ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റില്‍ കലിപൂണ്ട് ഇസ്രായേല്‍; നെതന്യാഹു ഈ 120 രാജ്യങ്ങളില്‍ ചെന്നാല്‍ അറസ്റ്റ് ചെയ്ത് തടവിലാക്കും; അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയാതെ ബ്രിട്ടന്‍; സുരക്ഷിതം ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങള്‍

ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റില്‍ കലിപൂണ്ട് ഇസ്രായേല്‍

Update: 2024-11-22 03:47 GMT

ടെല്‍ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതില്‍ ശക്തമായ പ്രതിഷേധവുമായി ഇസ്രയേല്‍ സര്‍ക്കാര്‍. നെതന്യാഹുവിനെ കൂടാതെ മുന്‍ പ്രതിരോധമന്ത്രി യവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദെയ്ഫ്് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒരു വര്‍ഷത്തിലേറെയായി ഗാസയില്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ യുദ്ധക്കുറ്റങ്ങളുടെ പേരിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തേ തന്നെ ഇതിനുള്ള അപേക്ഷ ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ മേയ് 20-ന് മുന്നോട്ടുവെച്ചിരുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവ ഉള്‍പ്പെടെ അവരുടെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കള്‍ ബോധപൂര്‍വം നിഷേധിച്ചെന്ന് ഐസിസിയുടെ ചേംബര്‍ വിലയിരുത്തി.

തുടര്‍ന്നായിരുന്നു വാറണ്ട് പുറപ്പെടുവിക്കാനുള്ള ഏകകണ്ഠമായ തീരുമാനം. നേരത്തേ നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് നല്‍കാനുള്ള കരീം ഖാന്റെ ആവശ്യം ഇസ്രയേല്‍ നിരസിച്ചിരുന്നു. ഇസ്രയേല്‍, ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകള്‍ ആശങ്കയുണയര്‍ത്തുന്നവയാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിനിടെയുണ്ടായ ലൈംഗികാതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകളും ഗാസയില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിലേക്കും പരിക്കുകളിലേക്കും നയിച്ച വലിയ തോതിലുള്ള ബോംബാക്രമണവുമെല്ലാം ഐസിസിയുടെ പരിഗണനയിലുണ്ടായിരുന്നു.

കോടതി ഉത്തരവ് അനുസരിച്ച് നെതന്യാഹുവും മറ്റുള്ളവരും 120 രാജ്യങ്ങളില്‍ ചെന്നാല്‍ അറസ്റ്റ് ചെയ്ത് തടവിലാക്കാന്‍ ഈ ഉത്തരവ് അധികാരം നല്‍കുന്നു. എന്നാല്‍ ഇവര്‍ രാജ്യത്ത് എത്തിയാല്‍ അറസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ ബ്രിട്ടന്‍ ഇനിയും കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളില്‍ മാത്രമാണ് ഇവര്‍ക്ക് സുരക്ഷിതമായി സന്ദര്‍ശിക്കാന്‍ കഴിയുന്നത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ റോം സ്റ്റാറ്റിയൂട്ടില്‍ ഒപ്പ് വെച്ച ഏത് രാജ്യത്ത് ചെന്നാലും ഇവരെ അറസ്റ്റ് ചെയ്ത് തടവിലാക്കാം.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇസ്രയേലും അമേരിക്കയും ഇന്ത്യയും ഇതില്‍ ഒപ്പിട്ടില്ല എന്നതാണ്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് റോം സ്റ്റാറ്റിയൂട്ടില്‍ ഏറ്റവും കൂടുതല്‍ ഒപ്പ് വെച്ചിട്ടുള്ളത്. ഒരു തീവ്രവാദി നേതാവിനൊപ്പം തന്നെയും പ്രതി ചേര്‍ത്തതില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രകോപിതനാണ്. ഒരു രാജ്യത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയേയും ഒരു തീവ്രവാദി നേതാവിനേയും ഒരേ കേസില്‍ പ്രതി ചേര്‍ത്തത് ധാര്‍മ്മികമായി ശരിയല്ല എന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ നെതന്യാഹു ബ്രിട്ടനില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായ മറുപടി

നല്‍കിയില്ല. ഐ.സി.സിയുടെ ഈ ഉത്തരവിന് ബ്രിട്ടനിലെ ഒരു കോടതി സാധുത നല്‍കിയാല്‍ മാത്രമേ പ്രതിപ്പട്ടികയില്‍ പെട്ടവരെ അറസ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഗാസയില്‍ ഇപ്പോള്‍ കടുത്ത ക്ഷാമം നേരിടുകയാണ്. കൂടാതെ മരണസംഖ്യ നാല്‍പ്പത്തിനാലായിരം കടന്നതുമാണ് ഐ.സി.സി.യെ ഇത്തരത്തില്‍ ഒരു നടപടിയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചത് എന്നാണ് പറയപ്പെടുന്നത്. ഇതില്‍ പകുതിയും സ്ത്രീകളും കുട്ടികളുമാണ് എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

Tags:    

Similar News