കാലിഫോര്‍ണിയയിലെ 54 ഇലക്ട്രല്‍ വോട്ട് നേടിയിട്ടും ഹാരിസിന്റെ കാലിടറിയത് ട്രംപിന്റെ ഓള്‍റൗണ്ട് മികവിന് മുന്നില്‍; അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ച് ട്രംപിസം; 93 ഇലക്ട്രല്‍ വോട്ടുകളുള്ള ഏഴ് സ്വിങ് സ്‌റ്റേറ്റുകളും നേടി മുന്നേറ്റം; 127 വര്‍ഷത്തിനു ശേഷം തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകാന്‍ ട്രംപ്
വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെന്ന വിലയിരുത്തല്‍ അപ്രസക്തമാക്കി അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക്. അമേരിക്കയില്‍ ട്രംപ് ഭരണം ഉറപ്പിച്ചുവെന്നതാണ് വസ്തുത. നിലവില്‍ 248 ഇലക്ട്രല്‍ വോട്ട് നേടിയ ട്രംപിന് ഇനിയും കുറഞ്ഞത് അമ്പത് സീറ്റെങ്കിലും കിട്ടും. കമലാ ഹാരീസിന് 214 ഇലക്ട്രല്‍ വോട്ട് കിട്ടി. ഇനി അവര്‍ക്ക് പരമാവധി 14 എണ്ണം കൂടി മാത്രമേ കിട്ടൂവെന്നാണ് വിലയിരുത്തല്‍. 538 ഇലക്ട്രല്‍ വോട്ടാണ് ആകെയുള്ളത്. അതായത് നിലവിലെ വിശകലനം അനുസരിച്ച് 310വരെ ഇലക്ട്രല്‍ വോട്ടുകള്‍ ട്രംപിന് കിട്ടും. അതായത് മികച്ച വിജയം ട്രംപ് സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍.
ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. എങ്കിലും തിരഞ്ഞെടുപ്പനന്തരം നടക്കുന്ന വോട്ടെണ്ണലിന്റെ ഫലം മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. നേരിയ ഭൂരിപക്ഷത്തിനാണ് വിജയമെങ്കില്‍ വീണ്ടും വോട്ടെണ്ണെണമെന്ന ആവശ്യമുയര്‍ന്നേക്കും. നിയമപ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. വോട്ടര്‍പ്പട്ടികയിലെ ക്രമക്കേടുള്‍പ്പെടെ വിവിധ ആരോപണങ്ങളുന്നയിച്ച് തിരഞ്ഞെടുപ്പിനുമുന്‍പേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നൂറിലേറെ കേസുകൊടുത്തിട്ടുണ്ട്. നിര്‍ണായക സംസ്ഥാനങ്ങളിലൊന്നായ നെവാഡയില്‍ തപാല്‍വോട്ടു രേഖപ്പെടാന്‍ ശനിയാഴ്ചവരെ സമയമുണ്ടെന്നതിനാല്‍ അവിടത്തെ ഫലപ്രഖ്യാപനം വൈകും. നെവാഡയിലും ട്രംപിനാണ് മുന്‍തൂക്കം. മറ്റു സംസ്ഥാനങ്ങളിലും ഇന്ത്യന്‍സമയം ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ ആരംഭിച്ച വോട്ടെടുപ്പ് ബുധനാഴ്ച രാവിലെ അഞ്ചരയോടെ അവസാനിച്ചു. പലയിടത്തും പോളിങ് റെക്കോഡിട്ടു.
മൊത്തത്തില്‍ 93 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണ, ജോര്‍ജിയ, നെവാഡ, മിഷിഗന്‍, നോര്‍ത്ത് കരോലൈന, വിസ്‌കോണ്‍സിന്‍, പെന്‍സില്‍വേനിയ എന്നീ സ്വിങ് സ്റ്റേറ്റുകളിലേക്കാണ് (ആര്‍ക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്തെ സംസ്ഥാനങ്ങള്‍) ലോകം ഉറ്റുനോക്കിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഏറെ ശ്രദ്ധ കേന്ദ്രീകരിച്ച ഇടങ്ങള്‍ കൂടിയാണ് ഈ സംസ്ഥാനങ്ങള്‍. ഇതെല്ലാം ട്രംപിനെ തുണച്ചു. ഇതാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്. മറ്റ് പരമ്പരാഗത മേഖലകള്‍ ഇരുവരും നിലനിര്‍ത്തി. ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ വോട്ടുള്ള കാലിഫോര്‍ണിയ പ്രതീക്ഷച്ചതു പോലെ കമലാ ഹാരീസിനെ പിന്തുണച്ചു. രണ്ടാമത്തെ വലിയ സംസ്ഥാനമായ ടെക്‌സാസിനെ ട്രംപ് ചുമപ്പിക്കുകയും ചെയ്തു. ഇതോടെ സ്വിങ് സ്‌റ്റേറ്റുകള്‍ ഫലത്തെ സ്വാധീനിക്കുകയും ചെയ്തു.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ട്രംപിന് 51 ശതമാനത്തില്‍ അധികം വോട്ട് നേടാനായി. കമലയ്ക്ക് കിട്ടിയത് 47 ശതമാനത്തില്‍ അധികവും. അങ്ങനെ ഇലക്ട്രല്‍ വോട്ടിനൊപ്പം മൊത്തം വോട്ടിലും ട്രംപിന് മുന്‍തൂക്കമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ അര്‍ത്ഥത്തിലും അധിപത്യം നേടിയാണ് ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ട്രംപിന്റെ വരവ് നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം സാമ്പത്തിക ഉയര്‍ച്ചയിലേക്കും ട്രംപിന്റെ വരവ് ലോകത്തെ നയിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്‌സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സര്‍വേ ഫലം. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്‌സ്. സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഏഴും ട്രംപിനൊപ്പം നിന്നു. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ ആകെ 16 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
കമല ഹാരിസ് (60) ജയിച്ചാല്‍ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണള്‍ഡ് ട്രംപ് (78) വീണ്ടും പ്രസിഡന്റായാല്‍ അതും വേറിട്ട ചരിത്രമാകും. 127 വര്‍ഷത്തിനുശേഷം, തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്.