വടക്കന്‍ തീരത്തെ ഖാര്‍ഗിനെ ലക്ഷ്യം വച്ച് ഇസ്രായേല്‍; ഇറാന്റെ എണ്ണ കയറ്റുമതിയുടെ 95 ശതമാനവും നടക്കുന്ന എണ്ണപ്പാടം ചുട്ടെരിക്കാന്‍ ഒരുങ്ങി ഇസ്രായേല്‍; കെടുത്താനാവാത്ത അഗ്‌നി വിതച്ച് പ്രതികാരം ചെയ്യുമെന്ന് ഭയന്ന് ഇറാനും

ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ഉടന്‍ ആക്രമിക്കുമെന്ന്

Update: 2024-10-03 01:25 GMT

ടെല്‍ അവീവ്: ചൊവ്വാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാനിലെ എണ്ണ കേന്ദ്രങ്ങളെ ഇസ്രയേല്‍ ഉടന്‍ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ട്. ഒപെക് രാജ്യങ്ങള്‍ക്കിടെയിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയില്‍ ഉത്പാദകരാണ് ഇറാന്‍. പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടെ സമ്പദ്വ്യവസ്ഥയെ പിടിച്ചുനിറുത്താന്‍ ഇറാനെ സഹായിക്കുന്നത് എണ്ണ, വാതക കയറ്റുമതിയാണ്. ഇത് തര്‍ക്കാനകും ഇസ്രയേലിന്റെ ശ്രമം.

കഴിഞ്ഞ രാത്രിയുണ്ടായ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ഇറാനെതിരെ ഐഡിഎഫ് കൃത്യമായ പ്രതികാരത്തിന് ഒരുങ്ങുമ്പോള്‍ ഇറാന്റെ കയറ്റുമതിയുടെ 95 ശതമാനവും ഒഴുകുന്ന വിശാലമായ 'എണ്ണ ദ്വീപ്' ലക്ഷ്യമിടാന്‍ സാധ്യത ഏറെയാണ്. വടക്കന്‍ തീരത്തെ ഖാര്‍ഗിനെ ലക്ഷ്യം വച്ച് ഇസ്രായേല്‍ സൈനിക നീക്കം നടത്തുന്നുണ്ടെന്നാണ് സൂചന. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 95 ശതമാനവും നടക്കുന്ന എണ്ണപ്പാടം ചുട്ടെരിക്കാനാണ് പദ്ധതി. അങ്ങനെ വന്നാല്‍ തീ കെടുത്താന്‍ പോലും ഇറാന് കഴിയാതെ വരും. ഇസ്രയേലിന്റെ എണ്ണ പാട പ്രതികാരം ഇറാനും തിരിച്ചറിയുന്നുണ്ട്. ഇത് അവരേയും വെട്ടിലാക്കുന്നു.

ഇറാനെതിരെ പ്രതികാര നടപടിയുമായി നീങ്ങാനാണ് ഇസ്രയേലിന്റെ തീരുമാനം. സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗരി അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ഒഴിവാക്കിയാകും തിരിച്ചടിയെന്നും സൂചനയുണ്ട്.അതേസമയം, എന്തിനും തയ്യാറാണെന്നും ഇസ്രയേല്‍ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സജ്ജമാണെന്നും ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് തലവന്‍ ജനറല്‍ മുഹമ്മദ് ബാഘേരി പ്രതികരിച്ചു.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള, ഹമാസ് മേധാവിയായിരുന്ന ഇസ്മയില്‍ ഹനിയേ എന്നിവരുടെ വധവും തെക്കന്‍ ലെബനനിലെ കരയാക്രമണവുമാണ് ഇസ്രയേലിനെതിരെയുള്ള വ്യോമാക്രമണങ്ങളുടെ കാരണങ്ങളായി ഇറാന്‍ നിരത്തുന്നത്. തിരിച്ചടിച്ചാല്‍ ഇസ്രയേലിനെ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇറാനിലുടനീളമുള്ള 38 ആണവ കേന്ദ്രങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടുമെന്നും സൂചനയുണ്ട്.

ഇറാനിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്ഫഹാന്‍ സിറ്റി അടങ്ങുന്ന എസ്ഫഹാന്‍ പ്രവിശ്യയില്‍ ഇസ്രയേലിന്റെ ആക്രമണം ഉണ്ടാകാനിടയുണ്ട്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രമായ നതാന്‍സ് അടക്കം നിരവധി ആണവ കേന്ദ്രങ്ങള്‍ ഇവിടെയാണ്.ടെഹ്റാനിലെ പാര്‍ചിന്‍, മര്‍കാസി പ്രവിശ്യയിലെ അരക് ആണവ കേന്ദ്രങ്ങളും ഇസ്രയേലിന്റെ റഡാറിലുണ്ടെന്ന് സംശയിക്കുന്നു.

Tags:    

Similar News