'ഖമേനിയുടെ പരാമര്‍ശം അംഗീകരിക്കാനാവില്ല, അതിന് മുന്‍പ് സ്വന്തം നാട്ടിലെ അവസ്ഥ പരിശോധിക്കൂ'; ഇന്ത്യയിലെ മുസ്ലിംകള്‍ പീഡനം അനുഭവിക്കുന്നുവെന്ന പ്രസ്താവന തള്ളി ഇന്ത്യ; ഇറാനുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകുമോ?
തിങ്കളാഴ്ചയാണ് ഇന്ത്യയിലെ മുസ്ലിംകള്‍ പീഡനം അനുഭവിക്കുന്നുവെന്ന തരത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി എക്‌സില്‍ ഒരു പ്രസ്താവന പോസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി: ഇന്ത്യയിലെ മുസ്ലിംകള്‍ പീഡനം അനുഭവിക്കുന്നുവെന്ന, ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ പ്രസ്താവന തള്ളി ഇന്ത്യ. പ്രസ്താവന അപലപനീയമാണെന്ന് വിശേഷിപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഖമേനി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ സോഷ്യല്‍ മീഡിയയിലൂടെയും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവെച്ചു.
തിങ്കളാഴ്ചയാണ് ഇന്ത്യയിലെ മുസ്ലിംകള്‍ പീഡനം അനുഭവിക്കുന്നുവെന്ന തരത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി എക്‌സില്‍ ഒരു പ്രസ്താവന പോസ്റ്റ് ചെയ്തത്. മ്യാന്‍മറിലും ഗാസയിലും ഇന്ത്യയിലും മറ്റേതൊരു പ്രദേശത്തും മുസ്ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന തരത്തിലുള്ള ആഹ്വാനമായിരുന്നു ഇതില്‍. എന്നാല്‍ ഈ പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച രാത്രി തന്നെ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അസ്വീകാര്യമായ പ്രസ്താവനയാണിത്. ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ അഭിപ്രായം പറയുന്ന രാജ്യങ്ങള്‍ മറ്റുള്ളവരുടെ കാര്യത്തില്‍ നിരീക്ഷണം നടത്തുന്നതിന് മുമ്പ് സ്വന്തം രാജ്യത്തെ അവസ്ഥ പരിശോധിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നേരത്തെ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ആയത്തുള്ള ഖമേനി പ്രതികരിച്ചിരുന്നു. കശ്മീരിലെ മുസ്ലീങ്ങളുടെ സാഹചര്യത്തില്‍ തങ്ങള്‍ ആശങ്കപ്പെടുന്നു എന്നായിരുന്നു ഖമേനിയുടെ പ്രതികരണം. കശ്മീരിലെ കുലീനരായ ജനങ്ങളോട് ഇന്ത്യന്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ നയം സ്വീകരിക്കുമെന്നും മുസ്ലീങ്ങളെ അടിച്ചമര്‍ത്തുന്നതും ഭീഷണിപ്പെടുത്തുന്നതും തടയുമെന്നും പ്രതീക്ഷിക്കുന്നതായും ഖമേനി പറഞ്ഞിരുന്നു.
അതേസമയം സ്വന്തം നാട്ടിലെ അവസ്ഥ പരിശോധിക്കണമെന്ന് പറഞ്ഞാണ് ഇന്ത്യയുടെ മറുപടി. കുര്‍ദിഷ് വംശജ മഹ്‌സ അമിനിയുടെ രണ്ടാം ചരമവാര്‍ഷികത്തിനിടെയാണ് ആയത്തുള്ള അലി ഖമേനിയുടെ പരാമര്‍ശം ഉണ്ടാകുന്നത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി 2022 സെപ്റ്റംബര്‍ 16നാണ് മരിച്ചത്. ഇതിന് പിന്നാലെ ഉടലെടുത്ത പ്രക്ഷോഭം ഇറാനില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. മഹ്‌സ അമിനിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഇറാന്റെ തെരുവുകളില്‍ ഹിജാബ് ധരിക്കാതെ പ്രതിഷേധമറിയിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുണ്ട്. മഹ്‌സ അമിനിയുടെ മരണം ഉള്‍പ്പെടെയാണ് ഇന്ത്യ ഖമേനിക്കുള്ള മറുപടിയില്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്.
ഈ പ്രസ്താവനയുടെ പേരില്‍ ഇന്ത്യ- ഇറാന്‍ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകുമോയെന്ന് ആശങ്കയുണ്ട്. എന്നാല്‍, മുന്‍കാല അനുഭവം വെച്ച് അതിനും സാധ്യത കുറവാണ്. ഇന്ത്യ - ഇറാന്‍ ഉഭയകക്ഷി ബന്ധം ശക്തമായി തുടരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുത്തത്. അടുത്ത 10 വര്‍ഷത്തേക്കുള്ള തുറമുഖ നടത്തിപ്പിനുള്ള കരാറിലാണ് ഇക്കഴിഞ്ഞ മെയ് മാസം ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിക്കും വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദൊള്ളാഹിയാനും അന്തിമോപചാരം അര്‍പ്പിക്കാനായി ഇന്ത്യന്‍ ഉപരാഷ്ടപതി ജഗദീപ് ധന്‍കര്‍ ഇറാനില്‍ എത്തിയിരുന്നു. പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും പങ്കെടുത്തിരുന്നു. അടുത്തകാലത്ത് ഇന്ത്യ കൂടുതലായി ഇസ്രായേലിനോട് കൈകോര്‍ക്കുന്നതില്‍ ഇറാന് അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍, ഈ അതൃപ്തി കണക്കിലെടുക്കാതെയും ഇന്ത്യ ശക്തമായി ഇസ്രായേല്‍ ബന്ധം മുന്നോട്ടു കൊണ്ടുപോകുകയാണ് ചെയ്യുന്നത്.