ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്നത് വംശഹത്യ; ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കുന്ന യുഎസ് അടക്കമുള്ള സഖ്യകക്ഷികളും വംശഹത്യയില്‍ പങ്കാളികള്‍; ഇസ്രായേലിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്; കെട്ടിച്ചമച്ച റിപ്പോര്‍ട്ടെന്ന് ഇസ്രായേല്‍

ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്നത് വംശഹത്യ

Update: 2024-12-05 10:37 GMT

ലണ്ടന്‍: ഹമാസുമായുള്ള യുദ്ധത്തിന്റെ പേരില്‍ ഇസ്രായേല്‍ ഗസ്സയില്‍ നടത്തുന്നത് വംശഹത്യയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. യുഎസ് അടക്കമുള്ള ഇസ്രായേല്‍ സഖ്യകക്ഷികളും വംശഹത്യയില്‍ പങ്കാളികളാണെന്നും ആംനസ്റ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

മാരക ആക്രമണങ്ങള്‍ നടത്തിയും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തും ഭക്ഷണവും മരുന്നു ഉള്‍പ്പെടെയുള്ളവയുടെ വിതരണം തടസ്സപ്പെടുത്തിയും ഫലസ്തീനികളെ മനപ്പൂര്‍വം തകര്‍ക്കാനുള്ള നീക്കമാണ് ഇസ്രായേല്‍ നടത്തുന്നത്. ഇത് വംശഹത്യയാണ്, ഉടന്‍ അവസാനിപ്പിക്കണമെന്നും ആംനസ്റ്റി സെക്രട്ടറി ജനറല്‍ ആഗ്‌നസ് കലമാര്‍ഡ് പറഞ്ഞു. ഇസ്രായേല്‍ നടത്തുന്ന നിഷ്ഠൂരമായ ആക്രമണങ്ങളെ ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ ചൂണ്ടിക്കാട്ടി ന്യായീകരിക്കാനാവില്ല. ഇസ്രായേലിന് ആയുധങ്ങള്‍ കൈമാറുന്ന യുഎസ് അടക്കമുള്ള രാജ്യങ്ങളും വംശഹത്യയില്‍ പങ്കാളികളാണെന്നും ആംനസ്റ്റി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസ്സക്കാരില്‍നിന്നും നേരിട്ട് ശേഖരിച്ച വിവരങ്ങളും ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കടക്കം ഇസ്രായേല്‍ വരുത്തിവെച്ച നാശ നഷ്ടങ്ങളും ഉപഗ്രഹ ചിത്രങ്ങളും റിപ്പോര്‍ട്ട് തയാറാക്കാനായി വിലയിരുത്തിയിട്ടുണ്ട്. ഗസ്സയില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതിനായിരത്തിലേറെ പേരെ കൂട്ടക്കൊല നടത്തിയതിനും ആശുപത്രികളടക്കം തകര്‍ത്ത് യുദ്ധക്കുറ്റം ചെയ്യുന്നതിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റിനുമെതിരെ കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ.സി.സി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഐ.സി.സി പ്രീ-ട്രയല്‍ ചേംബര്‍ (ഒന്ന്) ലെ മൂന്ന് ജഡ്ജിമാര്‍ ഏകകണ്ഠമായാണ് വാറന്റ് പുറപ്പെടുവിച്ചത്.

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും ചുമത്തി ഐ.സി.സി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ വിചാരണയ്ക്കിടെയാണ് നെതന്യാഹുവിനും ഗാലന്റിനും എതിരെയുള്ള നടപടി. നെതന്യാഹുവും ഗാലന്റും ചേര്‍ന്ന് ഗസ്സയിലെ സാധാരണക്കാര്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം തുടങ്ങിയ അവശ്യ സേവനങ്ങള്‍ നിഷേധിച്ചത് കടുത്ത മാനുഷിക പ്രതിസന്ധിക്കും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മരണങ്ങളിലേക്കും നയിച്ചതായി കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം, പീഡനം തുടങ്ങി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇരുവരും ചേര്‍ന്ന് നടത്തിയതായും പട്ടിണിക്കിടുന്നത് യുദ്ധരീതിയായി സ്വീകരിച്ചതിലൂടെ യുദ്ധക്കുറ്റം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹമാസിനെതിരെ എന്നപേരില്‍ ഇസ്രായേല്‍ ഗസ്സയില്‍ 14 മാസമായി നടത്തുന്ന കൂട്ട നശീകരണത്തില്‍ അരലക്ഷത്തോളം സാധാരണക്കാരാണ് മരിച്ചുവീണത്. ലക്ഷക്കണക്കിനാളുകള്‍ പലായനത്തിന് വിധേയരായി. ഗസ്സയിലെ സകല ആശുപത്രികളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ബോംബിട്ട് തകര്‍ത്തു. പ്രതികള്‍ മനഃപൂര്‍വം സാധാരണക്കാരെയും ആരോഗയസ്ഥാപനങ്ങളെയും ലക്ഷ്യമിട്ടതായും ഇത് വലിയ ദുരന്തത്തിന് ഇടയാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉത്തരവോടെ നെതന്യാഹുവും ഗാലന്റും അന്താരാഷ്ട്ര തലത്തില്‍ 'വാണ്ടഡ് ലിസ്റ്റില്‍' ഉള്‍പ്പെട്ടു. നെതന്യാഹുവോ ഗാലന്റോ ഐ.സി.സി അംഗത്വമുള്ള 120ലധികം രാജ്യങ്ങളില്‍ എതിലേക്കെങ്കിലും യാത്ര ചെയ്താല്‍ അറസ്റ്റ് ചെയ്ത് വിചാരണക്കായി ഹേഗിലെ കോടതിയില്‍ ഹാജരാക്കും.

അതേസമയം വംശഹത്യാ ആരോപണം ഇസ്രായേല്‍ തള്ളി. ആംനസ്റ്റിയുടെ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണ് എന്നായിരുന്നു ഇസ്രായേലിന്റെ വിശദീകരണം. ഗസ്സയിലെ ജനങ്ങള്‍ക്ക് തങ്ങള്‍ എതിരല്ല, ഹമാസിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്നും ഇസ്രായേല്‍ വ്യക്തമാക്കി. 'മതഭ്രാന്തുമുള്ള നിന്ദ്യമായ സംഘടനണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍. പൂര്‍ണ്ണമായും തെറ്റും നുണകളെ അടിസ്ഥാനമാക്കിയുള്ളതുമാണ് റിപ്പോര്‍ട്ട് എന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News