കന്നിയങ്കത്തില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തേരോട്ടം; വയനാട്ടില്‍ യുഡിഎഫ് ലീഡ് എഴുപതിനായിരം കടന്ന് മുന്നേറ്റം; അറിയേണ്ടത് രാഹുലിന്റെ ഭൂരിപക്ഷം മറികടക്കാന്‍ സാധിക്കുമോ എന്ന്; രണ്ടാം സ്ഥാനത്ത് സത്യന്‍ മൊകേരി; ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസും മികച്ച പോരാട്ടത്തില്‍

കന്നിയങ്കത്തില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ തേരോട്ടം

Update: 2024-11-23 04:14 GMT

കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ മുന്നേറ്റവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ പ്രിയങ്ക ഗാന്ധി തന്നെയാണ് ലീഡ് ഉയര്‍ത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്ക് പുറത്തുവരുമ്പോള്‍ ഒരു എഴുപതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലേക്കാണ് കടക്കുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ പ്രിയങ്ക തന്നെയാണ് ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്ത് സത്യന്‍ മൊകേരിയാണ് മുന്നേറുന്നത്. മൂന്നാം സ്ഥാനത്തുള്ള നവ്യ ഹരിദാസ് മികച്ച് പ്രകടനം നടത്തുന്നുണ്ട്. പത്ത് ശതമാനം വോട്ടുകള്‍ നവ്യ പിടിച്ചിട്ടുണ്ട്.

ഇതേ മുന്നേറ്റം തുടരുകയാണെങ്കില്‍ ചരിത്ര ഭൂരിപക്ഷത്തിന്റെ ക്ലൈമാക്സിലേക്കായിരിക്കും വയനാട് നീങ്ങുക. മണ്ഡല രൂപീകരണ കാലംമുതല്‍ യു.ഡി.എഫിനെ കൈവിടാത്ത വയനാട് ലോക്സഭാ മണ്ഡലം ഇത്തവണയും മാറ്റമൊന്നുമില്ലാതെ തുടരുമെന്നാണ് ഉപതിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകള്‍ വ്യക്തമാവുന്നത്.

2009ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വയനാട് ലോക്സഭാ മണ്ഡലം രൂപംകൊണ്ടതെങ്കിലും അന്നുമുതല്‍ ഇങ്ങോട്ട് യു.ഡി.എഫിന്റെ ഉറച്ചകോട്ടയായിരുന്നു. 2009-ല്‍ 153439 വോട്ടിന്റെയും 2014 -ല്‍ 20870 വോട്ടിന്റെയും ഭരിപക്ഷത്തില്‍ എം.ഐ ഷാനവാസിനെ വിജയിപ്പിച്ച മണ്ഡലം, 2019-ല്‍ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കിയത്. 2024-ല്‍ 364,422 ആയി ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഇതിനെ മറികടക്കുകയെന്നാണ് പ്രിയങ്കാ ഗാന്ധിയെ നിര്‍ത്തിയതിലൂടെ യു.ഡി.എഫ് ലക്ഷ്യമിട്ടിരുന്നത്.

രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് ശേഷം വയനാട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ കുറവുണ്ടായപ്പോള്‍ അത് മൂന്ന് മുന്നണികളേയും ആശങ്കപ്പെടുത്തിയിരുന്നുവെങ്കിലും തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാനായെന്ന ആത്മവിശ്വാസത്തിലായിരുന്നു യു.ഡി.എഫ്. അത് ശരിവെക്കുന്നതാണ് ആദ്യ ഫലസൂചനകള്‍.

Tags:    

Similar News