ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയില്‍ മോദി-ഷി ജിന്‍പിംഗ്-പുടിന്‍ ചര്‍ച്ച; ലോകത്തെ കരുത്തരായ നേതാക്കളുടെ കൂടിക്കാഴ്ച്ചയെ അസാധാരണമെന്ന് വിശേഷിപ്പിച്ചു മാധ്യമങ്ങള്‍; ഇന്ത്യയും ചൈനയും ശത്രുക്കളല്ല, പങ്കാളികളെന്ന് ഷീ ജിന്‍ പിങ്; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരാന്‍ ഇന്ത്യ

ഷാങ്ഹായ് സഹകരണ ഉച്ചകോടി വേദിയില്‍ മോദി-ഷി ജിന്‍പിംഗ്-പുടിന്‍ ചര്‍ച്ച

Update: 2025-09-01 03:41 GMT

ബീജിംഗ്: ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുന്‍പ് അസാധാരണമായ ചര്‍ച്ച. റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പുടിനോടൊപ്പമാണ് മോദി ഉച്ചകോടി വേദിയിലേക്ക് എത്തിയത്. തുടര്‍ന്ന് ഫോട്ടോ സെഷന് മുമ്പ് മൂന്ന് നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തി. ലോകം ഉറ്റുനോക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച്ച. ലോകത്തെ ശക്തികളായ മൂന്ന് രാഷ്ട്രങ്ങളുടെ നേതാക്കള്‍ ഒരുമിച്ചു നിന്നപ്പോള്‍ അത് ലോക മാധ്യമങ്ങളുടെ മുഴുവന്‍ ശ്രദ്ധ നേടുന്നതായി മാറി.

കഴിഞ്ഞദിവസം ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗും നടത്തിയ കൂടിക്കാഴ്ചയില്‍ പരസ്പര വിശ്വാസത്തോടെ ഒന്നിച്ചുനില്‍ക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായിരുന്നു. ശത്രുക്കളല്ലെന്നും പങ്കാളികളാണെന്നും ഇരുനേതാക്കളും വ്യക്തമാക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇരുരാജ്യങ്ങളിലെയും ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ പിഴതീരുവയെ അവഗണിച്ച് സമ്പദ്ഘടനയെ വളര്‍ത്താനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം.

അതിന് ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഉയര്‍ത്തിക്കാട്ടി. അഭിപ്രായവ്യത്യാസം തര്‍ക്കങ്ങളായി മാറരുതെന്നും ഇന്ത്യ-ചൈന ബന്ധം സുദീര്‍ഘമാവണമെന്നും ഇരുലോക നേതാക്കളും തീരുമാനിച്ചു. ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഉച്ചകോടിക്കിടെയുള്ള കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പങ്കെടുത്തു. ഇന്ത്യന്‍ സമയം രാവിലെ 9.30ന് തുടങ്ങിയ കൂടിക്കാഴ്ച നാല്പതു മിനിട്ടാണ് നിശ്ചയിച്ചതെങ്കിലും ഒരു മണിക്കൂര്‍ തുടര്‍ന്നു.

വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ വീണ്ടും സജീവമാക്കാന്‍ ഇരു നേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായി. 7 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മോദിയുടെ ചൈന സന്ദര്‍ശനം. ചൈനയിലെ ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ (എസ്‌സിഒ) ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് മോദി എത്തിയത്. റഷ്യന്‍ പ്രസിഡന്റ് പുട്ടിനും പാക്കിസ്ഥാന്‍, ഇറാന്‍ എന്നിവയ്ക്കു പുറമെ ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളും സന്നിഹിതരായിരുന്നു.


 



യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവയ്ക്കുമേല്‍ കടുത്ത നിലപാട് എടുക്കുന്നതിനിടെയാണ്, എസ്‌സിഒ ഉച്ചകോടി നടന്നതെന്നത് ശ്രദ്ധേയം. മോദി-ഷി, പുട്ടിന്‍-മോദി, ഷി-പുട്ടിന്‍ കൂടിക്കാഴ്ചകള്‍ക്കും ഉച്ചകോടി വേദിയാകുന്നുവെന്നതും ഈ രാജ്യങ്ങളെല്ലാം വീണ്ടും പരസ്പരസഹകരണം ശക്തമാക്കുന്നതും അമേരിക്കയ്ക്കും ട്രംപിനും കടുത്ത ക്ഷീണമായിട്ടുണ്ട്.

ട്രംപിന്റെ നയങ്ങളാണ്, അമേരിക്കയുടെ എക്കാലത്തെയും വലിയ 'സുഹൃത്ത്' ആയിരുന്ന ഇന്ത്യയെ ചൊടിപ്പിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യന്‍ എണ്ണയല്ല, ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം താനാണ് അവസാനിപ്പിച്ചതെന്ന ട്രംപിന്റെ അവകാശവാദം അംഗീകരിക്കാന്‍ മോദി തയാറാകാതിരുന്നതും ട്രംപിന്റെ നോബേല്‍ മോഹത്തെ ഇന്ത്യ പിന്തുണയ്ക്കാതിരുന്നതുമാണ് ഇന്ത്യയ്ക്കുമേല്‍ 50% തീരുവ ചുമത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

യുക്രെയ്‌ന്റെ സുരക്ഷ ഉറപ്പാക്കാനായി യൂറോപ്പിന്റെ സംയുക്ത സേന അമേരിക്കയുടെ പിന്തുണയോടെ യുക്രെയ്‌നിലെത്തും. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫോന്‍ ഡെര്‍ ലേയെനാണ് ഇക്കാര്യം പറഞ്ഞത്. വൈകാതെ പാരീസില്‍ നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും.

തല്‍ക്കാലം, റഷ്യയ്‌ക്കെതിരായ യുദ്ധമല്ല ലക്ഷ്യം. റഷ്യ-യുക്രെയ്ന്‍ വെടിനിര്‍ത്തല്‍ ഉണ്ടാവുകയും തുടര്‍ന്ന് മറ്റൊരു ആക്രമണത്തില്‍നിന്ന് യുക്രെയ്‌നെ സംരക്ഷിക്കുകയുമാണ് യൂറോപ്യന്‍ പടയുടെ ലക്ഷ്യം. യുദ്ധാനന്തര യുക്രെയ്‌ന്റെ പുനരുജ്ജീവനത്തിന് പിന്തുണയും നല്‍കും. എന്നാല്‍, അമേരിക്കയുടെ പിന്തുണയോടെയുള്ള യൂറോപ്യന്‍ പടയുടെ യുക്രെയ്‌നിലെ സാന്നിധ്യത്തെ പുട്ടിന്‍ അംഗീകരിക്കാനുള്ള സാധ്യത വിരളമാണ് താനും.

Tags:    

Similar News