കിഫ്ബിയില്‍ സിഎജി ഓഡിറ്റ് അടക്കം എല്ലാം സുതാര്യം; കിഫ്ബിയുടെ നേട്ടങ്ങള്‍ പ്രതിപക്ഷ നേതാവിനെ ചൊടിപ്പിക്കുന്നു; പദ്ധതികള്‍ക്ക് യൂസര്‍ ഫീ ഈടാക്കും; യൂസര്‍ ഫീ വരുമാനം കൊണ്ട് കിഫ്ബി ലോണുകള്‍ തിരിച്ചടയ്ക്കാനാകും; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി

കിഫ്ബിയില്‍ സിഎജി ഓഡിറ്റ് അടക്കം എല്ലാം സുതാര്യം

Update: 2025-02-12 10:59 GMT

തിരുവനന്തപുരം: കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിറണായി വിജയന്‍.  കിഫ്ബി പദ്ധതികള്‍ക്ക് യൂസര്‍ ഫീ എന്നത് സ്ഥിരീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഇന്ന് രംഗത്തുവന്നത്. യൂസര്‍ ഫീ വരുമാനം കൊണ്ട് കിഫ്ബി ലോണുകള്‍ തിരിച്ചടയ്ക്കാനാകുമെന്ന് മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. അതുവഴി സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് കാലക്രമേണ ഘട്ടം ഘട്ടമായി ഒഴിവാക്കാനാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കിഫ്ബി എന്നത് കേരളത്തിന്റെ ചരിത്രത്തിലെ ഒരു നൂതനവും ധീരവുമായ കാല്‍വയ്പാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കിഫ്ബി വികസനത്തിന്റെ ബദല്‍ മാതൃകയാണ്, അതിന്റെ നേട്ടങ്ങള്‍ പ്രതിപക്ഷ നേതാവിനെ ചൊടിപ്പിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. യാഥാസ്ഥിതിക കാഴ്ചപ്പാടുകളുമായി നില്‍ക്കുന്ന അദ്ദേഹത്തിന് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോവുന്നതില്‍ അത്ഭുതവുമില്ല- മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയെപ്പറ്റി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയവെയായിരുന്നു പ്രതിപക്ഷ നേതാവിന് നേര്‍ക്കുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം. കിഫ്ബി ഇന്നത്തെ നിലയില്‍ പരിവര്‍ത്തിക്കപ്പെട്ട പശ്ചാത്തലവും ആ സംവിധാനം ചെയ്ത കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാനുള്ള സാഹചര്യം പ്രതിപക്ഷ നേതാവിനുണ്ടായിരുന്നുവെങ്കില്‍ ഈ ആക്ഷേപങ്ങളൊന്നും ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറാവുമായിരുന്നില്ലെന്നും മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയുടെ പൂര്‍ണരൂപം:

പ്രതിപക്ഷ നേതാവ് കിഫ്ബിയെക്കുറിച്ച് ആക്ഷേപകരമായ നിലയില്‍ പറഞ്ഞ കാര്യങ്ങളിലേക്കു കടക്കുന്നതിനു മുമ്പ്, ഇന്നത്തെ നിലയിലുള്ള കിഫ്ബി എങ്ങനെ ഏതു സാഹചര്യത്തിലാണു രൂപപ്പെട്ടത് എന്നത് ഒന്നു ഹ്രസ്വമായി വിശദീകരിക്കേണ്ടതുണ്ട്. ഇക്കാര്യം അറിയുന്നതു ബഹു. പ്രതിപക്ഷ നേതാവിനും പ്രയോജനപ്പെടും.

കിഫ്ബി ഇന്നത്തെ നിലയില്‍ പരിവര്‍ത്തിക്കപ്പെട്ട പശ്ചാത്തലവും ആ സംവിധാനം ചെയ്ത കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാനുള്ള സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നുവെങ്കില്‍ ഈ ആക്ഷേപങ്ങളൊന്നും ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറാവുമായിരുന്നില്ല. അഥവാ, ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കിയിട്ടു തന്നെയാണ് ആക്ഷേപം ഉന്നയിച്ചത് എന്നാണെങ്കില്‍, അതിനെ രാഷ്ട്രീയ പ്രേരിതം എന്നേ പറയാന്‍പറ്റൂ. രാഷ്ട്രീയ പ്രേരിതമായി പറയുന്ന കാര്യങ്ങള്‍ക്കു വസ്തുതകളുമായി ബന്ധമുണ്ടാവണമെന്നില്ലല്ലൊ. ആ ബന്ധമില്ലായ്മ തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ വാദങ്ങളുടെ ദൗര്‍ബല്യത്തിനടിസ്ഥാനം.

ഏതു സാഹചര്യത്തിലാണ് 1999 ലെ കിഫ്ബി ആക്ട് ഭേദഗതി ചെയ്തത്? സാമ്പത്തിക മരവിപ്പ്, വികസനമുരടിപ്പ്, അടിസ്ഥാന വികസന മേഖലയില്‍ നിശ്ചലത, സാമ്പത്തിക വളര്‍ച്ചയിലെ മാന്ദ്യം, ബജറ്റിനു പുറമെയുള്ള വിഭവസമാഹരണം അസാധ്യമായ നില. ഈ രംഗങ്ങളിലൊന്നും കിഫ്ബിക്ക് ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. കിഫ്ബി എന്ന് ആരും കേട്ടിട്ടുപോലുമില്ലാത്ത സ്ഥിതി. അതായിരുന്നു 2016 വരെയുള്ള സ്ഥിതി.

ഈ മരവിപ്പിനെ മുറിച്ചു കടക്കാനും ബജറ്റിന്റെ പരിമിതിക്കപ്പുറത്തു വിഭവസമാഹരണവും അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിനിയോഗവും ഉറപ്പാക്കാനും അടിയന്തരമായി ചിലതു ചെയ്തേ മതിയാവൂ എന്ന നില വന്നു. ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഭാവനാപൂര്‍ണ്ണവും പ്രായോഗികവുമായി എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലായിരുന്നു 1999 ലെ കേരള അടിസ്ഥാന സൗകര്യ നിക്ഷേപനിധി നിയമം ഭേദഗതി ചെയ്യല്‍.

അങ്ങനെയാണ് കിഫ്ബി വഴിയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അതുവഴി ഉദ്ദേശിച്ചത്. അത് പ്രതീക്ഷകളെയും ലക്ഷ്യങ്ങളെയും കടന്ന് എട്ടര വര്‍ഷം കൊണ്ട് 87,521.36 കോടി രൂപയുടെ 1,147 പദ്ധതികളുടെ വിജയകരമായ നിര്‍വ്വഹണത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.

ഇത് കേരളത്തില്‍ ഒന്നും ശരിയാവില്ല എന്നു വാദിച്ചവരെയും വിഭവങ്ങളുടെ അഭാവത്തില്‍ ആകെ മുരടിക്കുന്ന അവസ്ഥയില്‍ കേരളം അടിഞ്ഞു കിടന്നുകൊള്ളും എന്നു പ്രതീക്ഷിച്ചിരുന്നവരെയും ഒട്ടൊന്നുമല്ല പരിഭ്രമിപ്പിച്ചത്. വഴിയില്ലാത്തിടത്തു വഴി വെട്ടുകയായിരുന്നു, മരവിപ്പിനെ മുറിച്ചു കടക്കുകയായിരുന്നു, അതാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തത്.

ഇരുപത്തഞ്ചോ അമ്പതോ വര്‍ഷം കാത്തിരുന്നാല്‍ മാത്രം ഒരുപക്ഷേ നടന്നേക്കാവുന്ന കാര്യങ്ങള്‍, അത്യന്താപേക്ഷിതമായ അടിസ്ഥാന സൗകര്യ വികസന കാര്യങ്ങള്‍, എന്നിവ ഒട്ടും കാത്തിരിക്കാതെ ഇപ്പോള്‍ തന്നെ ചെയ്യുക. അതും ഭാവി വരുമാനത്തെ സെക്യൂരിറ്റൈസ് ചെയ്തുകൊണ്ട്. വിദൂര ഭാവിയിലേതു സമീപ ഭാവിയിലേക്ക് അടുപ്പിക്കുക. ഭാവി പദ്ധതികളെ വര്‍ത്തമാന കാലത്തു നടപ്പാക്കുക. ഇതാണുണ്ടാവുന്നത്.

വരുമാനത്തിന്റെ ചെറിയൊരു പങ്ക് വര്‍ഷം തോറും കിഫ്ബിക്ക് സര്‍ക്കാര്‍ വിഹിതമായി നല്‍കിക്കൊണ്ടും കിഫ്ബി തനതായി വിഭവസമാഹരണം നടത്തിക്കൊണ്ടും പശ്ചാത്തല സൗകര്യ വികസനം ഉടനടി സാധ്യമാക്കുകയെന്ന ലക്ഷ്യമാണ് നമ്മള്‍ കൈവരിച്ചത്. കിഫ്ബിയെ പുനരിജ്ജീവിപ്പിച്ചതിലൂടെ പ്ലാന്‍ ഫണ്ടിനു പുറമേയുള്ള അധിക വിഭവസമാഹരണവും അതിലൂന്നിയുള്ള വികസന പ്രവര്‍ത്തനങ്ങളുമാണ് സംസ്ഥാനത്ത് നടന്നത്.

കിഫ്ബിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബഹു. പ്രതിപക്ഷനേതാവ് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നല്ലോ. കിഫ്ബിയുടെ പണം എന്നത് നിങ്ങളുടെ ആരുടെയും തറവാട്ട് സ്വത്ത് വിറ്റ് ബാങ്കിലിട്ടിരിക്കുന്ന പണമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വാചകങ്ങളില്‍ ഒന്ന്. തറവാടും സ്വത്തുമൊക്കെയായി അദ്ദേഹം ഇപ്പോഴും കാര്യങ്ങളെ അങ്ങേയറ്റം യാഥാസ്ഥിതികമായാണ് കാണുന്നതെന്ന് ആ വാചകങ്ങള്‍ തെളിയിക്കുന്നുണ്ട്. എന്നാല്‍ കിഫ്ബി എന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു നൂതനവും ധീരവുമായ കാല്‍വയ്പാണ്. വികസനത്തിന്റെ ബദല്‍ മാതൃകയാണ്. അതിന്റെ നേട്ടങ്ങള്‍ അദ്ദേഹത്തെ ചൊടിപ്പിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. യാഥാസ്ഥിതിക കാഴ്ചപ്പാടുകളുമായി നില്‍ക്കുന്ന അദ്ദേഹത്തിന് ഇതൊന്നും ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോവുന്നതില്‍ അത്ഭുതവുമില്ല.

പ്ലാന്‍ ഫണ്ടില്‍ കുറവ് വരുത്തുന്നു എന്നതാണ് പ്രതിപക്ഷ നേതാവിന്റെ ഒരു ആക്ഷേപം. ഇവിടെ കുറച്ച് പഴയ കണക്കുകള്‍ കൂടി നോക്കാം. ബജറ്റ് രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന 3 വര്‍ഷത്തെ ആകെ മൂലധനച്ചെലവ് കേവലം 16,049 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ 3 വര്‍ഷത്തിലെ കിഫ്ബിയിലൂടെ മാത്രമുള്ള മൂലധനച്ചെലവ് ഇതിലധികമാണ്. 17,857 കോടി രൂപയാണ് ബജറ്റിനു പുറമെ, കഴിഞ്ഞ 3 വര്‍ഷത്തില്‍ കിഫ്ബിയിലൂടെ മാത്രം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കിയത്.

ഈ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കഴിഞ്ഞ 3 വര്‍ഷത്തിലെ മൂലധനച്ചെലവ് മാത്രമെടുക്കുക. അത് 41,773 കോടി രൂപയാണ്. ഇത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തിനെക്കാള്‍ 2.6 മടങ്ങാണ് എന്നതാണ് വസ്തുത. ഇനി സംസ്ഥാന സര്‍ക്കാരിന്റെയും കിഫ്ബിയുടെയും ഒരുമിച്ച് കണക്കാക്കിയാല്‍ ഇത് കഴിഞ്ഞ 3 വര്‍ഷത്തില്‍ 59,630 കോടി രൂപയാണ്. അതായത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തിന്റെ 3.72 മടങ്ങ്. ഇത്തരത്തില്‍ സര്‍ക്കാരിന്റെ നേരിടുള്ള മൂലധനച്ചെലവ് ബജറ്റിലൂടെ ഉയര്‍ത്തുന്നതിനു പുറമെ കിഫ്ബിയിലൂടെയും കണ്ടെത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെയാണ് ബഹു. പ്രതിപക്ഷ നേതാവ് പ്ലാന്‍ ഫണ്ടില്‍ കുറവ് വരുത്തുന്നു എന്ന തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണമുയര്‍ത്തുന്നത്.

കിഫ്ബിയുടെ മസാല ബോണ്ടും എ എഫ് ഡി മുഖേന കൊച്ചി മെട്രോ സമാഹരിച്ച വായ്പയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസങ്ങള്‍ പ്രതിപക്ഷ നേതാവിന് കൃത്യമായി മനസിലായതായി തോന്നുന്നില്ല. ഈ വിഷയം സഭയില്‍ നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതും വിശദമായ വിവരങ്ങള്‍ സഭയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നിട്ടും മനസ്സിലാവുന്നില്ലെങ്കില്‍ വീണ്ടും വിശദീകരിക്കാം.

കൊച്ചി മെട്രോയ്ക്ക് വേണ്ടി ഫ്രഞ്ച് കമ്പനിയായ എ എഫ് ഡിയില്‍ നിന്നും എടുത്ത വായ്പയെ കിഫ്ബിയുടെ മസാല ബോണ്ടുമായി താരതമ്യം ചെയ്യുവാന്‍ കഴിയില്ല. അഥവാ അതിനു ശ്രമിക്കുന്നെങ്കില്‍, അതിനുമുന്‍പ് യു എസ് ഡോളറിലോ യൂറോയിലോ ഉള്ള വായ്പയെ ഇന്ത്യന്‍ കറന്‍സി അടിസ്ഥാനമാക്കിയുള്ള മസാല ബോണ്ടിലേക്ക് പരിവര്‍ത്തനപ്പെടുത്തേണ്ടതുണ്ട്.

ഏതുതരത്തില്‍ നോക്കിയാലും അന്നുകിട്ടാവുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് കിഫ്ബിക്ക് വിദേശ ധനകാര്യ വിപണിയില്‍ നിന്ന് പണം ലഭിച്ചത്. കിഫ്ബിയുടെ ബോണ്ടിന് ഫോറിന്‍ എക്സ്ചേഞ്ച് റിസ്‌ക് ഒന്നും തന്നെയില്ല. എന്നാല്‍ കൊച്ചി മെട്രോയുടെ എ എഫ് ഡി വായ്പയില്‍ ഈ ഫോറേറ്റിങ്ങ് എക്സ്ചേഞ്ച് റിസ്‌ക് ഉണ്ട്. കരാര്‍ പ്രകാരം ഈ തുക കേരള സര്‍ക്കാര്‍ വഹിക്കേണ്ടതുമാണ്.

കിഫ്ബിയിലെ സി എ ജി ഓഡിറ്റ് സംബന്ധിച്ചുള്ളതാണ് ഇനിയൊരു ആക്ഷേപം. സി എ ജി ഓഡിറ്റമുമായി ബന്ധപ്പെട്ട് നൂറ്റൊന്നാവര്‍ത്തിച്ച ഇല്ലാക്കഥയാണ് ഇത്തവണയും പ്രതിപക്ഷനേതാവിന്റെ നാവില്‍ നിന്നുവന്നത്. കിഫ്ബിയില്‍ സി ആന്‍ഡ് എ ജി ഓഡിറ്റ് നടക്കുന്നില്ല, അത് നടത്താന്‍ അനുവദിക്കുന്നില്ല എന്നൊക്കെയാണ് ആക്ഷേപം. തികച്ചും വസ്തുതാ വിരുദ്ധമായ ആക്ഷേപമാണിത്. കിഫ്ബിയില്‍ സി ആന്‍ഡ് എ ജിയുടെ ഓഡിറ്റ് എന്ന വിഷയം സഭയില്‍ നിരവധി ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കിഫ്ബിയില്‍ സി ആന്‍ഡ് എ ജിയുടെ ഓഡിറ്റിന് ഒരു തടസവുമില്ല എന്ന സത്യം, ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ആവര്‍ത്തിക്കട്ടെ.

ഇന്ത്യന്‍ ഭരണഘടന പ്രകാരം പരമോന്നത ഓഡിറ്റിങ് സ്ഥാപനം എന്ന നിലയില്‍ സി ആന്‍ഡ് എ ജിക്ക് കിഫ്ബിയെ ഓഡിറ്റ് ചെയ്യുന്നതിനുള്ള പൂര്‍ണ്ണ അധികാരം ഡി പി സി ആക്ട് സെക്ഷന്‍ 14 നല്‍കുന്നുണ്ട്. സത്യം ഇതാണെന്നിരിക്കെ, കിഫ്ബിയെ ഓഡിറ്റ് ചെയ്യുന്നതിന് സി ആന്‍ഡ് എ ജിയെ സര്‍ക്കാര്‍ പ്രത്യേകം ചുമതലപ്പെടുത്തേണ്ട കാര്യമില്ല. എന്നിരുന്നാലും, അനാവശ്യ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കിഫ്ബിയില്‍ പൂര്‍ണ്ണമായ സി ആന്‍ഡ് എ ജി ഓഡിറ്റിങിനു സര്‍ക്കാര്‍ രേഖാമൂലം അനുമതി നല്‍കിയിട്ടുണ്ട് എന്നതു മറ്റൊരു കാര്യം.

കിഫ്ബിയില്‍ ആക്ട് പ്രകാരം നിലനില്‍ക്കുന്ന സ്റ്റാറ്റിയൂട്ടറി ഓഡിറ്റുകള്‍ക്ക് ഒപ്പം സി ആന്‍ഡ് എ ജിയുടെ ഓഡിറ്റും നടക്കുന്നുണ്ട്. സി ആന്‍ഡ് എ ജി ഓഡിറ്റ്, സ്റ്റാറ്റിയൂട്ടറി ഓഡിറ്റ്, റിസ്‌ക് ബേസ്ഡ് ഇന്റേര്‍ണല്‍ ഓഡിറ്റ്, കണ്‍കറണ്ട് ഓഡിറ്റ് തുടങ്ങിയ ഓഡിറ്റുകളൊക്കെ കിഫ്ബിയില്‍ നടക്കുന്നുണ്ട്. എന്നാല്‍, പ്രതിപക്ഷ നേതാവ് ഇതൊന്നും അറിയുന്നില്ല.

2023-24 സാമ്പത്തിക വര്‍ഷം വരെയുള്ള കിഫ്ബിയുടെ എല്ലാ വരവ് ചെലവ് കണക്കുകളും പദ്ധതികള്‍ സംബന്ധിച്ച രേഖകളും സി ആന്‍ഡ് എ ജി ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്. 2020-2021 മുതല്‍ 2023-2024 വരെയുള്ള കഴിഞ്ഞ 4 വര്‍ഷത്തെ സി ആന്‍ഡ് എ ജി ഓഡിറ്റ് 2024 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 12 വരെ കിഫ്ബിയില്‍ നടന്നു. 53 ദിവസത്തോളം കിഫ്ബിയില്‍ സി എ ജി സംഘം പരിശോധന നടത്തിയിട്ടുണ്ട്. അവര്‍ ഉന്നയിച്ച എല്ലാ സംശയങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും കിഫ്ബി മറുപടി നല്‍കിയിട്ടുമുണ്ട്.

സി ആന്‍ഡ് എ ജി ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ അസംബ്ലിയില്‍ വയ്ക്കുന്നില്ല എന്ന ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. 22/01/2021 ല്‍ നിയമസഭയുടെ മേശപുറത്ത് സമര്‍പ്പിക്കപ്പെട്ട കിഫ്ബിയെ കുറിച്ചുള്ള സി ആന്‍ഡ് എ ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തെറ്റായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊണ്ടു എന്ന് കണ്ടെത്തിയതിനാല്‍, നിയമസഭ അതിനെ ഐകകണ്ഠേന നിരാകരിച്ചു എന്നതില്‍ നിന്നുതന്നെ അത് അസംബ്ലിയുടെ പരിഗണനയ്ക്കു വന്നു എന്നതു തെളിയുന്നുണ്ടല്ലൊ.

അന്ന് ഈ സഭയിലെ അംഗമായിരുന്നിട്ടും പ്രതിപക്ഷ നേതാവ് ഇതൊന്നും അറിയുന്നില്ലെന്നാണോ? ഇതിനു പുറമേ കിഫ്ബിയുടെ സാമ്പത്തിക വിശ്വാസ്യത സംബന്ധിച്ച ഫിഡലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സംസ്ഥാന ബജറ്റ് രേഖയോടൊപ്പവും നിയമസഭയ്ക്ക് സമര്‍പ്പിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് ഇതൊക്കെ ഒന്നു പരിശോധിക്കാനുള്ള സമയം കണ്ടെത്തണം.

പദ്ധതി നിര്‍വഹണത്തിന്റെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാത്ത കിഫ്ബി, ഒരു പദ്ധതിയുടെ അംഗീകാരത്തിന് മുന്‍പും അതിനുശേഷവും പദ്ധതിയുടെ നിര്‍വഹണ സമയത്തും അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധ ചെലുത്തുന്നുണ്ട്. പദ്ധതിയുടെ ഡി പി ആര്‍, സാങ്കേതികാവലോകനം, ഡിസൈന്‍, എസ്റ്റിമേറ്റുകളുടെ പരിശോധന, പദ്ധതി അവലോകന സമയത്തെ സ്ഥലപരിശോധന, പദ്ധതി നിര്‍വഹണ സമയത്തെ സാങ്കേതിക - ഗുണനിലവാര പരിശോധന, തുടങ്ങിയവയുടെ കാര്യത്തില്‍ കിഫ്ബി കൃത്യത പാലിച്ച് വരുന്നുണ്ട്.

കിഫ്ബിക്ക് അതിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ആരംഭിച്ച ശേഷം നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2018 ലും അതിനു ശേഷവും ഉണ്ടായിട്ടുള്ള പ്രളയവും, ലോകത്തെ മുഴുവന്‍ നിശ്ചലമാക്കിയ 2020 ലെ കോവിഡ് മഹാമാരിയും മൂലം എല്ലാ മേഖലകളും സ്തംഭിക്കപ്പെട്ടത് കിഫ്ബി പദ്ധതികള്‍ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കുന്നതില്‍ ഒരു പരിധി വരെ വിഘാതം സൃഷ്ടിച്ചിട്ടുണ്ട്.

2018 ഓഗസ്റ്റിനു മുന്‍പ് അംഗീകാരം നല്‍കിയതും നടപ്പിലാക്കിക്കൊണ്ടിരുന്നതുമായ ചില പദ്ധതികള്‍ 2018 ലും അതിനു ശേഷവും ഉണ്ടായ പ്രളയം മൂലം തടസ്സപ്പെട്ടു. പ്രളയത്തിന് ശേഷം പല പദ്ധതികളുടെയും സ്‌കോപ്പ്, ഡിസൈന്‍ എന്നിവയില്‍ പൂര്‍ണ്ണമായോ ഭാഗികമായോ മാറ്റം വരികയും അതുമൂലം എസ്റ്റിമേറ്റ് ഉയര്‍ന്ന തോതില്‍ പരിഷ്‌കരിക്കേണ്ടിവരികയും ചെയ്തു. ഇവ പിന്നീട് കിഫ്ബിയുടെ പുനരവലോകനത്തിനും പരിഷ്‌കരിച്ച ധനാനുമതിക്കുമായി സമര്‍പ്പിക്കുകയായിരുന്നു.

അവയില്‍ ചില പദ്ധതികളുടെയെങ്കിലും മുന്‍പ് നിശ്ചയിച്ചിരുന്ന സ്ഥലം പ്രളയം ബാധിച്ചത് കാരണം മാറ്റേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കി ഡി പി ആര്‍ പരിഷ്‌കരിച്ച് തുടക്കം മുതലുള്ള അവലോകന പ്രക്രിയകള്‍ വീണ്ടും നടത്തി അംഗീകാരം നല്‍കേണ്ടി വന്നിട്ടുമുണ്ട്. ആ കാലയളവില്‍ നിര്‍വ്വഹണ ഏജന്‍സികള്‍ തയ്യാറാക്കിയിരുന്നതും എന്നാല്‍ കിഫ്ബിയില്‍ സമര്‍പ്പിക്കപ്പെടാതിരുന്നതുമായ പല പദ്ധതി റിപ്പോര്‍ട്ടുകളും ഇത്തരത്തില്‍ പരിഷ്‌കരിക്കേണ്ടി വന്നിട്ടുണ്ട്.

2020 ലെ കോവിഡ് മഹാമാരിയും അതിനോടനുബന്ധിച്ച ലോക്ക്ഡൗണുകളും കിഫ്ബി പദ്ധതികളുടെ നിര്‍വഹണത്തെ സ്തംഭിപ്പിച്ചിരുന്നു. കോവിഡ് മൂലം നിര്‍മ്മാണ വസ്തുക്കളുടെയും മാനവവിഭവ ശേഷിയുടെയും ക്ഷാമമുണ്ടായി. അത് നിര്‍മ്മാണ മേഖലയില്‍ സ്തംഭനമുണ്ടാക്കുകയും പദ്ധതി നിര്‍വഹണത്തിന് കാലതാമസമുണ്ടാക്കുകയും ചെയ്തു. ഇത് പദ്ധതി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ തുകയില്‍ വന്‍വര്‍ദ്ധനവ് വരുത്തി. കോവിഡ് ഘട്ടത്തില്‍ ഉണ്ടായ പദ്ധതികളുടെ മെല്ലെപ്പോക്ക് ഒന്ന് നേരെയാകുവാന്‍ തന്നെ പിന്നെയും മാസങ്ങളെടുത്തു.

പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്യുമ്പോള്‍ സാങ്കേതികതയിലും അനുഭവ സമ്പത്തിലും വേണ്ടത്ര അവഗാഹമുള്ള കരാറുകാരുടെ ലഭ്യതക്കുറവ് കാലതാമസത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. കിഫ്ബി നിഷ്‌കര്‍ഷിക്കുന്ന ഗുണമേന്മയും സമയക്രമവും പാലിച്ച് പദ്ധതി നടപ്പാക്കാന്‍ നിര്‍വ്വഹണ ഏജന്‍സികള്‍ക്കും കരാറുകാര്‍ക്കും വേണ്ട പോലെ സാധിക്കാതെ വരുന്നുണ്ട്. അത്തരം സാഹചര്യങ്ങളില്‍ തുടര്‍പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ കാലതാമസം നേരിടുന്നുണ്ട്.

പൊതുമരാമത്ത് വകുപ്പിനെയും കിഫ്ബിയെയും താരതമ്യപ്പെടുത്തിക്കൊണ്ട് പ്രതിപക്ഷ നേതാവ് കിഫ്ബി പദ്ധതികള്‍ക്ക് വേഗം കുറവാണ് എന്നു പരാമര്‍ശിക്കുകയുണ്ടായി. എന്നാല്‍ അതിന്റെ നിജസ്ഥിതി എന്താണ്? വര്‍ദ്ധിച്ചുവരുന്ന വാഹനസാന്ദ്രത കണക്കിലെടുത്ത് റോഡുകള്‍ നിലവിലുള്ള വീതിയില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പകരം അധികമായി ഭൂമിയേറ്റെടുത്ത് വീതി കൂട്ടിയും വളവുകള്‍ നിവര്‍ത്തിയും ഡിസൈന്‍ റോഡുകളായാണ് ഭൂരിഭാഗം കിഫ്ബി റോഡുകളും നിര്‍മ്മിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടുന്നതുകൊണ്ട് നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ കാലതാമസം പ്രവൃത്തികളുടെ പൂര്‍ത്തീകരണത്തില്‍ പ്രകടമാണ്.

ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ പൂര്‍ത്തീകരണത്തിന് സാധാരണഗതിയില്‍ ശരാശരി 2-3 വര്‍ഷം സമയമെടുക്കുമെങ്കിലും ഭൂവുടമകളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം, കോടതി വ്യവഹാരങ്ങളിലേക്ക് ഉള്‍പ്പെടെ നയിക്കുന്ന പ്രാദേശികമായ എതിര്‍പ്പുകള്‍ മുതലായ കാരണങ്ങളാല്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളില്‍ അനിയന്ത്രിതമായ കാലതാമസത്തിന് കാരണമാകുന്നുണ്ട്.

വനം വകുപ്പിന്റെ അനുമതി, പാരിസ്ഥിതികാനുമതി, തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി, വെറ്റ്ലാന്‍ഡ് ക്ലിയന്‍സ്, നാവിഗേഷന്‍ ക്ലിയറന്‍സ് മുതലായവ ലഭ്യമാക്കുന്നതിലുള്ള സ്വാഭാവികമായ കാലതാമസം പ്രവൃത്തികള്‍ സമയബന്ധിതമായി ആരംഭിക്കുന്നതിനെ ബാധിക്കുന്നുണ്ട്. ഈ അനുമതികളുടെ ഭാഗമായി ചില പദ്ധതികളില്‍ ഡിസൈന്‍ മാറ്റങ്ങള്‍ അനിവാര്യമായി വരുന്നതുമൂലം എസ്റ്റിമേറ്റ് - ഡ്രോയിംഗ് പുതുക്കേണ്ടി വരുന്നതും പ്രവൃത്തികള്‍ ആരംഭിക്കുന്നതിലുള്ള കാലതാമസത്തിന് കാരണമാകാറുണ്ട്. മലയോര ഹൈവേയ്ക്ക് ആവശ്യമായ വനം വകുപ്പിന്റെ അനുമതി, തീരദേശ ഹൈവേയ്ക്കുവേണ്ട തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി തുടങ്ങിയവ ഇതിന് ഉദാരണങ്ങളാണ്.

റോഡുകള്‍ വീതി കൂട്ടി നിര്‍മ്മിക്കേണ്ടതിനാലും, ഭാവിയില്‍ പൈപ്പ് ലൈനുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ മൂലം പ്രവൃത്തി നിര്‍വ്വഹിച്ച റോഡുകള്‍ വെട്ടിപ്പൊളിക്കേണ്ട സാഹചര്യം ഒഴിവാക്കേണ്ടതിനാലും നിലവിലുള്ള കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, ജലനിധി, ബി എസ് എന്‍ എല്‍ മുതലായ യൂട്ടിലിറ്റികള്‍, ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരിലേക്ക് മാറ്റി സ്ഥാപിച്ചതിനു ശേഷമാണ് ഭൂരിഭാഗം കിഫ്ബി പ്രവൃത്തികളും ആരംഭിക്കുന്നത്.

ഇതുവഴി കാലഹരണപ്പെട്ട യൂട്ടിലിറ്റി ലൈനുകള്‍ക്കു പകരം സാങ്കേതിക മികവോടു കൂടിയതും കാര്യക്ഷമതയേറിയതുമായ യൂട്ടിലിറ്റി ലൈനുകള്‍ പുനഃസ്ഥാപിക്കപ്പെടുമെങ്കിലും, ഇത്തരം പ്രവൃത്തികളിലുണ്ടാകുന്ന കാലതാമസം നിര്‍മ്മാണ പ്രക്രിയയുടെ സമയക്രമത്തെ ബാധിക്കുന്നുണ്ട്. ഇത്തരത്തില്‍ ഗുണമേന്മയോടെ സുസ്ഥിരമായ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമ്പോള്‍ നേരിടേണ്ടിവരുന്ന സ്വാഭാവികമായ സമയദൈര്‍ഘ്യത്തെയാണ് പ്രതിപക്ഷം കാലതാമസമെന്നും പദ്ധതികളുടെ ഇഴഞ്ഞുപോക്കെന്നും വിമര്‍ശിച്ചത്.

ഇനി റെയില്‍വേ മേല്‍പ്പാലങ്ങളുടെ കാര്യമെടുക്കാം. റെയില്‍വേയുടെ ഭാഗത്തുനിന്നും ജി എ ഡി (ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിങ്സ്) അംഗീകാരം ലഭിക്കുവാന്‍ ഉണ്ടാവുന്ന കാലതാമസമാണ് പ്രധാനമായും റെയില്‍ ഓവര്‍ ബ്രിഡ്ജ് പദ്ധതികള്‍ തുടങ്ങുന്നതിനു തടസ്സമാകുന്നത്. ജി എ ഡിക്ക് റെയില്‍വേയുടെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുവാന്‍ സാധിക്കുകയുള്ളൂ.

മേല്‍പ്പാലത്തിന്റെ റെയില്‍വേ ലൈന്‍ കടന്നുപോകുന്ന ഭാഗത്തുള്ള സ്പാനുകളുടെ നിര്‍മ്മാണം റെയില്‍വേ നേരിട്ടോ അനുബന്ധ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തിലോ ആയതിനാല്‍ ഇത്തരം പ്രവൃത്തികളില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നും കാലതാമസം ഉണ്ടാകുന്നുണ്ട്. ഇതും പദ്ധതികളുടെ മൊത്തം പുരോഗതിയെ ബാധിക്കുന്നുണ്ട്. കൂടാതെ റെയില്‍വേയുടെ പാത ഇരട്ടിപ്പിക്കല്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വം മൂലം റെയില്‍വേ - റോഡ് മേല്‍പ്പാലങ്ങളുടെ ഡിസൈന്‍ അന്തിമമാക്കുന്നതിന് സാധിക്കാതെ വരുന്ന സാഹചര്യവുമുണ്ട്.

ജലവിഭവവകുപ്പിന്റെ കീഴില്‍ വരുന്ന ജലശുദ്ധീകരണ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന വൈദഗ്ദ്ധ്യം നേടിയ കരാറുകാര്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ടെണ്ടര്‍ നടപടികളില്‍ ഉയര്‍ന്ന നിരക്കുകള്‍ കരാറുകാര്‍ ആവശ്യപ്പെടുന്നു. ഇത് ഉയര്‍ന്ന ടെണ്ടര്‍ തുക അംഗീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ അനുമതി അനിവാര്യമാക്കുന്നുണ്ട്. ഇതും പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായി വരുന്ന സാഹചര്യം സൃഷ്ടിക്കുന്നു.

കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ എട്ടര വര്‍ഷമായി കേരളത്തില്‍ കൊണ്ടുവന്നത് സമാനതകളില്ലാത്ത വികസനമാണ്. ചെല്ലാനത്തെ ജനങ്ങള്‍ വര്‍ഷങ്ങളായി അനുഭവിച്ചുവരുന്ന ദുരിതത്തിന് അറുതി കുറിക്കാന്‍ കഴിഞ്ഞത് കിഫ്ബി പദ്ധതിയിലൂടെയാണ്. 336 കോടി രൂപ വിനിയോഗിച്ച് ചെല്ലാനം തീരസംരക്ഷണത്തിന്റെ ഭാഗമായി കിഫ്ബി നടപ്പിലാക്കിയ കടല്‍ഭിത്തി പുനര്‍നിര്‍മ്മാണവും പുലിമുട്ട് നിര്‍മ്മാണവും തീരശോഷണത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് എത്ര ആശ്വാസകരമായി എന്നത് പ്രതിപക്ഷ നേതാവിന് അറിയില്ലേ?

കേന്ദ്ര സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡ് എന്ന പേരില്‍ പുനരുജ്ജീവിപ്പിക്കുവാന്‍ വേണ്ട സ്ഥലമെടുപ്പിന് 200.60 കോടി രൂപയാണ് കിഫ്ബി നല്‍കിയത്. അസ്തമിച്ചെന്ന് കരുതിയ ഒരു വ്യവസായ സ്ഥാപനത്തെ വലിയ സ്വപ്നങ്ങളോടെ കുതിച്ചുയര്‍ത്താന്‍ ഇതു സഹായിച്ചു.

കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ 140 നിയമസഭാ മണ്ഡലങ്ങളിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും 10 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ചു. ഇതിനോടകം 90 ഐസൊലേഷന്‍ വാര്‍ഡുകള്‍ക്ക് കിഫ്ബി അംഗീകരം നല്‍കി. അതില്‍ 50 എണ്ണം പുര്‍ത്തീകരിച്ചു. 236.30 കോടി രൂപയുടെ ധനാനുമതിയാണ് ഐസൊലേഷന്‍ വാര്‍ഡ് പദ്ധതിക്കായി കിഫ്ബി നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തിന്റെ ഐ ടി മേഖലയിലും കിഫ്ബി ധനസഹായം നല്‍കുന്നുണ്ട്. 1,652 കോടി രൂപയാണ് ഈ മേഖലയില്‍ കിഫ്ബി നല്‍കിയിട്ടുള്ള ഫണ്ട്. ടെക്നോ സിറ്റിയിലെ 2 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം പൂര്‍ത്തീകരിച്ചു. പുത്തന്‍ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രയോജനകരമാകുന്ന കൊച്ചി ഇന്നവേഷന്‍ സോണ്‍ കെട്ടിടം പൂര്‍ത്തീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്.

ഇന്റര്‍നെറ്റ് ലഭ്യത ഇന്ന് ഒരു ആഡംബരമല്ല, മറിച്ച് ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യകതയാണ്. അതുകൊണ്ടാണ് ഇന്റര്‍നെറ്റ് ആക്സസിനെ പൗരാവകാശമായി കേരളം പ്രഖ്യാപിച്ചത്. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെ-ഫോണ്‍) വഴി, സംസ്ഥാനത്തെ എല്ലാ വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാണെന്ന് ഉറപ്പുവരുത്തി ഡിജിറ്റല്‍ കണക്റ്റിവിറ്റിയെക്കുറിച്ചുള്ള സങ്കല്‍പത്തെ തന്നെ കേരളം തിരുത്തിയെഴുതുകയാണ്.

വെറും 10 മാസത്തിനുള്ളില്‍ 70,000 ത്തോളം കണക്ഷനുകള്‍ സ്ഥാപിച്ചുകൊണ്ട് കെ-ഫോണ്‍ വിജയകരമായി മുന്നേറുകയാണ്. കെ-ഫോണ്‍ കണ്‍ക്റ്റിവിറ്റി 23,000 ത്തിലധികം സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭ്യമാക്കുകയും അത് സുപ്രധാന പൊതുസേവനങ്ങള്‍ ഓരോ പൗരനും ഒരു ക്ലിക്ക് മാത്രം അകലെയാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

കോട്ടൂര്‍, അട്ടപ്പാടി പോലെയുള്ള വിദൂര ആദിവാസി മേഖലകളില്‍ ഡിജിറ്റല്‍ വിഭജനം നിലനിന്നിരുന്നു. വൈഫൈ ആക്‌സസ് പോയിന്റുകളും ഫൈബര്‍-ഒപ്റ്റിക് കേബിളുകളും ഇന്‍സ്റ്റാള്‍ ചെയ്തും മുമ്പ് ലഭ്യമല്ലാത്ത ഓണ്‍ലൈന്‍ വിദ്യാഭ്യാസം, സര്‍ക്കാര്‍ സേവനങ്ങള്‍, ആരോഗ്യ സംരക്ഷണം, സാമ്പത്തിക അവസരങ്ങള്‍ എന്നിവ പാര്‍ശ്വവല്‍ക്കൃത സമൂഹങ്ങള്‍ക്ക് ലഭ്യമാക്കിയും ഈ വിഭജനത്തെ നമ്മള്‍ മറികടക്കുകയാണ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ കിഫ്ബി ഫണ്ട് പ്രയോജനപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കിയ ഹൈടെക് ക്ലാസ് മുറി, ഹൈടെക് ലാബ് പദ്ധതികളിലൂടെ പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനം എന്ന നേട്ടം 2020 ഒക്ടോബറില്‍ കൈവരിച്ചു.

ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളുള്ള 16,027 സ്‌കൂളുകളില്‍ 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 4,752 സെക്കന്ററി - ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ 45,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കി. 11,275 സ്‌കൂളുകളില്‍ ഹൈടെക് ലാബ് പദ്ധതി നടപ്പിലാക്കി. സ്‌കൂള്‍ കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും ക്ലാസ്സ് റൂമുകളുടെയും ലാബുകളുടെയും ഡിജിറ്റലൈസേഷനും ഒക്കെ തന്നെയും രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധം മെച്ചപ്പെട്ടതാണ്. ഇത് 2025-26 ലെ കേന്ദ്ര ബജറ്റില്‍ പുതിയൊരു പദ്ധതിയായി അവതരിപ്പിക്കുന്നതേയുള്ളു എന്നത് സംസ്ഥാനത്തിന്റെ ദീര്‍ഘ വീക്ഷണത്തെ അടയാളപ്പെടുത്തുന്നതാണ്.

എസ് സി, എസ് ടി വിഭാഗത്തിന് കിഫ്ബി പണം അനുവദിക്കുന്നില്ല എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കിഫ്ബി പദ്ധതികള്‍ കേരളത്തിലെ എല്ലാ ജനവിഭാഗത്തിന്റെയും ക്ഷേമം മുന്‍നിര്‍ത്തിയുള്ളതാണ്. എസ് സി, എസ് ടി വകുപ്പിന്റെ കീഴില്‍ കിഫ്ബി 182.23 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കി. അതില്‍ 80 കോടി രൂപ ഇതുവരെ ചെലവഴിച്ചു. 55 ശതമാനത്താളം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ഇത് അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രം അനുവദിച്ചിട്ടുള്ളതാണ്. ഇതിനു പുറമേയാണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ തുക വകയിരുത്തുന്നത്. അതിനാല്‍ കിഫ്ബി ഫണ്ടും പ്ലാന്‍ ഫണ്ടും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണ്.

പിന്‍വാതില്‍ നിയമനം എന്നതാണു മറ്റൊരു ആരോപണം. കിഫ്ബിയില്‍ സര്‍വീസില്‍ നിന്നും വിരമിച്ച 14 ജീവനക്കാര്‍ ജോലി ചെയുന്നുണ്ട്. കിഫ്ബിയില്‍ ആകെ 180 ജീവനക്കാരാണ് ജോലി ചെയുന്നത്, അതായത് 7 ശതമാനം വിരമിച്ച ജീവനക്കാര്‍ മാത്രമാണ് കിഫ്ബിയില്‍ ജോലി ചെയ്യുന്നത്. കിന്‍ഫ്ര അമ്പലമുകളില്‍ സ്ഥാപിക്കുന്ന നിര്‍ദ്ദിഷ്ട പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ സ്ഥലമേറ്റെടുപ്പിനായി കിഫ്ബി 977.46 കോടി രൂപ നല്‍കി. അതില്‍ നിന്ന് റവന്യൂ ആയി ഇതിനോടകം 540.22 കോടി രൂപ കിഫ്ബിക്ക് തിരികെ ലഭിച്ചിട്ടുണ്ട്.

2016 ലെ കിഫ്ബി ഭേദഗതി പ്രകാരം പെട്രോളിയം ഇന്ധനങ്ങള്‍ക്ക് മേലുള്ള ഒരു ശതമാനം സെസ്സും, 10 ശതമാനം വീതം വാര്‍ഷിക വര്‍ദ്ധന വരുത്തി അഞ്ചാം വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്ന 50 ശതമാനം മോട്ടോര്‍ വാഹന നികുതിയുമാണ് കിഫ്ബിയുടെ വരുമാന സ്രോതസ്സ്. ഈ സ്രോതസ്സിനെ സെക്യൂരിറ്റൈസ് ചെയ്ത് സെബിയും ആര്‍ ബി ഐയും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി വായ്പയെടുത്ത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപം കൊണ്ടു വരികയാണ് കിഫ്ബിയുടെ ലക്ഷ്യം.

ഇത്തരത്തിലുള്ള ധനസമാഹരണം 2022 വരെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുന്നതായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുന്‍ ധനമന്ത്രി കിഫ്ബി റോഡുകളില്‍ നിന്നും പാലങ്ങളില്‍ നിന്നും ടോള്‍ പിരിക്കേണ്ടിവരില്ല എന്ന് അഭിപ്രായപ്പെട്ടത്.

കേരള എഫ് ആര്‍ എ ആക്റ്റിന് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ച നയവ്യതിയാനത്തിന്റെ ഫലമായിട്ടാണ് സംസ്ഥാനത്തിന്റെ ലെജിറ്റിമേറ്റ് എക്സ്പെക്റ്റേഷന് വിരുദ്ധമായി 2022 ല്‍ കിഫ്ബിയെയും സമാന സ്ഥാപനങ്ങളെയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഇതുമൂലം 2022 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന് 15,895.50 കോടി രൂപയുടെ അധിക വായ്പയെടുക്കലിനുള്ള അവകാശം നഷ്ടപ്പെട്ടു. മൊത്തത്തില്‍, 2016 മുതല്‍ 2023 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് 1,07,513.09 കോടി രൂപയുടെ ചെലവ് നഷ്ടമോ വിഭവ കമ്മിയോ ഉണ്ടായി.

തുടര്‍ന്ന് കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും മുഖ്യമന്ത്രി എന്ന നിലയില്‍ കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ അനുകൂലമായ നടപടികള്‍ ഒന്നുംതന്നെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. അത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സമീപനത്തിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം സ്യൂട്ട് ഫയല്‍ ചെയ്തത്. ആ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കേസിന്റെ പ്രതിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിരത്തിയ ന്യായം കിഫ്ബി പദ്ധതികള്‍ വരുമാനദായകമല്ലെന്നും, സമാന സ്ഥിതിയിലുള്ള എന്‍ എച്ച് എ ഐ തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെല്ലാം വരുമാനം നേടുന്നവയാണെന്നും അതുവഴി തിരിച്ചടവ് സാധ്യമാകുന്നു എന്നുമാണ്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണ്. ടോള്‍ വഴി വരുമാനം കണ്ടെത്തുന്ന എന്‍ എച്ച് എ ഐ, ആകെ തിരിച്ചടവിന്റെ വളരെ ചെറിയൊരു ശതമാനം മാത്രമേ ടോള്‍ വഴി നേടുന്നുന്നുള്ളു. ബാക്കിയെല്ലാം ഓപ്പണ്‍ മാര്‍ക്കറ്റ് കടമെടുപ്പും, കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റുകളുമാണ്. കേരളത്തിന്റെ വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് സുപ്രീം കോടതി ഈ കേസിനെ ഭരണഘടനാ ബെഞ്ചിനു വിട്ടത്.

ഇവിടെ എടുത്തുപറയേണ്ട മറ്റൊരു കാര്യം കേന്ദ്രസര്‍ക്കാര്‍ തന്നെ കിഫ്ബി മാതൃകയില്‍ സ്ഥാപനം തുടങ്ങിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം വിവേചനപരമായ സമീപനം കാരണമാണ് കിഫ്ബി പദ്ധതികളെ എങ്ങനെ വരുമാനദായകമാക്കാം എന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ നടത്തിയത്. കിഫ്ബി പദ്ധതികള്‍ വരുമാനദായകമാക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളെ ഖണ്ഡിക്കാന്‍ കഴിയും. കിഫ്ബി വായ്പകളെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും ഒഴിവാക്കാനും കഴിയും.

അടിസ്ഥാന സൗകര്യ വികസനത്തിനാണ് കിഫ്ബി കടമെടുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വാഹന നികുതിയുടെ 50 ശതമാനവും പെട്രോളിയം സെസ്സും കിഫ്ബിക്ക് ഗ്രാന്റ് ആയി നല്‍കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതുകൂടാതെ കിഫ്ബി സ്വന്തം നിലയില്‍ എടുക്കുന്ന ലോണുകള്‍ കിഫ്ബിയുടെ മാത്രം ബാധ്യതയാണ്. കിഫ്ബിക്ക് ഗ്രാന്റ് ഇനത്തില്‍ ഇതുവരെ നല്‍കിയ 20,000 കോടിക്ക് പുറമേ ചെലവഴിച്ച 13,100 കോടി രൂപ പൂര്‍ണമായും കിഫ്ബി കണ്ടെത്തിയതാണ്. അത് കിഫ്ബിയുടെ മാത്രം ബാധ്യതയാണെന്ന് ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം ഓര്‍ക്കേണ്ടതുണ്ട്.

യൂസര്‍ ഫീ ഈടാക്കുന്ന സാഹചര്യത്തില്‍ ആ യൂസര്‍ ഫീയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടുതന്നെ കിഫ്ബിയുടെ ലോണുകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള സാധ്യത തെളിയും. അതുവഴി സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് കാലക്രമേണ ഘട്ടം ഘട്ടമായി ഒഴിവാക്കാനാവും. കിഫ്ബി കൃത്യമായും സമയബന്ധിതമായും വായ്പകള്‍ തിരിച്ചടക്കുന്നത് കൊണ്ടുതന്നെയാണ് കിഫ്ബിക്ക് മികച്ച ക്രെഡിറ്റ് റേറ്റിംഗ് നിലനിര്‍ത്താന്‍ സാധിക്കുന്നതും, ധനകാര്യ സ്ഥാപനങ്ങള്‍ കിഫ്ബിക്ക് വായ്പകള്‍ നല്‍കാന്‍ സന്നദ്ധമായി വരുന്നതും.

അര്‍ധസത്യങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും കൊണ്ട് എത്രയൊക്കെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും കിഫ്ബി അതിന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുക തന്നെ ചെയ്യും എന്ന് ഉറപ്പിച്ചു പറയട്ടെ. അതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്.

Tags:    

Similar News