ബിഹാറില്‍ തോറ്റുതുന്നം പാടിയെങ്കിലും ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുടെ തരിവെട്ടം; തെലങ്കാനയില്‍ ബി ആര്‍ എസിന്റെയും രാജസ്ഥാനില്‍ ബിജെപിയുടെയും സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തു; ഒഡീഷയില്‍ ബിജെഡിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപിയും
ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്. രാജസ്ഥാനിലും തെലങ്കാനയിലും ഭരണകക്ഷികളുടെ സിറ്റിങ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തതോടെ രാഷ്ട്രീയ വൃത്തങ്ങളില്‍ ഇത് വലിയ ചര്‍ച്ചയായി. അതേസമയം, ഒഡീഷയില്‍ ബിജെഡിയുടെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു.
രാജ്യത്തെ ആകെ 8 ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് 2 സീറ്റുകള്‍ നേടി. ബിജെപി 2 സീറ്റുകളിലും, എഎപി 1 സീറ്റിലും, പിഡിപി 1 സീറ്റിലും, മിസോ നാഷനല്‍ ഫ്രണ്ട് 1 സീറ്റിലും, ജെഎംഎം 1 സീറ്റിലും വിജയിച്ചു.
തെലങ്കാനയിലെ ജൂബിലിഹില്‍സ് മണ്ഡലത്തില്‍ ബിആര്‍എസ് സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നവീന്‍ യാദവ് 24,729 വോട്ടുകള്‍ക്ക് നിലനിര്‍ത്തി. ബിആര്‍എസ് നേതാവ് മാഗന്തി അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിആര്‍എസില്‍ നിന്ന് പുറത്താക്കപ്പെട്ട കവിതാ റാവു, പാര്‍ട്ടി നേതൃത്വത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഈ പരാജയമെന്ന് പ്രതികരിച്ചു.
രാജസ്ഥാനിലെ ആന്റയില്‍ ബിജെപിയുടെ സിറ്റിങ് സീറ്റും കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രമോദ് ജയിന്‍, ബിജെപിയുടെ കന്‍വര്‍ലാല്‍ മീണയെ 15,612 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ബിജെപി സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്നാണ് ഈ ഉപതിരഞ്ഞെടുപ്പ് നടന്നത്.
ഒഡീഷയിലെ നുവാപാഡയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം. 83,748 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ജയ് ധൊലാകിയ കോണ്‍ഗ്രസിന്റെ ഘാസി റാമിനെ പരാജയപ്പെടുത്തിയത്. ബിജെഡി സ്ഥാനാര്‍ഥിയായിരുന്ന രാജേന്ദ്ര ധോലാകിയ അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ മണ്ഡലം ബിജെഡിയില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെഡി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ജമ്മു കശ്മീരിലെ ബദ്ഗാം നിയമസഭാ സീറ്റില്‍ പിഡിപി സ്ഥാനാര്‍ഥി ആഗാ സയിദ് മെഹ്ദി വിജയം നേടി. നാഷനല്‍ കോണ്‍ഫറന്‍സിന്റെ ആഗാ സയിദ് മഹ്‌മൂദിനെ 4,478 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുത്തി. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രണ്ട് സീറ്റുകളില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഴിച്ചിട്ട സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി ആറാം സ്ഥാനത്താണ് എത്തിയത്.
