അടുത്ത തവണയും മത്സരിക്കുമെന്ന് ട്രംപ്; മൂന്നു തവണ പ്രസിഡന്റാവാന്‍ അമേരിക്കന്‍ ഭരണഘടന അനുവദിക്കുമോ? ട്രംപിന്റെ അവകാശവാദം എന്ത് അടിസ്ഥാനത്തില്‍?

Update: 2024-11-07 08:55 GMT

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും അമേരിക്കയുടെ പ്രസിഡന്റായിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഇത്രയും തിളക്കമാര്‍ന്ന വിജയം നേടാന്‍ ട്രംപിന് കഴിഞ്ഞ പശ്ചാത്തലത്തില്‍ പലരും ചോദിക്കുന്ന ചോദ്യം ട്രംപ് ഒരു മൂന്നാമൂഴം കൂടി നേടുമോ എന്നതാണ്. ഇന്ത്യയെ പോലയുള്ള രാജ്യങ്ങളില്‍ ഒരാള്‍ക്ക് എത്ര തവണ വേണമെങ്കിലും പ്രധാനമന്ത്രിയോ പ്രസിഡന്റോ ആകാം. എന്നാല്‍ അമേരിക്കയില്‍ ഇത് അസാധ്യമാണ്.

കാരണം 1951 ല്‍ അമേരിക്കയുടെ അമ്പത്തി ഒന്നാം ഭരണഘടനാ ഭേദഗതി പ്രകാരം ഒരാള്‍ക്ക് രണ്ട് തവണയില്‍ കൂടുതല്‍ പ്രസിഡന്റാകാന്‍ കഴിയുകയില്ല. 2028 വരെ ട്രംപിന് പ്രസിഡന്‍ര് പദവിയില്‍ തുടരാം. എന്നാല്‍ ്ട്രംപ് ഇപ്പോള്‍ അവകാശപ്പെടുന്നത് താന്‍ മൂന്നാമതും അമേരിക്കന്‍ പ്രസിഡന്റാകും എന്നാണ്. കഴിഞ്ഞ മേയ് മാസത്തില്‍ ഒരു പൊതു ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയത്. ട്രംപ് ഇക്കാര്യത്തില്‍ ഉറച്ച് നിന്നാല്‍ അതിനായി വേണമെങ്കില്‍ ഭരണഘടന ഭേദഗതി കൊണ്ട് വരാം.

എന്നാല്‍ ഇത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ പറയുന്നത്. ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതല്ലെങ്കില്‍ രാജ്യത്തെ എല്ലാ സാമാജികരേയും വിളിച്ചു കൂട്ടി പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തി അവിടെ ഒരു തീരുമാനം ഉണ്ടാക്കണം. നേരത്തേ താന്‍ 2028 ല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ മേയ് മാസത്തിലാണ് തന്റെ പുതിയ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ടൈം മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. 130 ഓളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രംപ് ഒരിടവേളക്ക് ശേഷം പ്രസിഡന്റ് പദവിയില്‍ എത്തുന്ന വ്യക്തിയായി മാറിയത്. അമേരിക്കയുടെ പ്രസിഡന്റായിരുന്ന ഗ്രോവര്‍ ക്വീവ്ലന്‍ഡാണ് ഇടവേളക്ക് ശേഷം പ്രസിഡന്റ് പദവിയില്‍ എത്തിയ ആദ്യ വ്യക്തി. എഴുപത്തിഎട്ടുകാരനായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ് കൂടിയാണ്.

നാലു വര്‍ഷം മുന്‍പത്തെ തോല്‍വിയുടെ കണക്കുതീര്‍ത്ത് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചുവരവ് അതിഗംഭീരമായിരുന്നു. ഫലം നിര്‍ണയിക്കുന്നതില്‍ പ്രധാനമെന്നു വിലയിരുത്തപ്പെട്ട 7 സംസ്ഥാനങ്ങളില്‍ ഒന്നുപോലും വിട്ടുകൊടുക്കാതെയായിരുന്നു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിന്റെ മുന്നേറ്റം. വിജയത്തിന് 270 ഇലക്ടറല്‍ വോട്ട് വേണമെന്നിരിക്കെ, ട്രംപ് ഇതിനകം 294 ഇലക്ടറല്‍ വോട്ടുകള്‍ നേടിക്കഴിഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഒടുവിലത്തെ വിവരപ്രകാരം 223 ഇലക്ടറല്‍ വോട്ടുകളേയുള്ളൂ. യുഎസിന്റെ 47ാം പ്രസിഡന്റായി ജനുവരിയിലാകും സ്ഥാനമേല്‍ക്കുക.

ഇഞ്ചോടിഞ്ചു പോരാട്ടമെന്ന സര്‍വേ ഫലങ്ങളെ അപ്രസക്തമാക്കിയാണു ട്രംപിന്റെ വിജയം. 2016 ല്‍ പ്രസിഡന്റായെങ്കിലും ജനകീയ വോട്ടുകളുടെ എണ്ണത്തില്‍ പിന്നില്‍ പോയിരുന്ന ട്രംപ് ഇത്തവണ ആ കുറവും പരിഹരിച്ചു. ട്രംപ് 7.14 കോടി ജനകീയ വോട്ടുകള്‍ നേടിയപ്പോള്‍ കമല നേടിയത് 6.64 കോടി. ലീഡ് 50 ലക്ഷത്തിലേറെ. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. നോര്‍ത്ത് കാരോലൈനയിലും ജോര്‍ജിയയിലും ജന വോട്ടില്‍ മുന്നിലെത്തുകയും വിസ്‌കോന്‍സെനില്‍ വിജയിക്കുകയും ചെയ്തതോടെയാണ് ട്രംപ് 270 എന്ന മാന്ത്രികസംഖ്യ മറികടന്നത്. ആകെ 538 ഇലക്ടറല്‍ വോട്ടുകളാണുള്ളത്.

തിരഞ്ഞെടുപ്പ് അട്ടിമറി ഉള്‍പ്പെടെയുള്ള കേസുകളിലായി 2 തവണ കുറ്റവിചാരണയും സാമ്പത്തിക തിരിമറിക്കേസുകളിലെ പ്രതികൂല വിധികളും നേരിട്ടാണ് ട്രംപിന്റെ തിരിച്ചുവരവ്. യുഎസ് സെനറ്റ്, ജനപ്രതിനിധിസഭ എന്നിവിടങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നേറി. 100 അംഗ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പക്ഷത്തിന് 52 സീറ്റായി. നൂറോളം സീറ്റുകളിലെ വിജയിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത ജനപ്രതിനിധിസഭയുടെ ചിത്രം വ്യക്തമായിട്ടില്ല. ഇവിടെയും ഭൂരിപക്ഷം ഉറപ്പായാല്‍ ഈ തിരഞ്ഞെടുപ്പോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സമ്പൂര്‍ണ ഭരണാധിപത്യം കൈവരികയാണ്.

Tags:    

Similar News