സിറിയക്ക് ഗോലന്‍ കുന്നുകള്‍ എന്നെന്നേക്കുമായി നഷ്ടമാകും? ഗോലാന്‍ കുന്നുകളില്‍ കുടിയേറ്റം ഇരട്ടിയാക്കാന്‍ ഇസ്രായേല്‍; പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് നെതന്യാഹു; ട്രംപ് അധികാരമേല്‍ക്കുന്നതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും അനുകൂലമാകുമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടല്‍

സിറിയക്ക് ഗോലന്‍ കുന്നുകള്‍ എന്നെന്നേക്കുമായി നഷ്ടമാകും?

Update: 2024-12-16 08:29 GMT

ജറൂസലേം: സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന്റെ പതനത്തിനു പിന്നാലെ ഗോലാന്‍ കുന്നുകളില്‍ വന്‍തോതില്‍ ജൂതകൂടിയേറ്റത്തിന് ഒരുങ്ങി ഇസ്രായേല്‍. ഗോലാന്‍ കുന്നുകളില്‍ സെറ്റില്‍മെന്റുകള്‍ സ്ഥാപിച്ച് കുടിയേറ്റം ഇരട്ടിയാക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഇപ്പോള്‍ തന്നെ ഗോലനിലെ ബഫര്‍സോണില്‍ അതിക്രമിച്ചു കടന്ന ഇസ്രായേല്‍ അധിനിവേശം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഒരുങ്ങുന്നത്.

ഗോലാന്‍ കുന്നുകളില്‍ നിലവിലുള്ള ഇസ്രായേല്‍ ജനതയുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ ഏകകണ്ഠ്യേന അംഗീകാരം നല്‍കിയതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. 1967 മുതല്‍ ഇസ്രായേല്‍ കൈവശം വെക്കുന്ന ഗോലാന്‍ കുന്നുകളിലാണ് പുതിയ സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കുന്നത്. 1974ലെ യു.എന്‍ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഡീമിലിറ്ററൈസ്ഡ് സോണ്‍ ആയി പ്രഖ്യാപിച്ച മേഖലയിലേക്ക് ഇസ്രായേല്‍ സൈന്യം ഇരച്ചുകയറിയിരുന്നു. കൂടാതെ, സിറിയയുടെ സൈനിക സന്നാഹങ്ങളും ആയുധശേഷിയും കഴിഞ്ഞദിവസങ്ങളില്‍ ഇസ്രായേല്‍ നശിപ്പിക്കുകയും ചെയ്തു.

ഇതോടെ ഗോലന്‍ കുന്നുകളില്‍ അധിനിവേശം കൂടുതല്‍ ശക്തമാക്കുകയാണ് ഇസ്രായേല്‍. സൈനിക ശേഷി നശിപ്പിച്ചതോടെ അടുത്തെങ്ങും സൈനികമായി സിറിയ ഒരു വെല്ലുവിളി ആകില്ലെന്ന് ഉറപ്പിക്കാനും ഇസ്രായേലിനായി. ഈ അനുകൂല സാഹചര്യം മുതലെടുത്താണ് അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പിനിടയിലും അധിവിഷ്ട ഗോലാന്‍ കുന്നുകളില്‍ ജൂതകൂടിയേറ്റം ഇരട്ടിപ്പിക്കുന്നത്. 11 മില്യണ്‍ ഡോളറിന്റെ സെറ്റില്‍മെന്റ് പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നിലവില്‍ സിറിയയില്‍നിന്ന് അനധികൃതമായി കൈവശപ്പെടുത്തിയ ഗോലാന്‍ കുന്നുകളില്‍ 30ഓളം സെറ്റില്‍മെന്റുകളിലായി 31,000ലധികം പേര്‍ താമസിക്കുന്നുണ്ട്. സിറിയന്‍ ന്യൂനപക്ഷമായ ഡ്രൂസെ വിഭാഗക്കാരും മേഖലയില്‍ കഴിയുന്നുണ്ട്.

ഗോലാന്‍ ശക്തിപ്പെടുത്തുന്നത് ഇസ്രായേല്‍ രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിന് തുല്യമാണെന്ന് നെതന്യാഹു പ്രതികരിച്ചു. 1967ലെ ആറുദിന യുദ്ധത്തിലാണ് ഗോലാന്‍ കുന്നുകളുടെ ഭൂരിഭാഗവും ഇസ്രായേല്‍ സിറിയയില്‍നിന്ന് പിടിച്ചെടുത്തത്. രാജ്യാന്തര തലത്തില്‍ ഇസ്രയേലിന്റേത് അനധികൃത കുടിയേറ്റമായാണ് കണക്കാക്കുന്നതെങ്കിലും 2019ല്‍ അന്നത്തെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഗോലാന്‍ കുന്നുകളില്‍ ഇസ്രയേലിന്റെ സ്വയംഭരണാധികാരത്തെ പിന്തുണച്ചിരുന്നു.

ജനുവരി 20ന് ട്രംപ് വീണ്ടും പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതോടെ കാര്യങ്ങള്‍ ഒന്നുകൂടി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഇസ്രായേല്‍. സിറിയയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളോട് സിറിയയില്‍ അധികാരം പിടിച്ചെടുത്ത ഹൈഅത്ത് തഹ്രീര്‍ അശ്ശാം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഗോലാന്‍ കുന്നുകളില്‍ പുതിയ സെറ്റില്‍മെന്റുകള്‍ സ്ഥാപിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ ഇറാഖും സൗദി അറേബ്യയും യു.എ.ഇയും രംഗത്തെത്തി.

സിറിയന്‍ ജനതക്ക് അവരുടെ ഭൂമിയില്‍ പരമാധികാരം ഉറപ്പുവരുത്തണമെന്ന് ഈ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഇസ്രായേലിന്റേത് അധിനിവേശത്തിന്റെ തുടര്‍ച്ചയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് യു.എ.ഇ പ്രതികരിച്ചു. സിറിയയുടെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ അട്ടിമറിക്കുന്നതാണ് ഇസ്രായേല്‍ പദ്ധതിയെന്ന് സൗദി വ്യക്തമാക്കി.

അതേസമയം രണ്ടാഴ്ചയോളംനീണ്ട സായുധവിപ്ലവത്തിനുശേഷം സിറിയയില്‍ സ്‌കൂളുകളും കോളജുകളും തുറന്നു. വിമത സംഘങ്ങളുടെ നേതൃത്വത്തില്‍ നടന്ന സായുധ നീക്കത്തെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങളാണ് വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് ക്ലാസുകള്‍ ആരംഭിച്ചിട്ടുള്ളത്. പ്രൈമറി സ്‌കൂളുകള്‍ തുറക്കാന്‍ രണ്ടുദിവസമെടുക്കും. ഇസ്രായേല്‍ ആക്രമണം ശക്തമായിരിക്കെ തന്നെ സിറിയയില്‍ പലയിടങ്ങളിലും ജനജീവിതം സാധാരണനിലയിലേക്കുമടങ്ങി.

ജനജീവിതം വീണ്ടും സാധാരണ നിലയിലേക്ക് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് സിറിയയിലെ പുതിയ ഭരണാധികാരികള്‍ സ്‌കൂളുകള്‍ തുറക്കാന്‍ ഉത്തരവിറക്കിയത്. സ്‌കൂളുകള്‍ തുറന്നു എങ്കിലും സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ മിക്ക സ്‌കൂളുകളിലും ഹാജര്‍നില 30 ശതമാനത്തില്‍ കുറവായിരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ആവശ്യമായ എല്ലാ സേവനങ്ങളുമായി സ്‌കൂളുകളെ സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രവിശ്യകള്‍ക്കുപുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ കൂടുതല്‍ പഠിക്കുന്ന സര്‍വകലാശാലകളില്‍ പലയിടത്തും ക്ലാസുകള്‍ നടന്നില്ല.

അസദ് ഭരണകൂടത്തിന്റെ പതനത്തിനു ശേഷം, അഞ്ചുദിവസത്തിനിടെ തുര്‍ക്കി അതിര്‍ത്തിവഴി 7600 സിറിയന്‍ അഭയാര്‍ഥികള്‍ സ്വന്തം രാജ്യത്തേക്കുമടങ്ങിയെന്ന് തുര്‍ക്കിയുടെ ആഭ്യന്തര മന്ത്രി പറഞ്ഞു. വിമതവിപ്ലവത്തിനും ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിനും പിന്നാലെയാണ് സിറിയയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമായത്. അഞ്ചുമണിക്കൂറിനിടെ അറുപതിലേറെ ആക്രമണങ്ങളാണ് ഇസ്രായേല്‍ സേന നടത്തിയത്. സിറിയന്‍ സൈനികകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശനിയാഴ്ച രാത്രി അഞ്ചുമണിക്കൂറിനിടെ ഇസ്രയേല്‍ 61 മിസൈലുകള്‍ തൊടുത്തതായി യുദ്ധനിരീക്ഷകരായ 'സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്'പറഞ്ഞു. തെക്കുകിഴക്കന്‍ ക്യുനൈത്രയിലെ റോഡുകളും വൈദ്യുതി ലൈനുകളും ജല ശൃംഖലകളും ഇസ്രായേല്‍ കരസേന തകര്‍ത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിറിയയില്‍ അധികാരം പിടിച്ച വിമതഗ്രൂപ്പുമായി യുഎസ് നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു. സിറിയയില്‍ നിന്നും റഷ്യന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെ കുറിച്ച് പ്രതികരിക്കാന്‍ ആന്റണി ബ്ലിങ്കണ്‍ തയ്യാറായില്ല. സിറിയയില്‍ ആക്രമണം നടത്തുന്നതിനെ ന്യായീകരിക്കാന്‍ ഇനി ഇസ്രയേലിനുമുന്നില്‍ കാരണങ്ങളൊന്നുമില്ലെന്ന് വിമതവിപ്ലവത്തിന് നേതൃത്വം നല്‍കിയ ഹയാത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്ടിഎസ്) നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി പറഞ്ഞു. 'ഇസ്രയേല്‍ പ്രതിരോധസേനയുടെ ആക്രമണങ്ങള്‍ പരിധിവിട്ടിരിക്കുകയാണ്. വര്‍ഷങ്ങളോളംനീണ്ട യുദ്ധവും സംഘര്‍ഷങ്ങളും കാരണം തളര്‍ന്ന സിറിയയെ, ഇനിയും അക്രമിക്കാനോ ഇല്ലാതാക്കനോ ആരെയും അനുവദിക്കില്ല' എന്ന് ജുലാനി വ്യക്തമാക്കി.

സിറിയയെ നശിപ്പിക്കുന്ന സംഘര്‍ഷങ്ങളല്ല, പകരം രാജ്യത്തിന്റെ പുനര്‍നിര്‍മാണമാണ് തങ്ങളുടെ ലക്ഷ്യമെന്നും ജുലാനി അവകാശപ്പെട്ടു. 'സിറിയയെ ആക്രമണത്തിനുള്ള വേദിയാക്കിയത് ഇറാനാണ്. അതിന് അന്ത്യംകുറിക്കാന്‍ വിപ്ലവത്തിലൂടെ സാധിച്ചു. എന്നാല്‍ അവരുമായി ശത്രുതയില്ല' എന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരയുദ്ധകാലത്ത് സാധാരണജനങ്ങളെ ആക്രമിച്ച റഷ്യന്‍സൈന്യത്തെ ജുലാനി കടന്നാക്രമിച്ചെങ്കിലും പൊതുതാത്പര്യം കണക്കിലെടുത്ത് റഷ്യയുമായുള്ള ബന്ധം പുനപരിശോധിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News