മറ്റുള്ളവരുടെ ഭൂമി മോഹിക്കുന്ന രാഷ്ട്രം തുറന്നുകാട്ടപ്പെടണം; നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്നത് കര്‍മ്മ; ഇന്ത്യയുടെ മനസ്സിലും 'ഇസ്രയേല്‍ മോഡല്‍'; അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന് അനന്തര ഫലം ഉണ്ടാകും; പാകിസ്ഥാനെ ഭയപ്പാടിലാക്കി ജയശങ്കര്‍
യുഎന്‍ അസംബ്ലിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
ന്യൂഡല്‍ഹി: യുഎന്‍ അസംബ്ലിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍പറഞ്ഞു വയ്ക്കുന്നത് വേണമെങ്കില്‍ 'ഇസ്രയേല്‍ മോഡല്‍' ഇന്ത്യയും പുറത്തെടുക്കുമെന്ന സൂചന. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യ ഇനി ഏത് തലത്തിലേക്കും കടക്കുമെന്നാണ് ജയശങ്കറിന്റെ വാക്കുകളിലുണ്ടായിരുന്നത്. ലബനനിലും ഗാസയിലും തീവ്രവാദ ചര്‍ച്ച ഉയര്‍ത്തിയാണ് ഇസ്രയേല്‍ പ്രത്യാക്രമണം നടത്തിയത്. ഹമാസിനേയും ഹിസ്ബുല്ലയേയും ഇത് തളര്‍ത്തുകയും ചെയ്തു. പാകിസ്ഥാനിലും ഇത് വേണ്ടി വരുമെന്ന ചിന്ത ഇന്ത്യയ്ക്കുണ്ട്. അതിനിടെയാണ് യുഎന്‍ അസംബ്ലയില്‍ ജയശങ്കര്‍ നിലപാട് വിശദീകരിച്ചത്. പാകിസ്ഥാന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് വളര്‍ത്തുമ്പോള്‍, അതിന്റെ ജിഡിപിയെ തീവ്രവാദത്തിന്റെ രൂപത്തിലുള്ള കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ അളക്കാന്‍ കഴിയൂവെന്നും അദ്ദേഹം പരിഹസിച്ചു.
പാകിസ്ഥാന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഭീകരവാദ നയത്തെക്കുറിച്ചാണ് മന്ത്രി ജയശങ്കര്‍ സംസാരിച്ചത്. പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും അനന്തരഫലങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യയിലേതിനാക്കള്‍ രൂക്ഷമായ സാഹചര്യം ദക്ഷിണേഷ്യയിലുണ്ടെന്ന് യുഎന്നെ അറിയിക്കുകയായിരുന്നു ജയശങ്കര്‍. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ല. 1947-ല്‍ രൂപീകൃതമായതുമുതല്‍ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന്‍, വിനാശകരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നത് ബോധപൂര്‍വമായ ഈ നയം കാരണമാണെന്നാണ് വിശദീകരിച്ചത്.
ലോകത്ത് പല രാജ്യങ്ങളും അവരുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നു. എന്നാല്‍ ചിലര്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും തെരഞ്ഞെടുക്കുന്ന നയങ്ങള്‍ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു. പാകിസ്ഥാന്റെ ദുഷ്പ്രവൃത്തികള്‍ മറ്റുള്ളവരെയും ബാധിക്കുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. പാകിസ്ഥാന്റെ രാഷ്ട്രീയം ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് വളര്‍ത്തുമ്പോള്‍, അതിന്റെ ജിഡിപിയെ തീവ്രവാദത്തിന്റെ രൂപത്തിലുള്ള കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ അളക്കാന്‍ കഴിയൂവെന്നും അദ്ദേഹം പരിഹസിച്ചു. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദ നയം ഒരിക്കലും വിജയിക്കില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ച്ചയായും അനന്തരഫലങ്ങള്‍ ഉണ്ടാകും. തീവ്രവാദത്തോടുള്ള പാകിസ്ഥാന്റെ ദീര്‍ഘകാല ബന്ധം ഉപേക്ഷിക്കണമെന്നും ജയശങ്കര്‍ പറഞ്ഞു.
പാക്കിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ലോകത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും ഇത് അവരുടെ കര്‍മ്മം മാത്രമാണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. 'മറ്റുള്ളവരുടെ ഭൂമി മോഹിക്കുന്ന പ്രവര്‍ത്തന രഹിതമായ ഒരു രാഷ്ട്രം തുറന്നുകാട്ടപ്പെടണം, അതിനെ പ്രതിരോധിക്കണം', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്റെ പ്രധാനമന്ത്രി ഷെബാസ് ഷെരീഫ് കാശ്മീരിലെ സ്ഥിതിവിശേഷത്തെ ഫലസ്തീനുമായി താരതമ്യം ചെയ്തതിന് പിന്നാലെയാണ് ജയശങ്കര്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാക്കിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒരിക്കലും വിജയിക്കില്ലെന്ന് ശക്തമായ പ്രസംഗത്തില്‍ ജയശങ്കര്‍ പറഞ്ഞു, 'ഇന്നലെ ഈ ഫോറത്തില്‍ നിന്ന് ചില വിചിത്രമായ അവകാശവാദങ്ങള്‍ ഞങ്ങള്‍ കേട്ടു. ഇന്ത്യയുടെ നിലപാട് ഞാന്‍ വളരെ വ്യക്തമായി പറയട്ടെ. അതിര്‍ത്തി കടന്നുള്ള ഭീകരവാദമെന്ന പാകിസ്ഥാന്റെ നയം ഒരിക്കലും വിജയിക്കില്ല. അതിന് ശിക്ഷാവിധി പ്രതീക്ഷിക്കാനാവില്ല. നേരെമറിച്ച്, നടപടികള്‍ തീര്‍ച്ചയായും ഉണ്ടാകും. അനന്തരഫലങ്ങള്‍ ഉണ്ടാകും,' ജയശങ്കര്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
'ഞങ്ങള്‍ക്കിടയില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്‌നം പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഇന്ത്യന്‍ പ്രദേശം വിട്ടുനല്‍കുന്നതും തീവ്രവാദത്തോടുള്ള പാകിസ്ഥാന്റെ ദീര്‍ഘകാല ബന്ധം ഉപേക്ഷിക്കുന്നതും മാത്രമാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച യുഎന്‍ജിഎയില്‍ നടത്തിയ പ്രസംഗത്തില്‍ ജമ്മു കശ്മീരിലെ അവസ്ഥയെ ഫലസ്തീനുമായി താരതമ്യപ്പെടുത്തി ഷെരീഫ്, 'ജനങ്ങള്‍ അവരുടെ സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണ്ണയാവകാശത്തിനും വേണ്ടി ഒരു നൂറ്റാണ്ടായി പോരാടി' എന്ന് പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി പിന്‍വലിക്കാന്‍ അദ്ദേഹം ഇന്ത്യയോട് ആഹ്വാനം ചെയ്യുകയും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്കും കശ്മീരി ജനതയുടെ ആഗ്രഹങ്ങള്‍ക്കും അനുസൃതമായി ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 'ആസാദ് കശ്മീര്‍' എന്ന് പാകിസ്ഥാന്‍ വിശേഷിപ്പിക്കുന്ന നിയന്ത്രണരേഖ (എല്‍ഒസി) കടന്ന് ഇന്ത്യന്‍ നേതൃത്വം ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച്, പരസ്പര തന്ത്രപരമായ നിയന്ത്രണ സംവിധാനത്തിനുള്ള ഇസ്ലാമാബാദിന്റെ നിര്‍ദ്ദേശം ന്യൂഡല്‍ഹി നിരസിച്ചതായും പാകിസ്ഥാന്‍ പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇതിനാണ് ജയശങ്കര്‍ മറുപടി നല്‍കുന്നത്.
യുക്രൈനിലേയും ഗാസയിലേയും യുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള സമൂഹത്തിന് മുന്നറിയിപ്പും ഇന്ത്യ നല്‍കുന്നു. വലിയ തോതിലുള്ള ആക്രമണങ്ങള്‍ തുടരുമ്പോള്‍ എല്ലാം വിധിപോലെ വരട്ടെയെന്ന് പ്രത്യാശിക്കാന്‍ ലോകത്തിന് സാധിക്കില്ല. ഗാസ യുദ്ധം ഇതിനോടകം സങ്കീര്‍ണമായിത്തീര്‍ന്നിരിക്കുന്നു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് തിരിച്ചടിയായിരുന്നു ആദ്യഘട്ടത്തില്‍ ഇസ്രയേലിന്റെ പ്രത്യാക്രമണം. എന്നാല്‍, നിലവില്‍ ഹിസ്ബുള്ളയ്ക്കും ലെബനനും എതിരായും ഈ യുദ്ധം വ്യാപിച്ചിച്ച് മേഖലയ്ക്കുതന്നെ ഭീഷണിയാകുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. പ്രയാസകരമായ സാഹചര്യത്തില്‍ക്കൂടിയാണ് നാം കടന്നുപോകുന്നത്. കോവിഡ് മഹാമാരിയുടെ കെടുതിയില്‍നിന്ന് ലോകം ഇതുവരെ കരകയറിയിട്ടില്ല. യുക്രൈനിലെ യുദ്ധം ഇപ്പോള്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഗാസയിലെ സംഘര്‍ഷം വ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയാണ്.
'പല രാജ്യങ്ങളും അവരുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങള്‍ കാരണം പിന്തള്ളപ്പെടുന്നു, എന്നാല്‍ ചിലര്‍ വിനാശകരമായ പ്രത്യാഘാതങ്ങളോടെ ബോധപൂര്‍വമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നു. ഒരു പ്രധാന ഉദാഹരണം നമ്മുടെ അയല്‍വാസിയായ പാകിസ്ഥാനാണ്', എസ് ജയശങ്കര്‍ പറഞ്ഞു. 'നിര്‍ഭാഗ്യവശാല്‍, അവരുടെ ദുഷ്പ്രവൃത്തികള്‍ മറ്റുള്ളവരെയും ബാധിക്കുന്നു, പ്രത്യേകിച്ച് അയല്‍പക്കത്തെ. ഈ രാഷ്ട്രീയം അതിന്റെ ജനങ്ങള്‍ക്കിടയില്‍ അത്തരം മതഭ്രാന്ത് വളര്‍ത്തുമ്പോള്‍. അതിന്റെ ജിഡിപിയെ തീവ്രവാദത്തിന്റെ രൂപത്തിലുള്ള അതിന്റെ കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ മാത്രമേ അളക്കാന്‍ കഴിയൂ', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.