പുടിനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യക്കും പണി; ചൈനയ്ക്കും ഇന്ത്യക്കും എതിരെ 100 ശതമാനം താരിഫ് ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയനോട് ട്രംപ്; യുക്രെയിന്‍ യുദ്ധത്തിന് ഊര്‍ജ്ജം നല്‍കുന്നത് ഈ രണ്ടുരാജ്യങ്ങളെന്നും കുറ്റപ്പെടുത്തല്‍; മോദി-പുടിന്‍- ഷി ജിന്‍പിംഗ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമ്മര്‍ദ്ദം ശക്തമാക്കി ട്രംപ്

പുടിനെ പാഠം പഠിപ്പിക്കാന്‍ ഇന്ത്യക്കും പണി

Update: 2025-09-10 11:23 GMT

വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താന്‍ യൂറോപ്യന്‍ യൂണിയനോട് (EU) ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കമാണിത്. യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് ട്രംപ് ഈ ആവശ്യം ഉന്നയിച്ചത്.

യുക്രെയ്ന്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ റഷ്യയുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ എണ്ണ കയറ്റുമതിയുടെ പ്രധാന ഉപഭോക്താക്കളാണ് ഇന്ത്യയും ചൈനയും. റഷ്യയുടെ സാമ്പത്തിക മേഖലക്ക് ഊര്‍ജ്ജം നല്‍കുന്നത് ഈ രാജ്യങ്ങളാണെന്നും, എണ്ണ ഇടപാടുകളില്‍ റഷ്യ കനത്ത വില നല്‍കേണ്ടി വരുമെന്നും ട്രംപ് സൂചിപ്പിച്ചു. നേരത്തെ, യൂറോപ്പ് ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി റഷ്യയെ ആശ്രയിക്കുന്നതിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്റെ മൊത്തം വാതക ഇറക്കുമതിയുടെ 19 ശതമാനവും റഷ്യയാണ് വിതരണം ചെയ്തത്.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് നേരത്തെ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്നതിനാല്‍ ഇത് പിന്നീട് 50 ശതമാനമായി ഉയര്‍ത്തി. അതേസമയം, റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ചൈനയെങ്കിലും, അമേരിക്ക, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 30% നികുതി മാത്രമാണ് ഏര്‍പ്പെടുത്തിയത്. ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്‌ളാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവര്‍ ഒരുമിച്ചതോടെയാണ് ട്രംപ് ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ സമ്മര്‍ദ്ദം ശക്തമാക്കുന്നത്.

യുക്രെയ്ന്‍ വിഷയത്തില്‍ സമാധാനം കണ്ടെത്താനുള്ള ശ്രമങ്ങളില്‍ പുരോഗതിയില്ലാത്തതിലും റഷ്യയുടെ ആക്രമണങ്ങള്‍ തുടരുന്നതിലും വൈറ്റ് ഹൗസ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം, റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഇറക്കുമതിയുടെ മേല്‍ യുഎസ് തീരുവ ഇരട്ടിയാക്കിയിരുന്നു.

എന്നാല്‍, അടുത്തിടെ ട്രംപ് നിലപാട് മയപ്പെടുത്തിയിരുന്നു. ഇന്ത്യയും യുഎസ്എയും ഇരു രാജ്യങ്ങള്‍ക്കിടയിലെ വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും, പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളില്‍ സംസാരിക്കാന്‍ കാത്തിരിക്കുന്നതായും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Tags:    

Similar News