അഴിക്കുള്ളിലാകുമ്പോഴും രാഷ്ട്രീയം ശോഭനമാകുമെന്ന് പ്രതീക്ഷ; പഴയ രാഷ്ട്രീയ ഗുരു ചെന്നിത്തലയുടെ പരസ്യ പിന്തുണ ആശ്വാസം; സുധാകരന്‍ അനുകൂലിച്ചതും പ്രതീക്ഷ; ഒന്നും പറയാതെ വിഡി സതീശന്‍; മുസ്ലീം ലീഗും പരസ്യമായി പിന്തുണച്ചില്ല; തവനൂരിലെ ജയില്‍ വാസം അന്‍വറിന് രാഷ്ട്രീയ തിരിച്ചു വരവാകുമോ?
മലപ്പുറം: അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചപ്പോഴും പിവി അന്‍വര്‍ എംഎല്‍എ പ്രതീക്ഷയില്‍. തന്റെ യുഡിഎഫ് പ്രവേശനത്തിന് അറസ്റ്റ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. വനം വകുപ്പ് ഓഫീസ് അന്‍വറിന്റെ അണികള്‍ അടിച്ചു തകര്‍ത്തതും ഇതിന് വേണ്ടി കൂടിയാണ്. സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുന്ന പ്രതിപക്ഷ എംഎല്‍എ എന്ന സന്ദേശമാണ് അന്‍വര്‍ ഇതിലൂടെ നല്‍കാന്‍ ശ്രമിച്ചത്. എന്നാല്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസെടുത്ത് അന്‍വറിനെ പിണറായി പോലീസ് അറസ്റ്റു ചെയ്തു. ഇടതുപക്ഷത്ത് നില്‍ക്കുമ്പോള്‍ എതിരാളികളെ എല്ലാം പോലീസിനെ ഉപയോഗിച്ച് ഇല്ലായ്മ ചെയ്യാന്‍ കള്ള പരാതികള്‍ കൊടുത്ത അന്‍വറിന് തീര്‍ത്തും തിരിച്ചടിയായി ഈ അറസ്റ്റ് എന്നതാണ് വസ്തുത. അതിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തലയും അന്‍വറിനെ പിന്തുണച്ചു. ഇത് കോണ്‍ഗ്രസിലെ രണ്ട് പ്രധാന നേതാക്കളുടെ പിന്തുണ തനിക്കൊപ്പമാണെന്ന തിരിച്ചറിവ് അന്‍വറിന് നല്‍കുന്നുണ്ട്. ഭാവി രാഷ്ട്രീയത്തെ ശോഭനമാക്കാന്‍ ഈ രണ്ട് നേതാക്കളുടേയും പിന്തുണ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
രൂക്ഷമായ ഭാഷയിലാണ് രമേശ് ചെന്നിത്തലയും സുധാകരനും പ്രതികരിച്ചത്. പൊതുമുതല്‍ നശിപ്പിച്ച കേസിന്റെപേരില്‍ പി.വി. അന്‍വറിന്റെ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റുചെയ്യേണ്ട രാഷ്ട്രീയസാഹചര്യം എന്താണെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ചോദിച്ചു. പൊതുപ്രവര്‍ത്തകനും എം.എല്‍.എ.യുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിന് പോലീസ് അമിതവ്യഗ്രത കാണിച്ചു. സി.പി.എം. സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോള്‍ അന്ന് കേസെടുക്കാന്‍ പോലീസ് മടികാണിച്ചു. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന കൂട്ടത്തിലായിരുന്നു. അന്ന് പോലീസ് കാണിക്കാത്ത ആത്മാര്‍ഥത അന്‍വറിനെ അറസ്റ്റുചെയ്യാന്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അതിനുപിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന്റെ പിന്തുണയില്‍ കോണ്‍ഗ്രസിലേക്ക് കയറാന്‍ അന്‍വര്‍ ശ്രമിച്ചിരുന്നു. പക്ഷേ ചില യുഡിഎഫ് പാരകള്‍ അതിന് അനുവദിച്ചില്ല. അതിനിടെയാണ് പുതിയ രാഷ്ട്രീയ സാഹചര്യം അന്‍വര്‍ സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്ലീം വിരുദ്ധ ആരോപിക്കുന്ന അന്‍വറിന്റെ തന്ത്രവും യുഡിഎഫ് ക്യാമ്പ് ലക്ഷ്യമിട്ടാണ്. ന്യൂനപക്ഷ വേട്ടയുടെ ഇരയാണ് താനെന്ന് ഇനി അന്‍വര്‍ ആവര്‍ത്തിക്കും.
അന്‍വറിനെ രാത്രി വീടുവളഞ്ഞ് അറസ്റ്റുചെയ്ത പോലീസ് നടപടി ഭരണകൂട ഭീകരതയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അദ്ദേഹം ഒരു എം.എല്‍.എ. ആണ്. അദ്ദേഹത്തിന്റെ വീടുവളഞ്ഞ് രാത്രിയില്‍ അറസ്റ്റുചെയ്യേണ്ട സാഹചര്യങ്ങളൊന്നും നിലവിലില്ല. അദ്ദേഹം എങ്ങോട്ടും ഒളിക്കാന്‍ പോകുന്നില്ല. പൊതുമുതല്‍ നശിപ്പിച്ചുവെന്ന കേസ് രാത്രി വീടുവളഞ്ഞ് അറസ്റ്റുചെയ്യാന്‍ തക്കവണ്ണമുള്ള ഒരു വലിയ പ്രശ്‌നമല്ല. ഇത് മുന്‍കാലങ്ങളില്‍ നടന്ന രാഷ്ട്രീയപ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഭരണകൂടഭീകരതയുടെ ഏറ്റവും വൃത്തികെട്ട മുഖം കാണിക്കുന്ന സംഭവമാണ് -ചെന്നിത്തല പ്രതികരിച്ചു. അതായത് ചെന്നിത്തലയും സുധാകരനും നിലപാട് പറഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മൗനത്തിലായി. മുസ്ലീം ലീഗും പരസ്യ പ്രതികരണത്തിന് മുതിര്‍ന്നില്ല. ചെന്നിത്തലയും സുധാകരനും അനുകൂലിക്കുമ്പോഴും യുഡിഎഫില്‍ സര്‍വ്വ സമ്മതനല്ല അന്‍വര്‍ എന്നതാണ് വസ്തുത. കോണ്‍ഗ്രസുകാരനായിരുന്നു അന്‍വര്‍. നിയമസഭാ സീറ്റ് കിട്ടാത്തതു കൊണ്ട് ഇടതുപക്ഷത്തേക്ക് മാറിയ ഐ ഗ്രൂപ്പുകാരന്‍. കോണ്‍ഗ്രസിലുണ്ടായിരുന്നപ്പോള്‍ ചെന്നിത്തലയായിരുന്നു നേതാവ്. ആ ചെന്നിത്തലയാണ് അതിശക്തമായി വീണ്ടും അന്‍വറിന്റെ അറസ്റ്റിനെ വിമര്‍ശിച്ചത്. ഇത് അന്‍വറിനെ ചെന്നിത്തല ഇപ്പോഴും പിന്തുണയ്ക്കുന്നുവെന്നതിന് തെളിവാണ്.
അന്‍വര്‍ എം.എല്‍.എയെ അറസ്റ്റു ചെയ്യുമെന്നറിഞ്ഞതോടെ ഒതായിയില്‍ അദ്ദേഹത്തിന്റെ വസതിക്കടുത്ത് വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം രാത്രി ഏഴേമുക്കാലോടെതന്നെ വീടിനു പുറത്തു നിലയുറപ്പിച്ചിരുന്നു. രണ്ടു ബസിലും ജീപ്പുകളിലുമൊക്കെയാണ് പോലീസ് സംഘമെത്തിയത്. വീടിന്റെ കവാടത്തിനു മുന്‍പില്‍ 50-ഓളം പോലീസുകാര്‍ നിലയുറപ്പിച്ചു. അതേസമയം വീടിനുള്ളില്‍നിന്ന് പുറത്തിറങ്ങാതെ നിയമോപദേശം തേടി അന്‍വറും. പക്ഷേ അറസ്റ്റു തടയാന്‍ ആ നിയമോപദേശത്തിനായില്ല. 9.20 ഓടെ മുറിക്ക് പുറത്തിറങ്ങി. അറസ്റ്റുമായി സഹകരിക്കുമെന്ന് അറിയിച്ചു. ഡോക്ടറെക്കണ്ട് ആരോഗ്യ പരിശോധന നടത്തിയശേഷം അറസ്റ്റിനു വഴങ്ങാനാണ് തീരുമാനമെന്നും മാധ്യമങ്ങളെ അറിയിച്ചു. എം.എല്‍.എ.യായതിനാല്‍ നിയമത്തിനു കീഴടങ്ങുകയാണെന്നും ജീവന്‍ ബാക്കിയുണ്ടെങ്കില്‍ ബാക്കി നമുക്കു കാണാമെന്നും വ്യക്തമാക്കി.
'ക്രിമിനലുകളെ തൊടാന്‍ പോലീസിനു ഭയമാണ്. ജയിലില്‍ നിന്നിറങ്ങി സമരവുമായി മുന്നോട്ടുപോകും. ഗുണ്ടയെ അറസ്റ്റു ചെയ്യുംവിധം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഈ അറസ്റ്റ്. മോദിക്കെതിരേ പറയുന്ന പിണറായി വിജയന്‍ അതിലേറെ ഭരണകൂട ഭീകരതയാണ് സൃഷ്ടിക്കുന്നത്. വാ തുറക്കരുതെന്ന സന്ദേശമാണ് ഇതുവഴി നല്‍കുന്നത്'' -അന്‍വര്‍ പറഞ്ഞു. അദ്ദേഹം പോലീസിനൊപ്പം പുറത്തിറങ്ങി. 9.40-ന് പോലീസ് അറസ്റ്റു രേഖപ്പെടുത്തി. പോലീസിന്റെ വാഹനത്തില്‍ കയറാനായി നീങ്ങി. ഇതോടെ അനുയായികള്‍ മുദ്രാവാക്യം വിളിച്ചു രംഗത്തെത്തി. പിന്നെ പോലീസിനൊപ്പം പോയി. ആശുപത്രിയില്‍ നിന്നും മജിസ്‌ട്രേട്ടിന്റെ വീട്ടിലേക്ക്. മജിസ്‌ട്രേട്ട് 14 ദിവസം റിമാന്‍ഡും ചെയ്തു. തവനൂര്‍ ജയിലിലുമായി.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് തകര്‍ത്തതില്‍ അറസ്റ്റിലായ അന്‍വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. കൃത്യനിര്‍വഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അന്‍വറിനെ അറസ്റ്റ് ചെയ്തത്. കേസില്‍ പി.വി.അന്‍വര്‍ ഒന്നാം പ്രതിയാണ്. അന്‍വറുള്‍പ്പെടെ 11 പ്രതികളാണുള്ളത്. മറ്റു 4 പ്രതികളെയും റിമാന്‍ഡ് ചെയ്തു. ഇവരെ മഞ്ചേരി സബ് ജയിലിലേക്കാണ് മാറ്റുക. ഇന്ന് ജാമ്യാപേക്ഷ നല്‍കുമെന്ന് അന്‍വര്‍ അറിയിച്ചു.
കഴിഞ്ഞദിവസം കരുളായി ഉള്‍വനത്തില്‍ ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട മണി എന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചത്. സമരക്കാര്‍ ഓഫിസിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പൊലീസ് നടപടി.