സിറിയയില്‍ ഇസ്രായേലിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; വിമത സേന അധികാരം പിടിച്ചതിന് പിന്നാലെ ആയുധസംഭരണ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തു; വിമതരുടെ കൈയില്‍ ആയുധങ്ങള്‍ എത്താതിരിക്കാന്‍ നീക്കം; സിറിയയിലെ ഭരണമാറ്റ് ഹിസ്ബുള്ളയെ ദുര്‍ബലമാക്കുമെന്ന് വിലയിരുത്തി ഇസ്രായേല്‍

സിറിയയില്‍ ഇസ്രായേലിന്റെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'

Update: 2024-12-09 02:22 GMT

ദമാസ്‌ക്കസ്: സിറിയ വിമതസേന പിടിച്ചെടുത്തതിന് ഇടപെടലുമായി ഇസ്രായേല്‍. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് കുടുംബത്തോടൊപ്പം മോസ്‌കോയിലേക്ക് നാടുവിട്ടതിന് പിന്നാലെ അയല്‍രാജ്യമായ ഇസ്രയേല്‍ സിറിയയില്‍ കനത്ത ബോംബിംഗ് നടത്തി. സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങളാണ് ഇസ്രയേല്‍ തകര്‍ത്തത്. ഇവ വിമതരുടെ കൈകളില്‍ എത്തിപ്പെടാതിരിക്കാനായിരുന്നു ഈ നീക്കം.

ഹിസ്ബുള്ളയ്ക്കെതിരായ തങ്ങളുടെ നടപടിയുടെ നേരിട്ടുള്ള ഫലമാണ് ബാഷറിന്റെ പുറത്താകലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. അസദിന് നേരിട്ടുള്ള പിന്തുണ നല്‍കുന്നവരാണ് ഹിസ്ബുള്ള. ഇറാനും, ഹിസ്ബുള്ളക്കുമേറ്റ തിരിച്ചടിയാണ് സിറിയയിലെ ഭരണനഷ്ടമെന്നാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്.

ബാഷറിന്റെ ഭരണത്തില്‍ നിന്നും മോചിപ്പിക്കപ്പെടണം എന്നാഗ്രഹിച്ചവര്‍ നേടിയ ഒരു ചെയിന്‍ റിയാക്ഷനാണ് വിമതനീക്കമെന്ന് നെതന്യാഹു സൂചിപ്പിച്ചു. ഡമാസ്‌കസിന് പുറത്തുള്ള സിറിയന്‍ ഭാഗങ്ങളില്‍ സൈന്യം അതിവേഗം പിടിച്ചെടുത്ത നടപടി തങ്ങളോട് ശത്രുതയുള്ള ഒരു ശക്തിയും ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഇല്ല എന്ന് ഉറപ്പാക്കാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാജ്യംവിട്ട സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന് റഷ്യയില്‍ രാഷ്ട്രീയ അഭയം ലഭിച്ചിട്ടുണ്ട്. അസദും കുടുംബവും മോസ്‌കോയിലെത്തിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസദിന്റെ പതനത്തെ സ്വാഗതം ചെയ്ത് അമേരിക്കയും ഇസ്രായേലും രംഗത്തെത്തി. ദമാസ്‌കസില്‍ വിമതസേന കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബശ്ശാറുല്‍ അസദ് ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പമാണ് മോസ്‌കോയില്‍ രാഷ്ട്രീയ അഭയം തേടിയത്. മാനുഷിക പരിഗണനയിലാണ് റഷ്യ അഭയം നല്‍കിയിരിക്കുന്നതെന്ന് രാജ്യത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എച്ച്ടിഎസ് നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി ഈ വിജയം എല്ലാ സിറിയക്കാര്‍ക്കും വേണ്ടിയുള്ളതാണെന്ന് പറഞ്ഞു. പൊതുസ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ വിമത വിഭാഗത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെയാണ് ദമസ്‌കസില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. സിറിയയിലുടനീളം വ്യോമാക്രമണം നടത്തിയ ഇസ്രായേല്‍ അധിനിവേശ സേന ഗോലാന്‍ കുന്നുകളിലെ ബഫര്‍ സോണ്‍ പിടിച്ചെടുത്തു. അസദിന്റെ പതനത്തെ മിഡില്‍ ഈസ്റ്റിലെ ചരിത്രപരമായ ദിനമെന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. സിറിയയിലെ വിമത മുന്നേറ്റം ലോക രാജ്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

സ്ഥിതിഗതികളെക്കുറിച്ച് തുര്‍ക്കി പ്രതിരോധമന്ത്രി യാസര്‍ ഗുലറുമായി സംസാരിച്ചതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. സിറിയയുടെ അയല്‍ രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് മുന്നില്‍ അസദ് ഭരണകൂടത്തെ കുറ്റവിചാരണ ചെയ്യണമെന്ന് കാനഡ ആവശ്യപ്പെട്ടു. റഷ്യയുടെ ആവശ്യപ്രകാരം യുഎന്‍ രക്ഷാസമിതി അടിയന്തരമായി ചേര്‍ന്നേക്കും.

ഇടക്കാല ഗവണ്‍മെന്റിന് അധികാരം കൈമാറുമെന്ന് വിമതര്‍ അറിയിച്ചു. വിമതരോട് സഹകരിക്കുന്ന പ്രധാനമന്ത്രി മുഹമ്മദ് ഘാസി അല്‍ ജലാലി തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് വിമത കമാന്‍ഡര്‍ അബു മുഹമ്മദ് അല്‍ ഗൊലാനിയുമായി ബന്ധപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനമായ ഡെമാസ്‌കസ് വിമതര്‍ പിടിച്ചു. കുപ്രസിദ്ധമായ സെദ്‌നായ ജയിലിലെ നൂറുകണക്കിന് വിമത തടവുകാരെ മോചിപ്പിച്ചു. 13 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തില്‍ മൂന്നര ലക്ഷം പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ തെരുവിലാവുകയും ചെയ്തു. ബാഷറിന്റെ സൈന്യത്തിന്റെ ചെറുത്തുനില്‍പ്പില്ലാതെയാണ് വിമതര്‍ ഡെമാസ്‌കസില്‍ കടന്നത്. ഈ സമയം ആയിരക്കണക്കിന് ജനങ്ങള്‍ നഗരകവാടത്തില്‍ സ്വാതന്ത്ര്യ മുദ്രാവാക്യം മുഴക്കി.

പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസും വിമത സായുധ സംഘം പിടിച്ചെടുത്തത്. അബു മുഹമ്മദ് അല്‍ ജുലാനിയാണ് അസദിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് സിറിയയില്‍ ഭരണത്തിലേറുന്നത്. അമേരിക്ക തലയ്ക്ക് 10 കോടി വിലയിട്ട കൊടുംഭീകരന്‍ ആയിരുന്നു ജുലാനി. പ്രസിഡന്റും രാജ്യം വിട്ടോടിയതോടെ ജനം തെരുവിലിറങ്ങി. പതിറ്റാണ്ടുകളായി തല ഉയര്‍ത്തി നിന്ന ബഷാര്‍ അല്‍ അസദിന്റെ പ്രതിമകള്‍ ജനം തകര്‍ത്തെറിഞ്ഞു. സിറിയന്‍ സൈന്യവും സുരക്ഷാ സേനയും ദമാസ്‌കസ് രാജ്യാന്തര വിമാനത്താവളം ഉപേക്ഷിച്ചു പോയി. സുപ്രധാന ഭരണ കാര്യാലയങ്ങളില്‍ നിന്ന് എല്ലാം സൈന്യം പിന്മാറി. പലയിടത്തും ജയിലുകള്‍ തകര്‍ത്ത വിമതര്‍ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചു.

74 ശതമാനം സുന്നി മുസ്ലിങ്ങളും 13 ശതമാനം ഷിയാക്കളും പത്ത് ശതമാനം ക്രൈസ്തവരും ഉള്ള ഒരു രാജ്യത്തിന്റെ ഭരണ നേതൃത്വം ഭീകര ബന്ധമുള്ള സായുധ സംഘത്തിന്റെ കൈകളില്‍ എത്തുമ്പോള്‍ എന്താകും സിറിയയുടെ ഭാവി എന്ന ആശങ്ക ശക്തം. ലോകത്തെ വന്‍ശക്തി രാജ്യങ്ങള്‍ ഒന്നും പ്രശ്നത്തില്‍ ഉടന്‍ ഇടപെടാന്‍ തയാറല്ല. സ്ഥിതി നിരീക്ഷിക്കുന്നു എന്നാണ് അമേരിക്കയുടെ പ്രതികരണം.

Tags:    

Similar News