മുസ്ലീം വോട്ട് ചോര്‍ന്നെന്ന് ഉറപ്പായപ്പോള്‍ ഹിന്ദു വോട്ട് പിടിക്കാന്‍ പിണറായിയുടെ പൂഴിക്കടകന്‍; ഈഴവ വോട്ടുകള്‍ ബിജെപി കൊണ്ടു പോകുമെന്ന് ആശങ്കയും തിരക്കഥയ്ക്ക് പിന്നില്‍; വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം മുന്‍കൂട്ടി എഴുതിയ തിരക്കഥയുടെ ഭാഗം: ചേര്‍ത്തലയിലെ പിണറായിയുടെ വെള്ളാപ്പള്ളി സ്തുതിക്ക് പിന്നിലെ കഥയിങ്ങനെ

മുസ്ലീം വോട്ട് ചോര്‍ന്നെന്ന് ഉറപ്പായപ്പോള്‍ ഹിന്ദു വോട്ട് പിടിക്കാന്‍ പിണറായിയുടെ പൂഴിക്കടകന്‍

Update: 2025-04-12 06:02 GMT

തിരുവനന്തപുരം: അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആറ് മണി വാര്‍ത്താ സമ്മേളനവുമായി പതിവായി എത്തിയപ്പോള്‍ അത് തുടര്‍ഭരണത്തിനുള്ള അവസരം ആകുമെന്ന് പ്രതിപക്ഷം കരുതിയിരുന്നില്ല. കോവിഡ് കാലത്ത് സൃഷ്ടിച്ച കരുതല്‍ ഇമേജും അതിനൊപ്പമുള്ള പി ആര്‍ വര്‍ക്കും കൂടിയായപ്പോള്‍ കേരളത്തില്‍ മറ്റാര്‍ക്കും സാധിക്കാത്ത കാര്യം തുടര്‍ഭരണം പിണറായി വിജയന്‍ നേടിയെടുത്തു. ഇതിന് ശേഷം കാലങ്ങളേറെ കഴിഞ്ഞു. പതിവു പോലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയേറ്റു. പതിവിന് വിപരീതമായി കേരളത്തില്‍ നിന്നും ഒരു ബിജെപി എംപിയുണ്ടായി. മാത്രമല്ല, ബിജെപിയുടെ മുന്നേറ്റം കണ്ട് സിപിഎം ശരിക്കും ഞെട്ടുന്നതും കണ്ടു.

ഇതിനിടെ സംസ്ഥാനത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പിന് കൂടി കളമൊരുങ്ങുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഇപ്പോള്‍ ഇടതു മുന്നണിക്ക് അത്രയ്ക്ക് അനുകൂലമല്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കേസും പി വി അന്‍വര്‍ ഉണ്ടാക്കിയ രാഷ്ട്രീയ വിവാദങ്ങളുമെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ പ്രതിച്ഛായയെ തകര്‍ത്തിട്ടുണ്ട്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ മാത്രമാണ് സിപിഎം വിജയിച്ചതും. ഇതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കാര്യങ്ങളൊന്നും അത്രയ്ക്ക് എളുപ്പമല്ലാത്ത അവസ്ഥയിലാണ്. എന്താകും നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതു തന്ത്രം എന്നാണ് അറിയേണ്ടത്. അതിന്റെ സൂചനകള്‍ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വിവാദ പ്രസംഗവും മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനോട് പ്രതികരിച്ച രീതുയും ഈ തന്ത്രങ്ങളുടെ തുടര്‍ച്ചയായി കണക്കാക്കപ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയും അടുത്തകാലത്തായി ന്യൂനപക്ഷങ്ങള്‍ സിപിഎമ്മില്‍ നിന്നും അകലുന്നു എന്നും മനസ്സിലായതോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങള്‍ പിണറായി മാറ്റിപ്പിടിക്കുന്നത്. മുസ്ലിം വോട്ടുബാങ്ക് വിവിധ വിഷയങ്ങളിലെ നിലപാടുമായി ബന്ധപ്പെട്ട് പൂര്‍ണമായും അകന്ന അവസ്ഥയിലാണ്. അതേസമയം എക്കാലവും സിപിഎമ്മിനൊപ്പം നിന്ന ഈഴവ വോട്ടുബാങ്കില്‍ ബിജെപി വലിയ തോതില്‍ സ്വാധീനമുണ്ടാക്കുകയും ചെയ്തു. ഈ തിരിച്ചറില്‍ നിന്നാണ് ഇപ്പോള്‍ സിപിഎം തന്ത്രങ്ങള്‍ മെനയുന്നത്.

വെള്ളാപ്പള്ളി നടേശന്‍ നിലമ്പൂരില്‍ എത്തി നടത്തിയ വിവാദ പരാമര്‍ശം മുന്‍കൂട്ടി എഴുതിയ തിരക്കഥയുടെ ഭാഗമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മുസ്ലിം വോട്ടുബാങ്കിനെ ആശ്രയിച്ചു മുന്നോട്ടു പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈഴവ വോട്ടുകള്‍ ഉറപ്പിക്കാനാണ് പിണറായിയുടെ നോട്ടം. ഇതിനായാണ് ചേര്‍ത്തലയില്‍ വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിച്ചതും. ഹിന്ദു വോട്ടുകള്‍ ഇടതു മുന്നണിയില്‍ നിലനിര്‍ത്തിയാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍ഡിഎഫിന് ഗുണകരമാകുമെന്നാണ് കണക്കുകൂട്ടല്‍.


Full View

വരും ദിവസങ്ങളില്‍ സിപിഎം പയറ്റാന്‍ പോകുന്ന രാഷ്ട്രീയം എന്തെന്ന് വ്യക്തമാക്കുന്നതാണ് ചേര്‍ത്തലയിലെ പിണറായിയുടെ വാക്കുകള്‍. വെള്ളാപ്പള്ളിയെ പൂര്‍ണമായും ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശം ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏതെങ്കിലും മതവിഭാഗത്തിനെതിരേ നിലപാടു സ്വീകരിക്കുന്നയാളല്ല വെള്ളാപ്പള്ളി നടേശനെന്ന് അദ്ദേഹത്തെ അറിയുന്നവര്‍ക്ക് അറിയാം. വിവിധ മതവിഭാഗങ്ങളെ യോജിപ്പിച്ചു കൊണ്ടുപോകുന്നതില്‍ അദ്ദേഹം മുന്നില്‍നിന്നിട്ടുണ്ട്.

കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കാനുള്ള പ്രത്യേകശേഷി വെള്ളാപ്പള്ളിക്കുണ്ട്. നാട്ടുഭാഷയില്‍ പറഞ്ഞാല്‍, സരസ്വതീവിലാസം നാക്കിലുണ്ട്. എന്നാല്‍, തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കുന്ന സാഹചര്യം ഒരു പ്രസംഗത്തില്‍ വന്നു. ഇക്കാര്യത്തില്‍ അവധാനതയോടെ അദ്ദേഹം നീങ്ങണം. വെള്ളാപ്പള്ളി എന്തെങ്കിലും തെറ്റു ചെയ്തു എന്ന അര്‍ഥത്തിലല്ല ഇക്കാര്യം പറയുന്നത്. എന്തിനെയും വക്രീകരിക്കാന്‍ നോക്കുന്ന കാലമാണിത്. വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയപ്രസ്ഥാനത്തെക്കുറിച്ചാണ്. അവരെ സംരക്ഷിക്കാന്‍ വന്നവര്‍ ഒന്നിച്ച് വെള്ളാപ്പള്ളിക്കെതിരേ രംഗത്തുവന്നു-മുഖ്യമന്ത്രി പറഞ്ഞു.

തന്നെ പുകഴ്ത്തിയതിന് പിന്നാലെ വെള്ളാപ്പള്ളി പിണറായി വിജയന്‍ തുടര്‍ഭരണം നേടുമെന്നും പറഞ്ഞു. സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നോക്കിയാല്‍ പിണറായി വിജയന്‍തന്നെ ഭരണത്തുടര്‍ച്ച നേടാനുള്ള കാലാവസ്ഥയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തോടും പിന്നാക്ക സമുദായങ്ങളോടും എപ്പോഴും കരുണാമയമായ സമീപനമാണ് പിണറായി വിജയന്. സര്‍ക്കാരുമായുള്ള ഇടപെടലുകളില്‍ പല കുറവുകളും ഉണ്ടാകാറുണ്ടെങ്കിലും അതൊന്നും പൊതുവേദിയില്‍ പറയാതെ മുഖ്യമന്ത്രിയുമായി സ്വകാര്യമായി സംസാരിച്ച് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യാറുള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഭരണത്തുടര്‍ച്ചയ്ക്ക് ആശംസയും നേര്‍ന്നു.

അതേസമയം വെള്ളാപ്പള്ളി നടേശന് പുകഴ്ത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പഴയ വാചകങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാകുന്നുണ്ട്. കോഴിക്കോട് മാന്‍ ഹോളില്‍ മരണപ്പെട്ട നൗഷാദിനെ കുറിച്ച് പറഞ്ഞ വാചകങ്ങളും ആര്‍എസ്എസിന്റെ നാവ് കടമെടുത്ത ആളാണ് വെള്ളാപ്പള്ളി എന്നുമുള്ള മുഖ്യമന്ത്രിയുടെ പഴയ നിലപാട് ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുള്ളത്. വെള്ളാപ്പള്ളിയെക്കുറിച്ച് 10 വര്‍ഷം മുമ്പ് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

'അഴുക്കുചാല്‍ വൃത്തിയാക്കവേ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട ഓട്ടോതൊഴിലാളിയും വേങ്ങേരി സ്വദേശിയുമായ നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ അധിക്ഷേപം മനുഷ്യത്വം ഇല്ലായ്മയും വെളിവില്ലായ്മയും ആണ്. കേരളത്തിലെ തൊഗാഡിയ ആകാന്‍ നോക്കുന്ന വെള്ളാപ്പള്ളി വര്‍ഗീയ വിഷം വമിപ്പിക്കുകയാണ്. അപകടത്തില്‍ പെട്ടവരുടെ മതവും ജാതിയും നോക്കിയല്ല നൗഷാദ് മരണത്തിലേക്ക് എടുത്തു ചാടിയത്. ആ ത്യാഗത്തെ നാടാകെ വിലമതിക്കുന്നു. അതിന്റെ പ്രഭ ഇല്ലാതാക്കാന്‍ ഒരു വര്‍ഗീയ ഭ്രാന്തിനും കഴിയില്ല' -എന്നായിരുന്നു 2015 നവംബര്‍ 29നുള്ള ഒരു പോസ്റ്റ്.

'ആര്‍ എസ് എസിന്റെ നാവുകടമെടുത്ത് വെള്ളാപ്പള്ളി നടേശന്‍ സഖാവ് വി.എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം. ആര്‍ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ അഹംഭാവം എത്രമാത്രം ഹീനമായ തലത്തില്‍ എത്തിക്കുന്നു എന്നാണ് മുതിര്‍ന്ന നേതാക്കളെ തുടര്‍ച്ചയായി അവഹേളിക്കുന്നതിലൂടെ കാണാനാകുന്നത്.

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തെ ഒരിക്കലും ഉള്‍ക്കൊള്ളുന്നതല്ല ആര്‍ എസ് എസ് രാഷ്ട്രീയം . അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വര്‍ഗീയതയുടെ വഴിയിലേക്ക് നയിക്കാന്‍ ആര് ശ്രമിച്ചപ്പോഴും ചെറുത്തു നിന്ന പാരമ്പര്യമാണ് ശ്രീനാരായണീയരുടേത്. 'മതമെന്നാല്‍ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.'എന്ന ശ്രീനാരായണ വാക്യം നെഞ്ചില്‍ കൊണ്ട് നടക്കുന്ന ഒരു ജനതയെ, മാട്ടിറച്ചി ഭക്ഷിച്ചു എന്ന് ആരോപിച്ചു മനുഷ്യനെ തല്ലിക്കൊല്ലുന്ന വര്‍ഗീയ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഒരു നീക്കവും കേരളത്തില്‍ വിജയിക്കില്ല' എന്നാണ് 2015 ഒക്ടോബര്‍ അഞ്ചിനുള്ള പോസ്റ്റില്‍ കുറിച്ചത്.

ഈ പോസ്റ്റിന് ഘടകവിരുദ്ധമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടും. ഇതിന് പിന്നിലെ രാഷ്ട്രീയ താല്‍പ്പര്യം വ്യക്തമാണ് താനും. നേരത്തെ നിലമ്പൂരില്‍ വെച്ചാണ് വെള്ളാപ്പള്ളി വിവാദ പരാമര്‍ശം ഉണ്ടായത്. നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതു മുന്നണിക്ക് വേണ്ടിയാണ് വെള്ളാപ്പള്ളി ഈ പരാമര്‍ശം നടത്തിയതെന്ന് സൂചനകളുണ്ടായത്. ഈ പരാമര്‍ശത്തെ മുസ്ലിം സംഘടനകള്‍ കൂട്ടത്തോടെ എതിര്‍ത്തപ്പോഴാണ് പിണറായി വെള്ളാപ്പള്ളിക്ക് ഓശാന പാടുന്നത് എന്നതും ശ്രദ്ധേയാണ്.

ബിജെപിയുടെ പുതിയ നേതൃത്വം സ്വന്തം നിലയില്‍ വളരാന്‍ ശ്രമിക്കുന്നുണ്ട്. ക്രൈസ്തവ -ഹിന്ദു വോട്ടുബാങ്കുകളിലാണ് ബിജെപിയുടെ കണ്ണ്. രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതും കൃത്യമായ നീക്കത്തോടെയാണ്. ഇതോടെ സിപിഎം നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ച്ച പ്രതീക്ഷിക്കുന്നു. ഇത് മുന്‍കൂട്ടി കണ്ടുള്ള നീക്കങ്ങളാണ് ഇപ്പോള്‍ പിണറായി നടത്തുന്നതും.

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നായിരുന്നു ചുങ്കത്തറയില്‍ നടന്ന എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ കണ്‍വെന്‍ഷനില്‍ വെള്ളാപ്പള്ളി പറഞ്ഞത്. ''നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുപോലും ജീവിക്കാന്‍ സാധിക്കുന്നില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണ്.

അതുകൊണ്ട് തന്നെ എന്തുപറ്റി ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്ര നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ അംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ട്, ബാക്കിയെന്തിലാണ് പ്രാതിനിധ്യം?. ഒരു കോളജുണ്ടോ? ഹയര്‍സെക്കന്‍ഡറി സ്‌കൂളുണ്ടോ...എന്താണ് നമുക്ക് മലപ്പുറത്തുള്ളത്? എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്. വോട്ടുകുത്തി യന്ത്രങ്ങള്‍. വോട്ടും മേടിച്ച് പോയാല്‍ ആലുവ മണപ്പുറത്ത് വച്ച കണ്ട പരിചയം പോലും കാണിക്കാറില്ല'' വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ മുസ്ലിംലീഗാണ് ആദ്യം പ്രതികരണവുമായി രംഗത്തുവന്നത്.

Tags:    

Similar News