ഒന്നാം പ്രതിയായ പള്‍സര്‍ സുനി ആര്‍ക്കു വേണ്ടിയാണ് ഇത് ചെയ്തത്? ഇവര്‍ക്ക് നടിയുമായി എന്താണ് ബന്ധം? നടിയെ മാത്രം എന്തിന് ലക്ഷ്യം വച്ചു? വിധിക്കു പിന്നാലെ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി നിരവധി ചോദ്യങ്ങള്‍; ലൈംഗിക അതിക്രമത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധിക്കു ശേഷവും ബാക്കിയാകുന്ന ചോദ്യങ്ങള്‍

ഒന്നാം പ്രതിയായ പള്‍സര്‍ സുനി ആര്‍ക്കു വേണ്ടിയാണ് ഇത് ചെയ്തത്?

Update: 2025-12-08 11:59 GMT

കൊച്ചി: ഒരുപക്ഷെ കേരളസമൂഹം കണ്ട സമാനതകളില്ലാത്ത കുറ്റകൃത്യത്തിന്റെയും തുടര്‍ന്നുണ്ടായ നിയമപോരാട്ടത്തിന്റെയും നീണ്ട എട്ടുവര്‍ഷങ്ങള്‍ക്കൊടുവില്‍ നടി അക്രമിക്കപ്പെട്ട കേസിലെ വിധി വന്നിരിക്കുകയാണ്.1 മുതല്‍ 6 വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന കണ്ടെത്തിയ കോടതി ബാക്കിയുള്ള പ്രതികളെ വെറുതെവിടുകയും ചെയ്തു.മാധ്യമങ്ങളിലൂടെയും മറ്റും കേരള ജനതയ്ക്ക് മുന്നില്‍ ഇത്രയേറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു കേസില്‍ വിധി വരുമ്പോഴും പ്രതികള്‍ ശിക്ഷിക്കപ്പെടുമ്പോഴും ബാക്കിയാകുന്നത് നിരവധി ചോദ്യങ്ങളാണ്.പ്രത്യക്ഷത്തില്‍ ഒരു ബന്ധവും പരിചയവും ഇല്ലാത്ത വാദിക്കും പ്രതിക്കുമിടയില്‍ എങ്ങിനെ ഇത്തരത്തിലൊരു കുറ്റം നടന്നു. പ്രതികള്‍ ആര്‍ക്കുവേണ്ടിയാണ് ഇത് ചെയ്തത്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.വിധി വരുമ്പോഴും പ്രോസിക്യൂഷന്‍ ചോദിച്ച ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു. ഒന്നാം പ്രതിയായ പള്‍സര്‍ സുനി ആര്‍ക്കു വേണ്ടിയാണ് ഇത് ചെയ്തത്?. ഒന്നുമുതല്‍ ആറ് വരെയുള്ള പ്രതികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ഇവര്‍ എന്തിനാണ് നടിയെ ആക്രമിച്ചത്? ഇവര്‍ക്ക് നടിയുമായി എന്താണ് ബന്ധം? നടിയെ മാത്രം എന്തിന് ലക്ഷ്യം വച്ചു? ആര്‍ക്കുവേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്കും വിധി വന്നശേഷവും ഉത്തരമില്ലെന്നാണ് പൊതുസമൂഹം പറയുന്നത്.

ഈ വിധി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്നതില്‍ സംശയമില്ല.വിധി വന്ന് തുടര്‍മണിക്കൂറുകളിലും സമൂഹമാധ്യമത്തിലുള്‍പ്പടെ ചര്‍ച്ചയായകുന്നത് കേസിലെ ഉത്തരമില്ലാത്ത ഇതുപോലുള്ള ചോദ്യങ്ങളാണ്.പ്രതി പള്‍സര്‍ സുനിയുടെ അ സമയത്തെ സാമ്പത്തിക ഇടപാടുകളുടെ ഉറവിടം എവിടെയാണ്.കൃത്യമായ ബാങ്ക് ബാലന്‍സ് പോലുമില്ലാത്ത ഒരാള്‍ എന്ത് വാഗ്ദാനം ചെയ്താവും കുട്ടുപ്രതികളെ കൃത്യത്തിലേക്ക് പങ്കെടുപ്പിച്ചിട്ടുണ്ടാവുക, എന്നിങ്ങനെ നീളുന്നു സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍.

ലൈംഗിക അതിക്രമത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസില്‍ എട്ടരവര്‍ഷത്തിനുശേഷമാണ് വിധിവരുന്നത്. ദിലീപുള്‍പ്പെടെ കേസില്‍ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. പള്‍സര്‍ സുനി ഒന്നാംപ്രതി. മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ്, ചാര്‍ളി തോമസ് എന്നിവരാണ് രണ്ടു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. നടന്‍ ദിലീപ് എട്ടാം പ്രതിയും സനില്‍കുമാര്‍ (മേസ്തിരി സനില്‍) ഒമ്പതാം പ്രതിയുമായിരുന്നു.ഏഴാം പ്രതി ചാര്‍ലി, ദിലീപ്, സുഹൃത്ത് ശരത്ത് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതേവിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയ്ക്കും തെളിവ് നശിപ്പിക്കലിനും തെളിവിലെന്ന് കോടതി പറഞ്ഞു.

ബലാത്സംഗം,ഗൂഢാലോചന,മാനഭംഗം,സ്ത്രീത്വത്തെ അപമാനിക്കല്‍,ബലപ്രയോഗം,അന്യായ തടങ്കല്‍,തെളിവുനശിപ്പിക്കല്‍,അശ്ലീല ചിത്രമെടുക്കല്‍,പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.തെളിവുനശിപ്പിക്കലിന് കൂട്ടുനിന്ന ദിലീപിന്റെ സുഹൃത്ത് ജി ശരത്ത് പത്താം പ്രതിയാണ്.2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്.

അതേസമയം വിധി കേട്ടശേഷം കോടതിയില്‍ നിന്ന് പുറത്തുവന്ന ദിലീപിനെ ആരവങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. കോടതിയ്ക്ക് മുന്നില്‍ ലഡു വിതരണവും ആരാധകര്‍ നടത്തിയിരുന്നു.സര്‍ക്കാര്‍ അന്നും ഇന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാന്‍. യുവനടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിധിവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ വിധിയുടെ കൂടുതല്‍ ഉള്ളടക്കങ്ങള്‍ അറിഞ്ഞില്ലെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയശേഷം മേല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'ഈ കേസില്‍ ആദ്യം മുതല്‍ സര്‍ക്കാരും ഇടതുപക്ഷവും അതിജീവിതയ്‌ക്കൊപ്പമാണ്. കോടതിയുടെ നിഗമനങ്ങള്‍ പരിശോധിച്ചശേഷം ബാക്കി മറുപടി പറയും. ആറുപേര്‍ കുറ്റക്കാരാണെന്നാണ് ഇപ്പോള്‍ കോടതി പറഞ്ഞിരിക്കുന്നത്. അതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കിയശേഷമേ എനിക്ക് മറുപടി പറയാന്‍ കഴിയൂ. മേല്‍ക്കോടതിയില്‍ പോകുന്ന കാര്യം നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യും'- സജി ചെറിയാന്‍ പറഞ്ഞു.

അതിജീവിതയ്ക്ക് അനുകൂലമായ നിലപാടാണ് എന്നും സര്‍ക്കാര്‍ എടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കി.തനിക്കെതിരെ ഗുഢാലോചന നടന്നുവെന്ന ദിലീപിന്റെ വിശദീകരണത്തിന് പ്രസക്തിയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. കേസില്‍ അടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിധിയില്‍ തൃപ്തിയില്ലെന്നാണ് അതിജീവിത പറഞ്ഞതെന്നും അവര്‍ക്ക് തൃപ്തിയാകുവരെ കേസില്‍ നടപടി സ്വീകരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News