പാകിസ്ഥാന്‍ മുതല്‍ അമേരിക്കവരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനക്കൂട്ടം; ഇറനിലും സിറിയയിലും, ലെബനനിലും നസ്‌റുല്ലയുടെ ചിത്രങ്ങളേന്തി കണ്ണീരൊഴുക്കി ആരാധകര്‍; ഹിസ്ബുള്ള തലവന്റെ കൊലപാതകത്തില്‍ ഇളകി മറിഞ്ഞ് ഇസ്ലാമിക ലോകം
പാകിസ്ഥാനും അമേരിക്കയും ഉള്‍പ്പടെ ലോകത്തിലെ മറ്റു പല രാജ്യങ്ങളിലും നസ്‌റുല്ലക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ജനക്കൂട്ടം തെരുവിലിറങ്ങി.
പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ലോകത്ത് കടുത്ത ഞെട്ടലുണ്ടാക്കിയ വാര്‍ത്തയാണ് ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്‌റുല്ലയുടെ മരണം.അധികം സമയമെടുക്കാതെ, പെട്ടെന്ന് ആസൂത്രണം ചെയ്ത പദ്ധതിയിലൂടെയായിരുന്നു നസ്‌റുല്ലയേയും കൂട്ടരെയും കൊന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത അറിഞ്ഞതോടെ ബെയ്‌റൂട്ടിലും ടെഹ്‌റാനിലും നസ്‌റുല്ലയുടെ ചിത്രവുമേന്തി ആയിരങ്ങള്‍ തെരുവിലിറങ്ങി. കൊലപാതകത്തെ അപലപിച്ച് ആദ്യം രംഗത്തെത്തിയത് ഇറാനായിരുന്നു.
ഈ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്നും, അതിനായി മേഖലയിലെ എല്ലാ ഗ്രൂപ്പുകളും ഒന്നിക്കണമെന്നും ഇറാന്‍ പരമാധികാരി ആയത്തൊള്ള ഖമേനി ആവശ്യപ്പെട്ടു. ലെബനന്‍ ജനതയ്ക്ക് ഒപ്പം നില്‍ക്കേണ്ടത് മുസ്ലീങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. നേതാവ് മരിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ചതോടെ ഇറാന്റെ പ്രോക്സി ഗ്രൂപ്പായി അറിയപ്പെടുന്ന ഹിസ്ബുള്ളക്ക് മേഖലയിലെ മറ്റ് തീവ്രവാദി സംഘടനകളുടെയും പിന്തുണ കൈവരികയാണ്. നസ്‌റുല്ലയുടെ കൊലപാതകത്തോടെ ഇറാന്‍- ഇസ്രയെല്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക് കടന്നേക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.
അതിനിടെ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഇറാഖും രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍ പിന്തുണയുള്ള ഇറാഖ് തീവ്രവാദികളുടെ കൂട്ടായ്മയായ ഇറാഖി റെസിസ്റ്റഞ്ചെ കോര്‍ഡിനേഷന്‍ കമ്മിറ്റി, ഇസ്രയേലിന്റെ ലെബനന്‍ ആക്രമണത്തിനെതിരെ എടുക്കേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ യോഗം ചേര്‍ന്നു. ഹിസ്ബുള്ളക്ക് പിന്തുണയും ഇവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇസ്രയേല്‍ തങ്ങളുടെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ഒക്ടോബ്ബര്‍ 7 ലേതിനോട് സമാനമായ ആക്രമണം നടത്തുമെന്ന് ഹിസ്ബുള്ള പരസ്യമായി പ്രഖ്യാപിച്ച കാര്യമാണ് ഇസ്രയേല്‍ ആക്രമണത്തെ ന്യായീകരിക്കാന്‍ പ്രധാനമായും എടുത്തു കാട്ടുന്നത്.
ഇറാനിലെ പാലസ്തീന്‍ ചത്വരത്തില്‍ ആയിരക്കണക്കിന് ആളുകള്‍ നസറുള്ളക്ക് അനുശോചനം രേഖപ്പെടുത്തി പ്രകടനത്തിനെത്തി. സിറിയയിലും നിരവധി പേര്‍ നസ്‌റുല്ലയുടെ ചിത്രങ്ങളും ഉയര്‍ത്തി പ്രകടനത്തിനായി തെരുവുകളിലിറങ്ങിയിരുന്നു.പാകിസ്ഥാനും അമേരിക്കയും ഉള്‍പ്പടെ ലോകത്തിലെ മറ്റു പല രാജ്യങ്ങളിലും നസ്‌റുല്ലക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ജനക്കൂട്ടം തെരുവിലിറങ്ങി.