നിലവിലെ നിര്‍ദേശങ്ങള്‍ യുക്രൈന്‍ സൈന്യത്തിന് താത്കാലിക ആശ്വാസത്തിനുവേണ്ടി മാത്രം; വേണ്ടത് ദീര്‍ഘകാല സമാധാന പരിഹാരം; യുക്രൈനും യു.എസും മുന്നോട്ടുവെച്ച താത്കാലിക വെടിനിര്‍ത്തല്‍ സ്വീകാര്യമല്ലെന്ന സൂചന നല്‍കി റഷ്യ; ട്രംപിന്റെ പ്രതിനിധി സ്റ്റീവന്‍ വിറ്റ്‌കോഫ് മോസ്‌കോയില്‍
ട്രംപിന്റെ പ്രതിനിധി സ്റ്റീവന്‍ വിറ്റ്‌കോഫ് മോസ്‌കോയില്‍
മോസ്‌ക്കോ: യുക്രൈനുമായുള്ള യുദ്ധത്തിന് പരിഹാരം തേടാന്‍ അമേരിക്ക നിര്‍ദേശിച്ച 30 ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ സ്വീകാര്യമല്ലെന്ന വ്യക്തമായ സൂചന നല്‍കി റഷ്യ. ഈ നിര്‍ദേശങ്ങള്‍ യുക്രൈന്‍ സൈന്യത്തിന് താത്കാലിക ആശ്വാസം നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണെന്ന് റഷ്യന്‍ ഉന്നത ഉദ്യോഗസ്ഥനും പുടിന്റെ അനുയായിയുമായ യുറി ഉഷാകോവ് പറഞ്ഞു. യു.എസ് ദേശീയ സുരക്ഷാ ഉപദേശകനായ മൈക്ക് വാട്സുമായി സംസാരിച്ചതിന് പിന്നാലെയാണ് ഉഷാകോവിന്റെ പ്രതികരണം.
വിഷയം റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ചര്‍ച്ച ചെയ്യാനായി അമേരിക്കന്‍ പ്രസിഡനന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവന്‍ വിറ്റ്‌കോഫ് ഇന്ന് മോസ്‌കോയില്‍ എത്തിയിരുന്നു. യുക്രൈന് ആശ്വാസമേകുന്നതാണ് അമേരിക്കയുടെ നിര്‍ദ്ദേശമെന്നും ഇത് അംഗീകരിക്കില്ലെന്നും റഷ്യ ഔദ്യോഗികമായി സ്റ്റീവന്‍ വിറ്റ്‌കോഫിനെയും അറിയിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
യുക്രൈനും യു.എസും മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പുടിന്‍ കൂടുതല്‍ വ്യക്തമായ പ്രതികരണം നടത്തും. റഷ്യയുടെ നിയമപരമായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള ദീര്‍ഘകാല സമാധാന പരിഹാരത്തിനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും അതിനാണ് തങ്ങള്‍ പരിശ്രമിക്കുന്നതെന്നും ഉഷാകോവ് പറഞ്ഞു. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് വ്യാഴാഴ്ച മധ്യസ്ഥരായ യു.എസിന്റെ പ്രതിനിധികള്‍ റഷ്യയിലെത്തിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ നിര്‍ദേശം യുക്രൈന്‍ സൈനികര്‍ക്ക് ഹ്രസ്വകാല ആശ്വാസം നല്‍കാനുള്ള അടവാണെന്നാണ് ക്രെംലിന്‍ പ്രതിനിധി യൂറി ഉഷകോവിന്റെ പ്രതികരണം. ഇക്കാര്യം യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക് വാല്‍ട്‌സിനോട് യൂറി ഉഷകോവ് അറിയിക്കുകയും ചെയ്തു. അമേരിക്ക മുന്നോട്ടുവച്ച 30 ദിവസത്തെ താത്കാലിക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ റഷ്യ നല്‍കിയതെന്നാണ് വിലയിരുത്തലുകള്‍. വിഷയത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ സൗദിയില്‍ നടന്ന ചര്‍ച്ചയില്‍ യു എസ് നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ യുക്രൈന്‍ അധികൃതര്‍ തത്വത്തില്‍ അംഗീകരിച്ചിരുന്നു. വെടിനിര്‍ത്തല്‍ സന്നദ്ധത അറിയിച്ചെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. റഷ്യ കൂടി നിബന്ധനകള്‍ അംഗീകരിച്ചാല്‍ താത്കാലിക വെടിനിര്‍ത്തല്‍ പരസ്പരം അംഗീകരിച്ച് നീട്ടാമെന്നും യുക്രൈന്‍ വ്യക്തമാക്കിയിരുന്നു. തടവുകാരുടെ കൈമാറ്റം, സിവിലിയന്‍ തടവുകാരുടെ മോചനം, പാലായനം ചെയ്യപ്പെട്ട യുക്രൈന്‍ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണകള്‍ പ്രസിഡന്റ് സെലന്‍സ്‌കിടയക്കമുള്ളവര്‍ അമേരിക്കയോട് ചര്‍ച്ച ചെയ്തിട്ടുണ്ട്.
ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആവശ്യവും യുക്രൈന്‍ മുന്നോട്ട് വച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിച്ച സാഹചര്യത്തില്‍ അമേരിക്ക നിര്‍ത്തിവെച്ച യുക്രൈനുള്ള സാമ്പത്തിക സഹായം പുനഃസ്ഥാപിക്കാന്‍ ട്രംപ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്റലിജന്‍സ് വിവരങ്ങള്‍ നിര്‍ത്തിവെച്ച അമേരിക്കന്‍ നടപടിയും പിന്‍വലിക്കുമെന്നാണ് വിവരം.
യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണം എന്ന നിലപാടാണെങ്കിലും ഭാവിയില്‍ റഷ്യയില്‍ നിന്നുള്ള ആക്രമണങ്ങള്‍ തടയുംവിധം സുരക്ഷാ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ഉടമ്പടിക്കാണ് യുക്രൈനും ശ്രമിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ ചര്‍ച്ച രൂക്ഷമായ വാദപ്രതിവാദത്തില്‍ കലാശിച്ചിരുന്നു.