പിന്നെയും മലക്കം മറിഞ്ഞ് ട്രംപ്; ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സ്മാർട്ട് ഫോണുകൾക്കും ചുങ്കം പിൻവലിച്ച തീരുമാനത്തിൽ വീണ്ടും യുടേൺ; ചൈനക്ക് സമ്പൂർണ ഇളവില്ലെന്ന് പ്രഖ്യാപനം; വിപണിയിൽ വീണ്ടും ചാഞ്ചാട്ടം; ആപ്പിൾ പ്രതിസന്ധി തുടരുന്നു
ന്യൂയോര്‍ക്ക്: അമേരിക്കയിൽ വിവിധ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നത് തുടരുകയാണ്. ഇതോടെ ജനങ്ങൾ വലിയ ആശങ്കയിലാണ്. ഇതിനിടെയാണ് തീരുവ ചുമത്തുന്ന തീരുമാനത്തില്‍നിന്ന് കഴിഞ്ഞ ദിവസം സ്മാര്‍ട്ട് ഫോണുകളും കമ്പ്യൂട്ടറുകളും അടക്കമുള്ളവയെ ട്രംപ് ഭരണകൂടം ഒഴിവാക്കിയത്. കമ്പ്യൂട്ടറുകള്‍ അടക്കമുള്ളവയുടെ വില കുത്തനെ ഉയരുന്നത് യു.എസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരിന്നു. കൂടുതലും ചൈനയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉപകരണങ്ങളാണ് ടെക് കമ്പനികള്‍ വ്യാപകമായി ഉപയോഗിക്കുന്നത് എന്നകാര്യം പരിഗണിച്ചായിരുന്നു തീരുമാനമെന്നും അധികൃതർ പറഞ്ഞിരിന്നു.ഇപ്പോഴിതാ, പറഞ്ഞ വാക്കിൽ നിന്നും യുടേൺ അടിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം.
സ്മാർട്ട് ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ചുങ്കം പിൻവലിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.ഇതോടെ തീരുവ യുദ്ധത്തിൽ പിന്നെയും മലക്കം മറിയുകയാണ് ട്രംപ്. അതുപോലെ ചൈനക്ക് സമ്പൂർണ ഇളവില്ലെന്നും പ്രഖ്യാപിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ചുങ്കം പിൻവലിക്കുന്നതുമായ കാര്യത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്നും താരിഫുകളിൽ ഇളവുകൾ ഇനി ഉണ്ടാകില്ലെന്നും ട്രംപ്. ഇതോടെ വിപണിയിൽ വീണ്ടും ചാഞ്ചാട്ടം തുടരുകയാണ്.
മാത്രമല്ല, തീരുവ യുദ്ധത്തിൽ ആപ്പിളിലും പ്രതിസന്ധി വളരെ രൂക്ഷമാണ്. ട്രംപിന്റെ നിലവിലെ വ്യവസായ കേന്ദ്രീകൃത താരിഫുകൾ 25 ശതമാനമാണ്, എന്നാൽ സെമികണ്ടക്ടറുകൾ, ചിപ്പ് നിർമ്മാണ ഉപകരണങ്ങൾ, മറ്റ് ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ആത്യന്തികമായി എന്ത് നിരക്ക് നേരിടേണ്ടിവരുമെന്ന് വ്യക്തമല്ല.
അതുപോലെ ഐഫോൺ ഉൽപ്പാദനം യുഎസിലേക്ക് മാറ്റുന്നത് സാമ്പത്തികമായും ഒരു വലിയ കടമയാണെന്നാണ് വിദഗ്ധർ ചുണ്ടിക്കാട്ടുന്നത്. ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് അനലിസ്റ്റ് വാംസി മോഹൻ മുമ്പ് കണക്കാക്കിയിരുന്നത് ഐഫോൺ 16 പ്രോ മാക്‌സ് ആഭ്യന്തരമായി നിർമ്മിക്കുന്നത് അതിന്റെ വില 91 ശതമാനം വർദ്ധിപ്പിക്കുമെന്നായിരുന്നു. അതായത് $1,199 ൽ നിന്ന് ഏകദേശം $2,300 ആയി ഉയരുമെന്നും ആയിരുന്നു.
അതേസമയം, ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കാണ് ട്രംപ് ഭരണകൂടം ഏറ്റവും ഉയര്‍ന്ന തീരുവ (125%) ചുമത്താന്‍ നിശ്ചയിച്ചിരുന്നത്. ഉയര്‍ന്ന തീരുവയില്‍നിന്ന് ഒഴിവാക്കുന്നവയുടെ പട്ടിക വെള്ളിയാഴ്ച വൈകിയാണ് യു.എസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പട്രോള്‍ പുറത്തിറക്കിയത്.
ട്രംപിന്റെ ഉയര്‍ന്ന തീരുവമൂലം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും സാംസങ്ങും അടക്കമുള്ളവ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഐഫോണിന്റെ ഏറ്റവും വലിയ വിപണി യു.എസ്സാണ്. ആപ്പിള്‍ നിര്‍മിക്കുന്ന ഐഫോണുകളില്‍ പകുതിയും വിറ്റഴിക്കുന്നത് അവിടെയാണ്. എന്നാല്‍, അമേരിക്കയില്‍ വിറ്റഴിക്കാനുള്ള ഐഫോണുകളില്‍ 80 ശതമാനവും നിര്‍മിക്കപ്പെടുന്നത് ചൈനയിലാണ്.
അവശേഷിക്കുന്ന 20 ശതമാനമാകട്ടെ ഇന്ത്യയിലും. ഉയര്‍ന്ന തീരുവ പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആപ്പിളും സാംസങ്ങും അടക്കമുള്ളവ സ്മാര്‍ട്ട് ഫോണുകളുടെയും അനുബന്ധ ഘടകങ്ങളുടെയും നിര്‍മാണം ചൈനയില്‍നിന്ന് മാറ്റുന്നതിനുള്ള ആലോചനകള്‍ തുടങ്ങിയിരുന്നു. ചൈനയ്ക്ക് പുറമെ ഇന്ത്യയും വിയറ്റ്‌നാമുമാണ് ആപ്പിളിന്റെയും സാംസങ്ങിന്റെയും നിര്‍മാണ ഹബ്ബുകള്‍.
ഉയര്‍ന്ന തീരുവ പ്രഖ്യാപനത്തിന് പിന്നാലെ ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദനം വര്‍ധിപ്പിച്ചിരുന്നു. അതിനിടെയാണ് മൊബൈല്‍ ഫോണുകളെയും കമ്പ്യൂട്ടറുകളെയും അടക്കമുള്ളവയെ ഉയര്‍ന്ന തീരുവയില്‍നിന്ന് ട്രംപ് ഭരണകൂടം ഒഴിവാക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും പുറമെ ഹാര്‍ഡ് ഡ്രൈവുകള്‍, പ്രോസസറുകള്‍, മെമ്മറി ചിപ്പുകള്‍ തുടങ്ങിയവയാണ് ഉയര്‍ന്ന തീരുവയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. ഇവ അമേരിക്കയില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല.
ആഭ്യന്തര ഉത്പാദനം സാധ്യമാക്കാന്‍ ദീര്‍ഘകാലമോ ഒരുപക്ഷേ വര്‍ഷങ്ങളോ വേണ്ടിവന്നേക്കാം എന്ന സാഹചര്യത്തിലാണ് തീരുവയില്‍നിന്നുള്ള ഒഴിവാക്കല്‍ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അമേരിക്കൻ ഇറക്കുമതിക്ക് 125% പ്രതികാര തീരുവയാണ് ചൈന ഏർപ്പെടുത്തിയത്. എന്നാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ 145% തീരുവയാണ്. അതേസമയം ട്രംപിന്റെ താരിഫ് ഭീഷണികളെ വെറും 'തമാശ' എന്ന് വിശേഷിപ്പിച്ച ചൈന, ലോക വ്യാപാര സംഘടനയിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. യുഎസ് തീരുവകളോട് ഇനി കൂടുതല്‍ പ്രതികരിക്കില്ലെന്നും ചൈന പറഞ്ഞു.