ഹൂത്തികളെ തീര്‍ക്കാന്‍ യെമനനിലേക്കും വ്യോമാക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍; ലെബണനിലേക്ക് കടന്ന് കയറാന്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം; അമേരിക്കയുടെ എതിര്‍പ്പ് വകവയ്ക്കാതെ വ്യോമാക്രമണം കടുപ്പിച്ച് അന്തിമ യുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍

ഹൂത്തികളെ തീര്‍ക്കാന്‍ യെമനനിലേക്കും വ്യോമാക്രമണം വ്യാപിപ്പിച്ച് ഇസ്രായേല്‍

Update: 2024-09-30 03:42 GMT

ടെല്‍ അവീവ്: ഓരോ ടാര്‍ഗെറ്റുകളെയും കൃത്യമായി സമയങ്ങളില്‍ തീര്‍ക്കുകയാണ് ഇസ്രായേല്‍. ഗാസയില്‍ തുടങ്ങിയ പേര് ഇപ്പോള്‍ എത്തി നില്‍ക്കുന്നത് യെമനിലെ ഹൂതി വിമതരിലാണ്. ഹിസ്ബുള്ള തലവനേയും കൂടി വധിച്ചതോടെ അടുത്തതായി ഇസ്രയേല്‍ ലക്ഷ്യമിടുന്നത് ഹൂത്തി വിമതരെയാണ്. ഹൂത്തികളെ തീര്‍ക്കാന്‍ യെമനിലേക്ക് കൂടി വ്യോമാക്രമണം വ്യാപിപ്പിക്കുകയാണ് ഇസ്രയേല്‍. ഹിസ്ബുള്ളക്ക് കനത്ത തിരിച്ചടി നല്‍കിയ ശേഷമാണ് ഹൂത്തികള്‍ക്കെതിരെയും ഇസ്രായേല്‍ രംഗത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ ഹൂത്തി ശക്തികേന്ദ്രങ്ങളില്‍ നടത്തിയത്. നൂറ് കണക്കിന് ഇസ്രയേല്‍ ടാങ്കുകള്‍ ലബനന്‍ അതിര്‍ത്തിയില്‍ അണിനിരന്നതിന് തൊട്ടു പിന്നാലെയാണ് യെമനിലേക്ക് കൂടി ആക്രമണം വ്യാപിപ്പിക്കുന്നത്. ഈ സംഭവങ്ങളെല്ലാം പശ്ചിമേഷ്യയെ സംഘര്‍ഷഭരിതമാക്കുമെന്ന ഭീതിയിലാണ് ലോകം. അതേ സമയം ഇരു കൂട്ടരും ഏറ്റുമുട്ടലില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി അമേരിക്ക രംഗത്ത് എത്തിയിരിക്കുകയാണ്.

മധ്യപൂര്‍വേഷ്യയില്‍ ഒരു യുദ്ധം ഉണ്ടാകുന്നത് തടയണമന്ന് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനോട് ആവശ്യപ്പെട്ടരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ബെയ്റൂട്ടില്‍ തങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ഹസന്‍ നസറുള്ളക്ക് ഒപ്പം ഇരുപതോളം മുതിര്‍ന്ന ഹിസ്ബുള്ള നേതാക്കളും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു. നസറുള്ള മൃതദേഹം ഇന്നലെ കണ്ടെടുത്തു എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇയാള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള തന്നെ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഭീകരസംഘടനയുടെ മുതിര്‍ന്ന നേതാവായ ഹഷേം സഫീദിന്‍ ആയിരിക്കും അടുത്ത ഹിസ്ബുള്ള മേധാവി

എന്നാണ് കരുതപ്പെടുന്നത്.

ഒരു തുറന്ന യുദ്ധം തന്നെ ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ലബനനിലെ പല രാജ്യങ്ങളുടേയും എംബസികള്‍ പ്രവര്‍ത്തനം

താല്‍ക്കാലികമായി നിര്‍ത്തുകയാണ്. ഇന്നലെയും ലബനനിലേക്ക് ഇസ്രയേല്‍ അതിശക്തമായ ആക്രണമാണ് നടത്തിയത്. നൂറോളം പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടയിലാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇന്നലെ യെമനിലെ ഹൂത്തി ശക്തികേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്.

നിരവധി പോര്‍വിമാനങ്ങള്‍ ഈ ദൗത്യത്തില്‍ പങ്കെടുത്തതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. യെമനില്‍ ഹൂത്തി വിമതര്‍ ഉപയോഗിച്ചിരുന്ന പവര്‍ പ്ലാന്റും റാസ് ഇസ തുറമുഖവും തകര്‍ന്ന് തരിപ്പണമായി. മേഖലയിലുള്ള എണ്മടാങ്കറുകളുടെ നേരേ പത്ത് തവണയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലിലേക്ക് കടന്ന് കയറി ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെ തന്നെ ഹൂത്തി വിമതര്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ചെങ്കടലില്‍ നിന്ന് നിരന്തരം ആക്രമണം അഴിച്ചുവിടുകയായിരുന്നു.

ഇസ്രയേല്‍ ബന്ധമുളള നിരവധി കപ്പലുകള്‍ ഇവര്‍ ആക്രമിക്കുകയും തട്ടിക്കൊണ്ട് പോകുകയും ചെയ്തിരുന്നു. ലബനനിലേക്ക് കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തെ മാര്‍പ്പാപ്പയും അപലപിച്ചിട്ടുണ്ട്. ധാര്‍മ്മികതക്ക് നേരേ നടന്ന കടന്ന് കയറ്റം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം ലബനനില്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇറാന്‍ ജനറലും കൊല്ലപ്പെട്ടിരുന്നു. അബ്ബാസ് നില്‍ഫ ാെറോഷാന്റെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഇന്നലെ ഇസ്രയേല്‍ അതിര്‍ത്തിയിലേക്ക് ഹിസ്ബുളള വീണ്ടും റോക്കറ്റാക്രമണം നടത്തി.

ഗാസയിലെ യുദ്ധലക്ഷ്യം പൂര്‍ത്തിയാക്കുംവരെ ഹിസ്ബുള്ളയ്ക്കെതിരേ സൈനികനടപടി തുടരുമെന്നാണ് നെതന്യാഹു ആവര്‍ത്തിക്കുന്നത്. ലെബനനിലെ അതിക്രമം ഇസ്രയേല്‍ നിര്‍ത്തണമെന്ന് അന്താരാഷ്ട്രതലത്തില്‍ ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് അത് ചെവിക്കൊള്ളാതെ നെതന്യാഹുവിന്റെ നിലപാട്.

നസ്രള്ളയില്ലാത്ത സുരക്ഷിത ഇടം ഇസ്രയേല്‍ ലോകത്തിന് സമ്മാനിച്ചെന്ന് സേനാവക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. നസ്രള്ളയുടെ വധം ഹിസ്ബുള്ളയുടെ ഇരകളായ അനേകംപേര്‍ക്കുള്ള നീതിയുടെ അളവുകോലാണെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. നസ്രള്ളയെ ഭീകരനെന്നു വിളിച്ച യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാഹാരിസ്, അദ്ദേഹത്തിന്റെ കൈകളില്‍ അനേകം അമേരിക്കക്കാരുടെ ചോര പുരണ്ടിട്ടുണ്ടെന്ന് പറഞ്ഞു.അതേസമയം നസ്രള്ള വധത്തെ റഷ്യയും ചൈനയും അപലപിച്ചു.

സംഘര്‍ഷത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ഇരുകൂട്ടരോടും ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനംചെയ്തു. വെള്ളിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തിലാണ് നസ്രള്ള കൊല്ലപ്പെട്ടത്. അതിനു പിന്നാലെ ശനിയാഴ്ച ലെബനനിലുടനീളം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 33 പേരാണ് കൊല്ലപ്പെട്ടത്. 195 പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ മേഖലയായ ഹെര്‍മെലിലുണ്ടായ ആക്രമണത്തില്‍ ഒരുവീട്ടിലെ ആറുപേര്‍ മരിച്ചു.

നസ്രള്ളയെ വധിക്കാന്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ 20-ലേറെ അംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധസേന(ഐ.ഡി.എഫ്.) അറിയിച്ചു. രണ്ടുദിവസത്തിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ 14 രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് ലെബനന്‍ അറിയിച്ചു. അതേസമയം, ഗോലാന്‍ കുന്നിലെ ഇസ്രയേല്‍ സേനാതാവളത്തിനുനേരെ ഞായറാഴ്ച ഹിസ്ബുള്ള എട്ട് ഫൗദി-1 റോക്കറ്റുകളയച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ലെബനന് മാനുഷികപിന്തുണ ഉറപ്പാക്കുന്നതിനായി ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബരോട്ട് ബയ്‌റുത്തിലേക്കു തിരിച്ചു.

ബയ്റുത്ത്: ലെബനീസ് സായുധസംഘമായ ഹിസ്ബുള്ളയുടെ തലവന്‍ ഹസന്‍ നസ്രള്ളയെ വധിച്ചതിനുപിന്നാലെ, ലെബനനിലുടനീളം തീതുപ്പി ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍ എത്തിയിട്ടുണ്ട്. ഞായറാഴ്ച ലെബനനിലുടനീളമുണ്ടായ ആക്രമണങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ലബനനില്‍ 21-ഉം തെക്കന്‍ ലെബനനിലെ സിദോണിനു സമീപം 24 പേരും വടക്കുകിഴക്കന്‍ ലെബനനില്‍ 11പേരുമാണ് മരിച്ചത്. രണ്ടാഴ്ചക്കിടെയുണ്ടായ ആക്രമണങ്ങളില്‍ മരണം 1030 ആയി.

ബയ്‌റുത്തിലെ ദഹിയ ജില്ലയില്‍ ശനിയാഴ്ച നടത്തിയ ആക്രമണത്തിലൂടെ ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണവിഭാഗം കമാന്‍ഡറായ ഖലീല്‍ യാസിനെയും മുതിര്‍ന്ന കമാന്‍ഡറും എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗവുമായ നബീല്‍ ഖൗഖിനെയും ഇസ്രയേല്‍ വധിച്ചു. 1980-കളില്‍ നസ്രള്ളയ്ക്കൊപ്പംതന്നെ ഹിസ്ബുള്ളയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ് ഖൗഖ്. ഇസ്രയേലിനെതിരേ ആക്രമണം നടത്തുന്നതിനുള്ള രഹസ്യ വിവരങ്ങള്‍ ശേഖരിച്ചിരുന്നത് യാസിന്റെ കീഴിലുള്ള ഹിസ്ബുള്ള യൂണിറ്റാണ്. അതുവഴിയാണ് ഇസ്രയേലിലെ ജനവാസമേഖലകളും സൈനികകേന്ദ്രങ്ങളും ഹിസ്ബുള്ള തിരിച്ചറിഞ്ഞിരുന്നത്.

അതേസമയം ഗാസയിലെ യുദ്ധം ഇസ്രയേല്‍ ലെബനനിലേക്കു വ്യാപിപ്പിച്ചതിനുപിന്നാലെ മേഖല സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത കൂട്ടപ്പലായനത്തിന്. ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് രാജ്യത്ത് നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പലായനമാണെന്ന് ലെബനീസ് പ്രധാനമന്ത്രി നജീബ് മികാറ്റി പറഞ്ഞു. 10 ലക്ഷം പേര്‍ ഇതിനോടകം അഭയാര്‍ഥികളായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമാക്രമണം വിപുലമാക്കുന്നതിന്റെ മുന്നോടിയായി തെക്കും കിഴക്കും ലെബനനിലുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ നിര്‍ദേശിച്ചിരുന്നു.

Tags:    

Similar News