ലണ്ടനെ കുട്ടിച്ചോറാക്കിയ വൃത്തികെട്ട മനുഷ്യനാണ് സാദിഖ് ഖാന്‍ എന്ന് ട്രംപ്; നിവൃത്തിയില്ലാതെ പ്രതിരോധിച്ച് കീര്‍ സ്റ്റര്‍മാര്‍; കുടിയേറ്റം നിയന്ത്രിച്ചില്ലെങ്കില്‍ നൈജല്‍ ഫരാജ് പ്രധാനമന്ത്രിയാകുമെന്ന് സ്റ്റര്‍മാര്‍ക്ക് മുന്നറിയപ്പ് നല്‍കി ട്രംപ്- സ്റ്റാര്‍മര്‍ കൂടിക്കാഴ്ച്ച; ആ പത്രസമ്മേളനത്തില്‍ സംഭവിച്ചത്
ലണ്ടന്‍: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഒരു വൃത്തികെട്ട മനുഷ്യനാണെന്ന് ഡൊണാള്‍ഡ് ട്രംപ്. അസാധാരണമായ തുറന്നു പറച്ചിലില്‍ അസ്വസ്ഥനായ ബ്രിട്ടീഷ് പ്രധാനമന്ത്രി പക്ഷെ തന്റെ സുഹൃത്തുകൂടിയായ മേയറെ പ്രതിരോധിക്കാന്‍ തയ്യാറായി. സ്‌കോട്ട്‌ലാന്‍ഡ് ഐര്‍ഷയറിലെ ട്രംപ് ടേണ്‍ബറി ഗോള്‍ഫ് റിസോര്‍ട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്. അമേരിക്കന്‍ പ്രസിഡണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ചേര്‍ന്നുള്ള പത്രസമ്മേളനത്തിനിടയിലായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ട്രംപിന്റെ പ്രതികരണം വന്നത്. അടുത്ത യു കെ യാത്രയില്‍ ലണ്ടന്‍ സന്ദര്‍ശിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു ഈ പ്രതികരണം.
വരുന്ന സെപ്റ്റംബറില്‍ ട്രംപ് വീണ്ടും യു കെ സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ മറുപടിയായി ട്രംപ് പറഞ്ഞത് തീര്‍ച്ചയായും ലണ്ടന്‍ സന്ദര്‍ശിക്കും എന്നാണ്. എന്നാല്‍, താന്‍ ലണ്ടന്‍ മേയറുടെ ആരാധകനാണെന്നും, ഒരു മേയര്‍ എന്ന നിലയില്‍ ദയനീയമാണ് സാദിഖ് ഖാന്റെ പ്രകടനമെന്നും പറഞ്ഞാണ് സാദിഖ് ഖാന്‍ ഒരു വൃത്തികെട്ടവനാണെന്ന് ട്രംപ് പറഞ്ഞത്. ഉടനെ തന്നെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ അതില്‍ ഇടപെട്ടു. സാദിഖ് ഖാന്‍ തന്റെ സുഹൃത്താണ് എന്ന് പറഞ്ഞായിരുന്നു ട്രംപിനെ തടസ്സപ്പെടുത്താന്‍ സ്റ്റാര്‍മര്‍ ശ്രമിച്ചത്. എന്നാല്‍, അത് വകവയ്ക്കാതെ, സാദിഖ് ഖാന്‍ മോശം പ്രകടനമാണ് കാഴ്ച വയ്ക്കുന്നത് എന്ന് ട്രംപ് പറഞ്ഞു. എന്നിരുന്നാലും അടുത്ത തവണ താന്‍ ലണ്ടന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രംപിന്റെ അഭിപ്രായ പ്രകടനത്തില്‍ രോഷാകുലരായ ഖാന്‍ അനുയായികള്‍ അദ്ദേഹം മൂന്ന് തവണ ലണ്ടന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടി. 2020 ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ട കാര്യവും അവര്‍ എടുത്തു പറയുന്നു. സാദിഖ് ഖാനും ട്രംപും തമ്മിലുള്ള കുടിപ്പകയ്ക്ക് ഏറെ വര്‍ഷത്തെ പഴക്കമുണ്ട്. 2019 ല്‍ പ്രസിഡണ്ടായ ട്രംപ് ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ സാദിഖ് ഖാനെ 'ഒരു പാഴ്'' എന്ന് വിശേഷിപ്പിച്ചിരുന്നു. അതിനും മുന്‍പ്,2016 ല്‍ ട്രംപിന്റെ ഇസ്ലാമിനെ കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ അജ്ഞതയാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ട്രംപ് സാദിഖ് ഖാനെ ഒരു ഐ ക്യു ടെസ്റ്റിന് വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്
നികുതി നിരക്കുകള്‍ കുറയ്ക്കണം, വിനാശകാരിയായ കുടിയേറ്റം കര്‍ശനമായി തടയണം, പുനരുപയോഗം ചെയ്യാവുന്ന ഊര്‍ജ്ജത്തിനുള്ള സബ്‌സിഡികള്‍ എടുത്തു കളയണം, ഇന്നലെ സ്‌കോട്ട്‌ലാന്‍ഡില്‍ നടന്ന കൂടിക്കാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നല്‍കിയ ഉപദേശങ്ങളാണിത്. തന്റെ സുഹൃത്തു കൂടിയായ കീര്‍ സ്റ്റാര്‍മര്‍ക്ക്, അടുത്ത തെരഞ്ഞെടുപ്പില്‍ തന്റെ മറ്റൊരു സുഹൃത്തായ നെയ്ജല്‍ ഫരാജ് വിജയിച്ച് അധികാരത്തില്‍ എത്താതിരിക്കാനുള്ള ഉപദേശമാണ് നല്‍കിയത് എന്നാണ് ട്രംപ് അവകാശപ്പെട്ടത്.
ടെലിവിഷനുകളില്‍ കൂടി സംപ്രേക്ഷണം ചെയ്യപ്പെട്ട സംഭാഷണത്തിലുടനീളം നികുതി കുറയ്ക്കുന്നതും കൊലപാതകികളും മയക്കുമരുന്ന് കച്ചവടക്കാരും ബ്രിട്ടനിലേക്ക് വരുന്നത് തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. തികച്ചും നിര്‍വികാരനായായിരുന്നു സ്റ്റാര്‍മര്‍ അതൊക്കെ കേട്ടിരുന്നത്. എന്നാല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കുറിച്ച് വളരെ നല്ല കാര്യമായിരുന്നു ട്രംപ് പറഞ്ഞത്. കീര്‍ സ്റ്റാര്‍മര്‍ ആശയപരമായി ലിബറല്‍ ആണെങ്കിലും, സമീപനത്തില്‍ അത്ര ലിബറല്‍ അല്ല എന്നും പ്രസിഡണ്ട് പറഞ്ഞു.