പലസ്തീന്റെ രാഷ്ട്രപദവിയെ അംഗീകരിക്കാന്‍ ഒരുങ്ങി ഫ്രാന്‍സും; മുന്നില്‍ ദ്വിരാഷ്ട്ര പരിഹാരമെന്ന് വിദേശകാര്യ മന്ത്രി; സ്വതന്ത്രരാജ്യത്തെ അംഗീകരിക്കുമെന്ന് സിംഗപ്പൂര്‍; കൂടുതല്‍ രാജ്യങ്ങള്‍ സമാനമായ നിലപാടിലേക്ക്; ഗാസ സിറ്റിയില്‍ അതിരൂക്ഷ ആക്രമണം; പലസ്തീനെന്ന രാജ്യം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് നെതന്യാഹു

പലസ്തീന്റെ രാഷ്ട്രപദവിയെ അംഗീകരിക്കാന്‍ ഒരുങ്ങി ഫ്രാന്‍സും

Update: 2025-09-22 14:10 GMT

ന്യൂയോര്‍ക്ക്: പലസ്തീന് അന്താരാഷ്ട്ര അംഗീകാരം വര്‍ധിക്കുന്നതിനിടെ രാഷ്ട്രപദവി നല്‍കുന്നതിനെ അംഗീകരിക്കാന്‍ ഒരുങ്ങി ഫ്രാന്‍സും. പലസ്തീനെ അംഗീകരിച്ചുള്ള ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളുടെ നിലപാടിന് ഒപ്പമാണ് ഫ്രാന്‍സ് അണിചേരുന്നത്. ഫ്രാന്‍സ് ലക്ഷ്യമിടുന്നത് ദ്വിരാഷ്ട്ര പരിഹാരമാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ടിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ദിവസത്തെ 'ചരിത്രപരം' എന്നും 'ഫ്രാന്‍സിന്റെ സുപ്രധാന നയതന്ത്ര വിജയം' എന്നും അദ്ദേഹം വിശേഷിപ്പിച്ചു. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് സിംഗപ്പൂര്‍ വ്യക്തമാക്കി കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ സമാന നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് യുകെയും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള പശ്ചാത്ത്യ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത്. ഫ്രാന്‍സിനു പുറമെ ബെല്‍ജിയം, ലക്‌സംബര്‍ഗ്, സാന്‍ മരീനോ, മാള്‍ട്ട എന്നീ രാജ്യങ്ങളും ഈ ആഴ്ച നടക്കുന്ന യുഎന്‍ പൊതുസഭയില്‍ പലസ്തീനെ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്കിടയില്‍ നടന്ന ശക്തമായ നയതന്ത്ര ശ്രമങ്ങളുടെ ഫലമാണിത്. പലസ്തീന് അന്താരാഷ്ട്ര അംഗീകാരം വര്‍ധിക്കുന്നുണ്ടെങ്കിലും, ഒരു സ്വതന്ത്ര രാഷ്ട്രം യാഥാര്‍ത്ഥ്യമാകുന്നതിന് നിരവധി തടസ്സങ്ങളുണ്ട്. കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ നടത്തുന്ന അനധികൃത കുടിയേറ്റ നിര്‍മ്മാണങ്ങള്‍ പലസ്തീന്‍ ഭൂപ്രദേശങ്ങളെ വിഘടിപ്പിച്ചിട്ടുണ്ട്.

ഏകദേശം 700,000 ഇസ്രായേലി കുടിയേറ്റക്കാര്‍ ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ താമസിക്കുന്നു. ഗാസയാകട്ടെ, വര്‍ഷങ്ങള്‍ നീണ്ട ഇസ്രായേലി ബോംബാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍, ഒരു സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം എന്നത് ദുഷ്‌കരമായ ഒന്നാണ്. അന്താരാഷ്ട്ര തലത്തില്‍ എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും ഇസ്രായേല്‍ ഗാസ സിറ്റിയില്‍ കരയുദ്ധം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ ഉണ്ടായ ആക്രമണങ്ങളില്‍ കുറഞ്ഞത് 29 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 2023 ഒക്ടോബറിന് ശേഷം ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 65,000 കവിഞ്ഞതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗാസ സിറ്റിയില്‍ ശേഷിക്കുന്ന പാര്‍പ്പിടസമുച്ചയങ്ങളും ബോംബ് വച്ചു തകര്‍ക്കുന്നതു തുടരുകയാണ്.

അതേ സമയം പലസ്തീനു രാഷ്ട്രപദവി നല്‍കിയ രാഷ്ട്രങ്ങള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ രാജ്യങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു ആരോപിച്ചു. സ്വതന്ത്ര പലസ്തീന്‍ യാഥാര്‍ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. ''നിങ്ങള്‍ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയൊരു സമ്മാനം നല്‍കുകയാണ്. ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസില്‍ നിന്നു തിരിച്ചെത്തിയ ശേഷം മറുപടി നല്‍കും''നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News