വയനാടിന് പ്രിയങ്കരിയായി പ്രിയങ്കയുടെ കുതിപ്പ്; പകുതി വോട്ടുകള്‍ എണ്ണിത്തെത്തുമ്പോള്‍ തന്നെ ഭൂരിപക്ഷം രണ്ട് ലക്ഷത്തില്‍; അറിയേണ്ടത് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മറികടക്കുമോ എന്ന്; എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി രണ്ട് ലക്ഷം വോട്ടുകളില്‍ എത്തുമോയെന്ന് ആശങ്ക
വയനാടിന് പ്രിയങ്കരിയായി പ്രിയങ്കയുടെ കുതിപ്പ്
കല്‍പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി വന്‍ വിജയത്തിലേക്ക്. പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം രാഹുല്‍ ഗാന്ധിയെയും കടത്തിവെട്ടിയേക്കുമെന്നാണ് സൂചന. പകുതി വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തന്നെ രണ്ട് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം പ്രിയങ്ക നേടിയിട്ടുണ്ട്.
വോട്ടെണ്ണല്‍ തുടങ്ങി രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി പ്രിയങ്ക കുതിക്കുകയിരുന്നു. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ ഭൂരിപക്ഷം സഹോദരി അനായാസം മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 3,64,111 വോട്ടുകള്‍ക്കാണ് രാഹുല്‍ അന്ന് ജയിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന് 4,31,770 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. പ്രിയങ്കക്ക് അഞ്ചു ലക്ഷത്തിന്റെ ഭൂരിപക്ഷം നേടികൊടുക്കുമെന്നായിരുന്നു തുടക്കം മുതലെ യു.ഡി.എഫ് നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പോളിങ് ശതമാനത്തില്‍ ഇടിവുണ്ടായത് യു.ഡി.എഫ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന വിധത്തിലാണ് മുന്നേറുന്നത്.
എതിര്‍ സ്ഥാനാര്‍ഥി സി.പി.ഐയുടെ സത്യന്‍ മൊകേരിക്ക് രണ്ട് ലക്ഷം വോട്ടു പിടിക്കുമോ എന്നതാണ് അറിയേണ്ടത്. എന്‍.ഡി.എ സ്ഥാനാര്‍ഥി വന്യ ഹരിദാസാണ് മൂന്നാം സ്ഥാനത്തുള്ളത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ഏഴു നിയമസഭ മണ്ഡലങ്ങളിലും പ്രിയങ്കയാണ് മുന്നേറുന്നത്. എല്ലായിടത്തും പ്രിയങ്ക മുന്നേറുന്ന അവസ്ഥയിലാണ്.
ഇത്തവണ നില മെച്ചപ്പെടുത്തുമെന്ന എല്‍.ഡി.എഫ് അവകാശവാദം വെറുതെയായി. രാഹുലിനെ പോലെ സഹോദരി പ്രിയങ്കയെയും വയനാട്ടിലെ വോട്ടര്‍മാര്‍ നെഞ്ചോടു ചേര്‍ത്തു എന്നതിന്റെ തെളിവാണ് പുറത്തുവരുന്ന ഫലം. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കനുസരിച്ച് വയനാട്ടില്‍ 64.53 ശതമാനമാണ് ഇത്തവണ പോളിങ്.
കഴിഞ്ഞ തവണ 73 ശതമാനയായിരുന്നു ഇത്. എല്‍.ഡി.എഫ് കേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞത് എന്നാണ് യു.ഡി.എഫ് നേതാക്കള്‍ ആദ്യം മുതലേ അവകാശപ്പെട്ടിരുന്നത്.