എങ്ങനെയും യുഡിഎഫില്‍ കയറിപ്പറ്റാന്‍ പി വി അന്‍വര്‍; ഡി.എഫ്.ഒ ഓഫീസ് ആക്രമണം വാര്‍ത്തകളില്‍ നിറയാന്‍; അറസ്റ്റോടെ യുഡിഎഫ് നേതാക്കള്‍ പിന്തുണച്ചത് പിടിവള്ളിയാക്കും; 'ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ' എന്നു പറഞ്ഞ് എതിര്‍പ്പറിയിച്ചു ആര്‍എസ്പി; അന്‍വറിന് യുഡിഎഫില്‍ ഇടം കൊടുക്കുന്നതില്‍ മുന്നണിയില്‍ ഭിന്നത ശക്തം

എങ്ങനെയും യുഡിഎഫില്‍ കയറിപ്പറ്റാന്‍ പി വി അന്‍വര്‍

Update: 2025-01-06 09:56 GMT

തിരുവനന്തപുരം: ഇന്നലെ ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസില്‍ അറസ്റ്റിലാകുന്നത് വരെ ഇടക്കാലം കൊണ്ട് സംസ്ഥാന രാഷ്ട്രീയത്തില്‍ ഒട്ടും പ്രസക്തനല്ലാത്ത നേതാവായിരുന്നു പി വി അന്‍വര്‍. ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഹൈപ്പുണ്ടാക്കി നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചിട്ടും എല്ലാം പാളിയതോടെ കരുത്തു ചോര്‍ന്ന അന്‍വര്‍ ഇനി എങ്ങോട്ട് എന്ന ചിന്തയിലായിരുന്നു. കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ ഒറ്റക്കുള്ള പോക്കാ സാധ്യമല്ലെന്ന ബോധ്യം അന്‍വറിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും യുഡിഎഫ് മുന്നണിയില്‍ കയറാനുള്ള തീവ്രശ്രമമാണ് അന്‍വര്‍ നടത്തിവത്. ആ ശ്രമത്തിന്റെ ഒടുവിലത്തെ എപ്പോസോഡാണ് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമണത്തില്‍ കണ്ടത്.

വാര്‍ത്തകളില്‍ നിന്നും അപ്രസക്തനായി മാറിയ ഘട്ടത്തിലാണ് അന്‍വര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതും ആക്രമണത്തില്‍കലാശിച്ചതും. ഇതോട പോലീസ് സ്വാഭാവിക നടപടി എന്ന നിലയില്‍ കേസെടുത്തു. അടുത്ത നടപടി എന്ന നിലയിലാണ് അറസ്റ്റിലേക്കും കടന്നത്. ഈ അറസ്റ്റ് അന്‍വറും പ്രതീക്ഷിച്ചിരുന്നു എന്നു വേണം കരുതാന്‍. പോലീസ് നടപടി മാധ്യമങ്ങളിലൂടെ സജീവമായതോടെ അറസ്റ്റും ജയില്‍വാസവും യുഡിഎഫിലേക്കുള്ള പാലമായി മാറ്റുകയാണ് അന്‍വറും കൂട്ടരും ലക്ഷ്യമിട്ടത്. പിണറായിക്കെതിരെ പ്രതികരിക്കുന്ന നേതാവ് എന്ന പ്രതീതിയുണ്ടാക്കി യുഡിഎഫിലേക്ക ചേക്കേറാനാണ് അന്‍വര്‍ ലക്ഷ്യമിട്ടത്. ജയില്‍വാസം അതിന് അരങ്ങൊരുക്കുകയാണ് ചെയ്തത്.

ഇന്ന് മാധ്യമങ്ങളൂടെ അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. അന്‍വറിന്റെ അറസ്റ്റിനെ അപലപിച്ചു നേതാക്കള്‍ രംഗത്തുവന്നതോടെ അത് അന്‍വറിന് അനുകൂലമായി മാറുകയാണ്. യുഡിഎഫ് പ്രവേശനത്തെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് നയിക്കാന്‍ പോലീസ് നടപടിയിലൂടെ സാധിച്ചുവെന്നതാണ് വസ്തുത. അതേസമയം അന്‍വര്‍ മുന്നണിക്കാതെ തലവേദയാകുമെന്ന വികാരവും ഒരു വിഭാഗത്തില്‍ ശക്തമാണ്. കോണ്‍ഗ്രസിലും ലീഗിലും അന്‍വറിനെ എതിര്‍ക്കുന്നവര്‍ ഉണ്ടെന്നതാണ് അവസ്ഥ.

ഫോറസ്റ്റ് ഓഫിസ് ആക്രമണക്കേസില്‍ അറസ്റ്റിലായ പി.വി.അന്‍വര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി ആര്‍എസ്പി രംഗത്തുവന്നു കഴിഞ്ഞു. നിലപാടെടുക്കാന്‍ സമയമായിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു. അന്‍വറിന് ഓരോ ദിവസവും ഓരോ നിലപാടാണ്. പിണറായി വിരുദ്ധത മാത്രമല്ല മുന്നണി പ്രവേശനത്തിന്റെ മാനദണ്ഡം. അന്‍വര്‍ ഇതുവരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഓരോ ദിവസവും കിട്ടുന്നവരെ അധിക്ഷേപിച്ചു പോകുന്ന രാഷ്ട്രീയമാണ് അന്‍വറിന്റേത്. പിണറായി വിജയന് എതിരെ സംസാരിക്കുമ്പോഴും എന്താണ് അന്‍വര്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമെന്ന് ഞങ്ങള്‍ക്കു ബോധ്യപ്പെട്ടിട്ടില്ല. ഉപ്പിലിട്ടതല്ലേ ഉള്ളൂ, ഉപ്പു പിടിക്കട്ടെ എന്നിട്ടു തീരുമാനിക്കാം. അന്‍വറിന് യുഡിഎഫ് അനുകൂല കാഴ്ചപ്പാടുണ്ടായിരുന്നെങ്കില്‍ ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാടില്ലായിരുന്നു. ചേലക്കരയില്‍ അടക്കം അന്‍വറിന്റെ അരാഷ്ട്രീയമാണ് തെളിഞ്ഞതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

ഷിബുവിന്റെ അതേവികാരം പങ്കുവെക്കുന്നവര്‍ ലീഗിലും കോണ്‍ഗ്രസിലുണ്ട്. വയ്യാവേലി തലയില്‍ വെക്കണോ എന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. അതേസമയം പി.വി.അന്‍വറിന്റെ യു.ഡി.എഫ് പ്രവേശത്തില്‍ അനൗദ്യോഗിക ചര്‍ച്ച നടന്നിട്ടുണ്ടെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ യു.ഡി.എഫ് ചെയര്‍മാനായ താനറിഞ്ഞ് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്ന് വി.ഡി.സതീശന്‍ പ്രതികരിച്ചു. അതൊക്കെ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം അന്‍വറിന്റെ യുഡിഎഫ് പ്രവേശം ചര്‍ച്ച ചെയ്യില്ലെന്നും മുന്‍കൂട്ടി നിശ്ചയിച്ച വിഷയങ്ങളാവും പരിഗണിക്കുക എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. നേരത്തെ കെപിസിസി യോഗത്തില്‍ അന്‍വറിന്റെ യുഡിഎഫ് പ്രവേശനം ചര്‍ച്ചചെയ്യുമെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു. കൂടാതെ ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയും അന്‍വര്‍ യുഡിഎഫിന് തലവേദനയായിരുന്നു. ഇപ്പോള്‍ എങ്ങനെയെങ്കിലും യുഡിഎഫില്‍ കയറിപറ്റാന്‍ ശ്രമിക്കുന്ന അന്‍വര്‍ ഭാവിയില്‍ യുഡിഎഫിന് വലിയ തലവേദനയാകുമെന്ന കാര്യം ഉറപ്പാണ്. ഇതിലാണ് നേതാക്കള്‍ക്ക് ആശങ്കയുള്ളത്.

അതേസമയം, ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ അന്‍വറിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പി.വി. അന്‍വറിന്റെ നേതൃത്തിലുള്ള സംഘം പൊലീസിനെ ആക്രമിച്ചുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ ചവിട്ടിപ്പരുക്കേല്‍പ്പിച്ചു. ഓഫിസ് സാമഗ്രികള്‍ തകര്‍ത്തു. 35,000 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട്. അതേസമയം പി.വി.അന്‍വറിന്റെ ജാമ്യാപേക്ഷ നിലമ്പൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചശേഷം വാദം കേള്‍ക്കും.

അന്‍വറിന് പുറമേ ഡിഎംകെ പ്രവര്‍ത്തകരായ സുധീര്‍ പുന്നപ്പാല, മുസ്തഫ പട്ടാമ്പി, ഷൗക്കത്ത് പനമരം, കുഞ്ഞിമുഹമ്മദ് എന്നിവരേയും റിമാന്‍ഡ് ചെയ്തിരുന്നു. ഡിഎംകെ പ്രവര്‍ത്തകരേയും തവനൂര്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. നിലമ്പൂരില്‍ കാട്ടനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ച് തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പി വി അന്‍വറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags:    

Similar News