത്തുള്ളവരല്ല, അകത്തുള്ളവര് തന്നെയാണ്. കരുനാഗപ്പള്ളിയിലും തിരുവല്ലയിലും കോവളത്തും കായംകുളത്തും പാലക്കാട്ടും ഷൊര്ണൂരും കണ്ണൂരിലും കാസര്ഗോട്ടുമൊക്കെ അടി സിപിഎമ്മിനുള്ളില്ത്തന്നെയാണ്. ചരിത്രത്തിലാദ്യമായി ഒരു ഏരിയ കമ്മിറ്റി പിരിച്ചുവിടാന് പാര്ട്ടി സംസ്ഥാന സെക്രട്ടറി നേരിട്ടു വന്നു, എന്റെ അയല്നാടായ കരുനാഗപ്പള്ളിയില്. ജില്ലയിലുടനീളം സിപിഎമ്മിനു വെള്ളവും വളവും നല്കി വളര്ത്തി വലുതാക്കാന് ശ്രമിച്ച സാക്ഷാല് എന്. ശ്രീധരന്റെ നാട്ടില് രണ്ടു സംസ്ഥാന നേതാക്കളെ ലോക്കല് കമ്മിറ്റി അംഗങ്ങള് പൂട്ടിയിട്ട് പരസ്പരം കൊലവിളി നടത്തി അടിച്ചു പിരിഞ്ഞത് കണ്ടപ്പോള് ദുഃഖം തോന്നി. സിപിഎം ഇത്ര അധഃപതിക്കുമെന്നു വിചാരിച്ചിട്ടേ ഉണ്ടായിരുന്നില്ല.
ഇന്ത്യന് കമ്യൂണിസ്റ്റ് പാര്ട്ടിയെ ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ സ്ഥാനത്തേക്ക് അവരോധിച്ച സാക്ഷാല് പണ്ഡിറ്റ് ജവഹര്ലാല് നെഹറു, ജനാധിപത്യ ഭരണമാറ്റ പ്രക്രിയയില് കോണ്ഗ്രസിനു ബദലായി കമ്യൂണിസ്റ്റ് പ്രസ്ഥാനം വരണമെന്ന് ആഗ്രഹിച്ചയാളായിരുന്നു. സോവ്യറ്റ്, ചൈനീസ് സോഷ്യലിസ്റ്റ് ശൈലിയുമായി അകലം പാലിച്ചിരുന്നെങ്കിലും ഇന്ത്യയുടെ കാലാവസ്ഥയ്ക്കിണങ്ങിയ സോഷ്യലിസ്റ്റ് രാഷ്ട്ര സങ്കല്പമായിരുന്നു നെഹ്റുവിന്റേത്. അതു തിരിച്ചറിഞ്ഞ് കോണ്ഗ്രസുമായി ആരോഗ്യകരമായ മത്സരത്തിന് കമ്യൂണിസ്റ്റുകാര് തയാറായിരുന്നെങ്കില് 1951-52 ല് ദേശീയ ജനാധിപത്യം എഴുതിത്തള്ളിയ സംഘപരിവാര് രാഷ്ട്രീയ അജന്ഡ ഇന്നത്തെ നിലയില് വളര്ന്നു വലുതാകില്ലായിരുന്നു.
ധന സമ്പാദനം മാത്രമാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ അജന്ഡ. ഇനിയൊരിക്കല് കൂടി കേരളത്തില് അധികാരം കിട്ടുമെന്ന് അവര്ക്കു തീരെ പ്രതീക്ഷയില്ല. അതുകൊണ്ട് കിട്ടാവുന്നിടത്തു നിന്നെല്ലാം കൈയിട്ടു വാരുകയാണ്. അതിനു കഴിയാത്തവരാണ് പാര്ട്ടിയില് മുറുമുറുപ്പുണ്ടാക്കുന്നത്. അവരെയാണ് കൂട്ടത്തോടെ പുറത്താക്കുകയോ സ്വയം പുറത്താവുകയോ ചെയ്യുന്നത്. പാര്ട്ടിക്കുള്ളിലെ സമ്പന്ന വിഭാഗങ്ങളും പാര്ട്ടി ആശയങ്ങള് സംരക്ഷിക്കാന് താത്പര്യപ്പെടുന്ന സാധാരണക്കാരും തമ്മിലുള്ള വര്ഗസമരമാണിപ്പോള് സിപിഎമ്മില് നടക്കുന്നത്. സ്വര്ണക്കടത്തു മുതല് കമ്മിഷന് കച്ചവടം വരെയുള്ള വിഹിതത്തെച്ചൊല്ലിയാണു സിപിഎമ്മിലെ തര്ക്കം. കച്ചടവടത്തിന്റെ വിഹിതം കിട്ടിയവരും ചോദിക്കുന്നവരും തമ്മിലുള്ള അടിയാണ് ഓരോ ലോക്കല് കമ്മിറ്റിയിലും പൊട്ടുന്നത്. താല്ക്കാലികമായി സമ്പന്നര് ജയിക്കുമെങ്കിലും ബംഗാളില് നിന്നു പാര്ട്ടി വിട്ടു കേരളത്തിലെത്തി വാര്ക്കപ്പണി എടുക്കുന്ന ലോക്കല്, ഏരിയ കമ്മിറ്റി സെക്രട്ടറിമാരുടെ ഗതിയാണു കേരളത്തിലെ സിപിഎം സഖാക്കളെ കാത്തിരിക്കുന്നത്. ബംഗാളിലെ നേതാക്കള്ക്കു തൊഴില് തേടി വരാന് കേരളമെങ്കിലുമുണ്ടായിരുന്നു. കേരളത്തിലെ സഖാക്കള്ക്ക് അതിനുപോലും ഒരിടമില്ലെന്നതാണ് ഏറെ സങ്കടം.
കോണ്ഗ്രസിന്റെ രാഷ്ട്രീയ നന്മയും രാജ്യന്തര പ്രസക്തിയും തിരിച്ചറിഞ്ഞ എസ്.എ ഡാങ്കെയെ തള്ളിപ്പറഞ്ഞുണ്ടായ സിപിഐ എം ഇന്ത്യയില് സംഘപരിവാര ശക്തികളെ അധികാരത്തിലെത്തിക്കാന് വഹിച്ച പങ്ക് ചെറുതല്ല. 1953 ല് മധുരയില് ചേര്ന്ന മൂന്നാം പാര്ട്ടി കോണ്ഗ്രസില് അവിഭക്ത സിപിഐക്കുള്ളില് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. അടുത്ത പാര്ട്ടി കോണ്ഗ്രസായപ്പോഴേക്കും ഔദ്യോഗിക പ്രമേയത്തിനെതിരെ ബദല് പ്രമേയം അവതരിപ്പിക്കപ്പെട്ടു. ആ പ്രമേയത്തിന് പ്രതിനിധികളുടെ മൂന്നിലൊന്ന് വോട്ടും കിട്ടി. കോണ്ഗ്രസിനോടും അതിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റിനോടും സ്വീകരിക്കേണ്ട നിലപാടിനെ സംബന്ധിച്ചായിരുന്നു തര്ക്കം.
കോണ്ഗ്രസിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളണമെന്നു ഒരു വിഭാഗം വാദിച്ചു. ഇഎംഎസ്, എ.കെ ഗോപാലന്, സുന്ദരയ്യ തുടങ്ങിയവരാണ് അതിനു നേതൃത്വം നല്കിയത്. അവരാണ് പിന്നീട് 1964ല് സിപിഐഎം ഉണ്ടാക്കിയത്. അവരുടെ പ്രസ്ഥാനമാണ് ഇന്നും കോണ്ഗ്രസിനെ പരസ്യമായി വിമര്ശിക്കുന്നതും രഹസ്യമായി സംഘപരിവാരങ്ങളെ താലോലിക്കുന്നതും.
കോണ്ഗ്രസുമായി അനുരഞ്ജനത്തിനു വേണ്ടി മറ്റൊരു വിഭാഗവും രംഗത്തു വന്നു. എസ്.എ ഡാങ്കെ ആയിരുന്നു അവരുടെ നേതാവ്. മരണം വരെ ആ നിലപാട് അദ്ദേഹം തുടര്ന്നു. ഈ നിലപാട് തുടരണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം ഇന്നത്തെ സിപിഐയിലുമുണ്ട്. അവരെ സിപിഎം ഭയപ്പെടുത്തി അടിച്ചമര്ത്തുകയാണ്. കേരളത്തില് സി.കെ ചന്ദ്രപ്പനു ശേഷം സിപിഐയുടെ നേതൃത്വത്തിലെത്തിയവരെല്ലാം ഈ ഭയപ്പാടിന്റെ നുകം ചുമക്കുന്നവരാണ്. അവര്ക്ക് സിപിഎമ്മിനെ എതിര്ക്കാനുള്ള ത്രാണിയില്ല. പുറത്തു വന്ന് കോണ്ഗ്രസിനൊപ്പം ചേര്ന്നു പാര്ട്ടിയുടെ പഴയ പ്രതാപം വീണ്ടെക്കണമെന്ന ആഗ്രഹവുമില്ല. ഉണ്ടായിരുന്നെങ്കില് കോണ്ഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിനൊപ്പം കരുത്തോടെ നിന്ന് വയനാട്ടിലടക്കം സംഘപരിവാര് അജന്ഡയെ തുറന്നെതിര്ക്കുമായിരുന്നു.
ഏതായാലും ഒരു കാര്യം ഉറപ്പ്. ഇപ്പോഴത്തെ തുരുമ്പെടുത്ത നിലപാടുകളാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര് പിന്തുടരുന്നതെങ്കില് റെയില്വേ സ്റ്റേഷനു പുറത്ത് രാജ്യത്തൊരിടത്തും ചെങ്കൊടിയുടെ ഒരു നൂലിഴ പോലും ബാക്കിയുണ്ടാകില്ലെന്ന കാര്യം തീര്ച്ച. ഇന്നലെകളില് പശ്ചിമ ബംഗാളിലും തൃപുരയിലും സംഭവിച്ച രാഷ്ട്രീയ അട്ടിമറിക്കാണ് കേരളത്തില് സിപിഎം കളമൊരുക്കുന്നത്. കേരളത്തില് ഇനിയൊരു ഭരണം തങ്ങള്ക്കുണ്ടാവില്ലെന്ന് സിപിഎമ്മിനറിയാം. എങ്കില് ആ അവസരം ബിജെപിക്കിരിക്കട്ടെ എന്ന ബംഗാള് ഫോര്മുലയാണ് സിപിഎം ഇവിടെയും വര്ക്കൗട്ട് ചെയ്യാന് ശ്രമിക്കുന്നത്. പക്ഷേ, ബംഗാളല്ല, പ്രബുദ്ധമായ കേരളമെന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിലൂടെ മലയാളികള് കാണിച്ചു കൊടുത്തു. 2026ല് അതവര്ക്കു കൂടുതല് ബോധ്യമാകും.
(ഡോ. ശൂരനാട് രാജശേഖരന്‍, കെ.പി. സി.സി രാഷ്ട്രിയ കാര്യ സമിതി അംഗവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് ലേഖകന്‍)