'നെതന്യാഹു കൊല്ലാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാനാവും; നിങ്ങള്‍ക്ക് ഒരു ബന്ദിയെപ്പോലും, ജീവനോടെയോ, മൃതദേഹമോ കിട്ടില്ലെന്നാണ് വിധി'; ബന്ദികള്‍ക്ക് വിട പറഞ്ഞ് പ്രകോപന പോസ്റ്റുമായി ഹമാസ്; ഭാവിയിലെ യുദ്ധത്തില്‍ അമേരിക്കയില്‍ നിന്നും 600 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങാന്‍ ഇസ്രായേല്‍

'നെതന്യാഹു കൊല്ലാന്‍ തീരുമാനിച്ചാല്‍ ഞങ്ങള്‍ക്കെന്ത് ചെയ്യാനാവും

Update: 2025-09-21 02:50 GMT

ഗസ്സ സിറ്റി: ഗാസയില്‍ ഹമാസ് പിടികൂടിയ ബന്ദികളുടെ ജീവന്‍ ഇനി തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ അവസാനിച്ചിട്ടുണ്ട്. ഇതോടെയാണ് ഇസ്രായേല്‍ ഹമാസിനെ നിലംപരിശാക്കാനുള്ള ഓപ്പറേഷനുമായി മുന്നോട്ടു പോയത്. ഗാസ സിറ്റിയെ തരിപ്പണമാക്കാനുള്ള കരയുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനിടെ ഇസ്രായേലിനെ പ്രകോപിപ്പിക്കുന്ന പോസ്റ്റുമായി ഹമാസ് രംഗത്തുവന്നു.

അവസാനിക്കുന്ന 47 ബന്ദികള്‍ക്ക് വിടപറഞ്ഞുള്ള പോസ്റ്ററുമായാണ് ഹമാസ് എത്തിയത്. വിടപറയല്‍ ചിത്രമെന്നാണ് ഹമാസ് പോസ്റ്ററിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 1986ല്‍ പിടികൂടിയ ഇസ്രായേലി വായുസേനാംഗം റോണ്‍ അരാദിന്റെ പേരാണ് ബന്ദികള്‍ക്കെല്ലാം ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം ഓരോരുത്തര്‍ക്കും തിരിച്ചറിയാനായി അക്കങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വെടിനിര്‍ത്തല്‍-ബന്ദിമോചന കരാര്‍ തള്ളിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളും പോസ്റ്ററിലുണ്ട്. ഇതിനൊപ്പം, വ്യക്തിപരമായി എതിര്‍പ്പുണ്ടായിട്ടും ഗാസയിലെ അധിനിവേശവുമായി മുന്നോട്ടുപോകുന്ന ഇസ്രായേല്‍ സൈനിക മേധാവിക്കും രൂക്ഷവിമര്‍ശനമുണ്ട്.

'(പ്രധാനമന്ത്രി ബിന്യമിന്‍) നെതന്യാഹുവിന്റെ നിരാസവും (ഐ.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍) സമീറിന്റെ വിധേയത്വവും മൂലം, ഗസ്സ സിറ്റിയിലെ സൈനിക നടപടി തുടങ്ങാനിരിക്കെ ഒരു വേര്‍പിരിയല്‍ ചിത്രം' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

ഇസ്രായേലി പ്രസിദ്ധീകരണമായ വൈനെറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 47 ബന്ദികളില്‍ 20 പേര്‍ മാത്രമേ ജീവിനോടെയുള്ളൂ എന്നാണ് കരുതപ്പെടുന്നത്. ശേഷിക്കുന്ന ബന്ദികളില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്, ബാക്കിയുള്ളവര്‍ ഇതിനകം മരണമടഞ്ഞിട്ടുണ്ട്.

'നിങ്ങളുടെ ബന്ദികള്‍ ഗസ്സ സിറ്റിയിലുടനീളം വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. നെതന്യാഹു കൊല്ലാന്‍ തീരുമാനിക്കുന്നിടത്തോളം അവരുടെ ജീവനെ കുറിച്ച് ഞങ്ങള്‍ ആശങ്കാകുലരല്ല. ഈ ക്രിമിനല്‍ നടപടിയുടെ തുടക്കവും അതിന്റെ തുടര്‍ച്ചയും അര്‍ഥമാക്കുന്നത് നിങ്ങള്‍ക്ക് ഒരു ബന്ദിയെപ്പോലും, ജീവനോടെയോ, മൃതദേഹമോ കിട്ടില്ലെന്നാണ്. റോണ്‍ അരാദിനെ പോലെ തന്നെയാവും അവരുടെ വിധിയും.' അല്‍ ഖസ്സാം ബ്രിഗേഡ് പ്രസ്താവനയില്‍ പറഞ്ഞു.

2024 ജനുവരി മുതല്‍ മാര്‍ച്ച് വരെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ, 20 ഇസ്രായേലി പൗരന്മാര്‍, അഞ്ച് സൈനികര്‍, അഞ്ച് തായ് പൗരന്മാര്‍ എന്നിങ്ങനെ 30 ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട എട്ട് ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങളും അവര്‍ വിട്ടുനല്‍കി. മെയ് മാസത്തില്‍, ഒരു അമേരിക്കന്‍-ഇസ്രായേല്‍ ബന്ദിയെയും ഹമാസ് വിട്ടയച്ചിരുന്നു.

ഇതിന് പകരമായി ഇസ്രായേല്‍ 2,000 തടവുകാരെയും ബന്ദികളെയും മോചിപ്പിച്ചിരുന്നു. ഗസ്സ സിറ്റിയില്‍ ഇസ്രായേല്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെയാണ് ഹമാസ് ബന്ദികളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിടപറയല്‍ പോസ്റ്റര്‍ ഇറക്കുന്നത്.

അതിനിടെ ഭാവിയിലെ യുദ്ധങ്ങള്‍ മുന്നില്‍ കണ്ട് അമരിക്കയുമായി വന്‍ ആയുധ ഇടപാടിനാണ് ഇസ്രായേല്‍ ഒരുങ്ങുന്നത്. സഖ്യകക്ഷിയായ ഇസ്രയേലിന് 600 കോടി ഡോളറിന്റെ (ഏകദേശം 52,855 കോടി രൂപ) ആയുധങ്ങള്‍ വില്‍ക്കാന്‍ പദ്ധതിയുണ്ടെന്ന് ട്രംപ് സര്‍ക്കാര്‍ യുഎസ് ജനപ്രതിനിധിസഭയെ അറിയിച്ചു. രണ്ടുവര്‍ഷമായിട്ടും യുദ്ധം അവസാനിപ്പിക്കാതെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കൂടുതല്‍ ശക്തമാക്കുമ്പോഴാണ് ഈ നടപടി എന്നതും ശ്രദ്ധേയമാണ്.

380 കോടി ഡോളറിന്റെ 30 എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍, 190 കോടി ഡോളറിന്റെ 3200 കവചിതവാഹനങ്ങള്‍ തുടങ്ങിയവയാണ് ഇടപാടിന്റെ ഭാഗമായി യുഎസ് ഇസ്രയേലിനു നല്‍കുക. ഇതോടെ ഇസ്രയേല്‍ സൈന്യത്തിന്റെ പക്കലുള്ള അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകും. ഈ ആയുധക്കരാറിന് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയാലും ഉടന്‍ കൈമാറ്റമുണ്ടാകില്ല. അതിന് രണ്ടോ മൂന്നോ വര്‍ഷമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്തിയതോടെ ഗാസയിലെ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ താറുമാറായിരുന്നു. എങ്കിലും ഖത്തറിന്റെ സഖ്യകക്ഷികൂടിയായ യുഎസ് ഇസ്രയേലിനെ ഉപേക്ഷിക്കില്ലെന്ന നിലപാടാണെടുത്തത്. ഇസ്രയേലിന് ആയുധംവില്‍ക്കുന്നതില്‍ ഡെമക്രാറ്റുകള്‍ക്കിടയിലും എതിര്‍പ്പ് കൂടുകയാണ്.

Tags:    

Similar News